ദോഹ: ഖത്തറിന്റെ മുൻ ഭരണാധികാരിയും പിതാവ് അമീറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താം. രാജ്യത്തെ പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രങ്ങളിൽ ഖത്തർ മ്യൂസിയംസ് അനുശോചന പുസ്തകം തുറന്നു. പിതാവ് അമീറിനോടുള്ള ആദരവും സ്മരണകളും നന്ദിയും രേഖപ്പെടുത്താൻ ഇതിലൂടെ രാജ്യത്തെ സ്വദേശികൾക്കും താമസക്കാർക്കും സന്ദർശകർക്കും അവസരമൊരുക്കിയിട്ടുണ്ട്.
മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്, നാഷണൽ മ്യൂസിയം ഓഫ് ഖത്തർ, മതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം എന്നിവിടങ്ങളിലാണ് അനുശോചന പുസ്തകം സജ്ജീകരിച്ചിരിക്കുന്നത്. സംസ്കാരം, വിദ്യാഭ്യാസം, വികസനം എന്നിവയിലൂടെ ഖത്തറിനെ ആഗോളതലത്തിൽ ശ്രദ്ധേയമായ രാജ്യമാക്കി മാറ്റിയ മുൻ അമീറിന്റെ അസാധാരണമായ ജീവിതത്തെയും ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തെയും പൊതുജനങ്ങൾക്ക് സ്മരിക്കാനുള്ള വേദിയാണിത്. മ്യൂസിയങ്ങളുടെ പതിവ് സന്ദർശന സമയങ്ങളിൽ പൊതുജനങ്ങൾക്ക് ഇവിടെയെത്തി അനുശോചന പുസ്തകത്തിൽ രേഖപ്പെടുത്താം. സംസ്കാരം, ദേശീയ പൈതൃകം, മാനവ വികസനം എന്നിവക്ക് ഊന്നൽ നൽകി ആധുനിക ഖത്തറിന്റെ അടിത്തറ പാകിയ മഹാനായ ഭരണാധികാരിയുടെ പാരമ്പര്യം വരുംതലമുറകൾക്കും പ്രചോദനമാണെന്ന് ഖത്തർ മ്യൂസിയംസ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.