ഹൂതി ആക്രമണം മേഖലയിലെ സുരക്ഷക്ക് ഭീഷണി

ദോഹ: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹൂതി വിമതർ നടത്തിയ ആക്രമണം മേഖലയിലെ സുരക്ഷക്ക് ഭീഷണിയാണെന്ന് ഖത്തർ. ആക്രമണത്തിൽ ശക്തമായി അപലപിച്ച വിദേശകാര്യ മന്ത്രാലയം, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കാൻ ഇടയാക്കിയ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

അബഹ, ഖമിസ് മുശൈത്, ജീസാൻ, നജ്‌റാൻ എന്നിവിടങ്ങളിൽ സിവിലിയന്മാർ താമസിക്കുന്ന മേഖലകളെയും സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ ആക്രമണം. ചെങ്കടലിൽ സമുദ്ര ഗതാഗത സുരക്ഷക്ക് ഭീഷണിയുയർത്തി വാണിജ്യ കപ്പലുകൾക്ക് നേരെ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെയും പ്രസ്താവനയിൽ അപലപിച്ചു.

നിരപരാധികളായ പൗരന്മാരുടെയും മേഖലയുടെ സുരക്ഷയെയും വിലമതിക്കാതെയുള്ള ആക്രമണങ്ങൾ, സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സമൂഹം വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.

യെമനുമായി ബന്ധപ്പെട്ട യു.എൻ രക്ഷാസമിതിയുടെ 2216ാം നമ്പർ പ്രമേയവും, ചെങ്കടലിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന 2722ാം നമ്പർ പ്രമേയവും നടപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

യു.എൻ സമുദ്രനിയമ കരാർ പ്രകാരം അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണം. സൗദിയുടെ സുരക്ഷ ഖത്തറിന്റെയും ജി.സി.സി രാജ്യങ്ങളുടെ പൊതുവായ സുരക്ഷയുടെ ഭാഗമാണ്. സൗദി അറേബ്യയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ കൈക്കൊള്ളുന്ന എല്ലാ നിയമപരമായ നടപടികൾക്കും പൂർണ്ണ പിന്തുണയും ഖത്തർ ഉറപ്പുനൽകി.

Tags:    
News Summary - Houthi attacks are a threat to regional security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.