ലൈവ് കുക്കിങ്, മ്യുസിക്കിൽ നൈറ്റ്; ആവേശം നിറച്ച് ഖത്തർ ബിരിയാണി കുക്കിങ് ഫെസ്റ്റിവൽ
ദോഹ: ഖത്തറിലെ ഏറ്റവും വലിയ ബിരിയാണി പാചക മത്സരത്തിൽ കിരീടം ചൂടി കോഴിക്കോട് സ്വദേശിനി ധന്യ. ഗൾഫ് മാധ്യമവും മീ ഫ്രണ്ടും സംയുക്തമായി സംഘടിപ്പിച്ച ലുലു -ബ്രാഡ്മാസ് ദംദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ് സമാപന ചടങ്ങിൽ ആയിരകണക്കിന് സന്ദർശകരെ സാക്ഷിയാക്കി വിജയികളെ പ്രഖ്യാപിച്ചപ്പോൾ സദസ്സിൽ നിന്ന് ആരവങ്ങളുയർന്നു. കാസർകോട് സ്വദേശിനി നാജിയ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായപ്പോൾ, കോയമ്പത്തൂർ സ്വദേശി പ്രഭ സാലിയൻ സെക്കൻഡ് റണ്ണറപ്പ് സ്ഥാനം സ്വന്തമാക്കി. പ്രൗഢഗംഭീരമായ ചടങ്ങിൽ വിജയികൾക്ക് ഗോൾഡ് കോയിനുകളും ഗൃഹോപകരണങ്ങളും ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളും കൈമാറി.
വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരത്തിനൊടുവിൽ 10 പേരാണ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത്. വെകീട്ട് മൂന്നോടെ മത്സരാർഥികൾ എത്തിതുടങ്ങിയിരുന്നു. രജിസ്ട്രേഷനും മറ്റ് നടപടികൾക്കും ശേഷം മത്സരാർഥികൾ പാചകം ആരംഭിച്ചു. ബാംഗളൂരു സ്പെഷൽ ദോണ്ണെ, ഹൈദരാബാദി ബിരിയാണി മുതൽ മലയാളികൾക്കിടയിൽ പരിചിതമായ കാസർകോടൻ മംഗല ബിരിയാണി, തലശ്ശേരി, കോഴിക്കോടൻ ബിരിയാണികൾ വരെ മത്സരാർഥികൾ തത്സമയം പാചകം ചെയ്ത് അവതരിപ്പിച്ചു. മൂന്നു മണിക്കുറിനു ശേഷം രാത്രി ഒമ്പതോടെയാണ് മത്സരം സമാപിച്ചത്. മത്സരാർഥികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയും സദസ്സിനെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും ആദ്യാവസാനം വരെ രാജ് കലേഷ് നിറഞ്ഞുനിന്നു. തത്സമയ പാചകം നേരിട്ട് കാണാൻ സന്ദർശകർക്ക് സാധിച്ചു. രുചിയിലും പ്രസന്റേഷനിലും മത്സരാർഥികൾ മികവ് പുലർത്തിയപ്പോൾ വിജയികളെ കണ്ടെത്താൻ ജഡ്ജിങ് പാനൽ പ്രയാസപ്പെട്ടു.
പാചക വിദഗ്ധൻ രാജ് കലേഷിനു പുറമേ, ദോഹ നാഷണൽ ഫുഡ് ഇൻഡസ്ട്രീസ് ചീഫ് എക്സിക്യൂട്ടീവ് ഷെഫ് ഗൈത്ത് അൽ ദകാക്, ലുലു റീജണൽ ഷെഫ് രവിശങ്കർ തങ്കവേൽ, പാചകവിദഗ്ധൻ യു.കെ. നൗഷാദ് എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് വിധിനിർണയം നടത്തിയത്. ഷക്കീല, സൗദ അബ്ദുല്ല, സന ബാനു, ഉസൈറ, ഫൗസിയ കൗസർ, ജസീമ മുബഷിർ, റുക്സാന എന്നിവരായിരുന്നു മറ്റ് മത്സരാർത്ഥികൾ.
പരിപാടിയുടെ ഒടുക്കം വരെ കാണികളിൽ ഊർജ്ജവും ആവേശവും നിലനിർത്താൻ കല്ലുവിന്റെ അവതരണത്തിന് സാധിച്ചു. ഗായകൻ കണ്ണൂർ ഷെരീഫും ശ്വേതാ ആശോകും ചേർന്നൊരുക്കിയ സംഗീതരാവ് ഗ്രാൻഡ് ഫിനാലെ വേദിയെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ചു. മാപ്പിളപ്പാട്ടുകളും സിനിമാ ഗാനങ്ങളും പാടി സദസ്സിലേക്കിറങ്ങിച്ചെന്നും നൃത്തംവെച്ചും സംഗീത സാന്ദ്രമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ മ്യൂസിക്കൽ നൈറ്റ് സന്ദർശകർക്ക് അവിസ്മരണീയമായ ആഘോഷരാവൊരുക്കി. ബിരിയാണി രുചിയും പാട്ടും ആട്ടവുമായി ഖത്തർ ഇതുവരെ കാണാത്ത ആഘോഷരാവിനാണ് ഗൾഫ് മാധ്യമം വേദിയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.