'നിങ്ങളാണ് രാജ്യത്തിന്റെ സമ്പത്ത്'; ഖത്തർ ദേശീയദിന മുദ്രാവാക്യം
ദോഹ: ഈ വർഷത്തെ ഖത്തർ ദേശീയദിനാഘോഷങ്ങളുടെ മുദ്രാവാക്യം പ്രഖ്യാപിച്ചു. 'നിങ്ങളാണ് രാജ്യത്തിന്റെ സമ്പത്ത്' എന്നതാണ് മുദ്രാവാക്യം. സാംസ്കാരിക മന്ത്രിയും ഖത്തർ ദേശീയദിനാഘോഷ സംഘാടക സമിതി അധ്യക്ഷനുമായ ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബൻ ഹമദ് ആൽഥാനിയാണ് മുദ്രാവാക്യം പുറത്തിറക്കിയത്. വിടപറഞ്ഞ മുൻ ഖത്തർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, ഇപ്പോഴത്തെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് അധികാരം കൈമാറിയ വേളയിൽ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിലെ വരികളിൽ നിന്നാണ് മുദ്രാവാക്യം സ്വീകരിച്ചിട്ടുള്ളത്.
"നിങ്ങളാണ് ഈ ജന്മനാടിന്റെ ശക്തിയും കരുത്തും; വർത്തമാനകാലത്തിന്റെ ശിൽപികളും ഭാവിയിലേക്കുള്ള ദീപശിഖാവാഹകരുമാണ്. നിങ്ങളിലാണ് ഈ രാജ്യത്തിന്റെ പ്രതീക്ഷ. നിങ്ങളുടെ ആത്മാർത്ഥതയും കൈവരിച്ച നേട്ടങ്ങളും രാജ്യത്തിന്റെ വളർച്ചക്ക് അനിവാര്യമാണെന്ന് തെളിയിച്ചു - പിതാവ് അമീറിന്റെ വാക്കുകളിൽ നിന്നാണ് ഖത്തർ ദേശീയദിന മുദ്രാവാക്യം പിറവിയെടുക്കുന്നത്. മാനവിക വികസനത്തിന് മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി നൽകിയ പ്രാധാന്യത്തെയും രാജ്യത്തിനായി അദ്ദേഹം നൽകിയ സംഭാവനകളെയും സ്മരിക്കുന്നതാണ് ഈ വർഷത്തെ ദേശീയദിനം.
ഒരു രാജ്യത്തിന്റെ യഥാർത്ഥ സമ്പത്ത് അതിന്റെ ജനങ്ങളാണെന്നും, നാടിന്റെ വളർച്ചക്കായി സമർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന പൗരന്മാരിലാണ് ഖത്തറിന്റെ ഭാവി കുടികൊള്ളുന്നതെന്നും മുദ്രാവാക്യം അടിവരയിടുന്നു. പ്രതികൂല സാഹചര്യങ്ങളെ ക്ഷമയോടെയും ഐക്യത്തോടെയും നേരിട്ട പൂർവ്വികരാണ് ഈ പാത വെട്ടിത്തുറന്നത്. ഈ പാരമ്പര്യത്തിൽ നിന്നാണ്, ആധുനികവും ശക്തവുമായ രാഷ്ട്രം കെട്ടിപ്പടുത്തത്. പൂർവികർ വെട്ടിത്തെളിച്ച പാതയിലൂടെ ഖത്തറിന്റെ വികസനവും പുരോഗതിയും കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ പുതിയ തലമുറയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് മുദ്രാവാക്യത്തിലൂടെ പിന്നിലുള്ളതെന്ന് ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബൻ ഹമദ് ആൽഥാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.