ഖത്തർ മ്യൂസിയം
ദോഹ: കലയും പൈതൃകവും ഒന്നിപ്പിച്ച് രാജ്യത്തുടനീളമുള്ള പ്രേക്ഷകർക്കായി ഖത്തർ മ്യൂസിയംസ് രൂപകൽപന ചെയ്ത എ.ഐ ആർട്ട് ടൂറിന് തുടക്കം. കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായി സഹകരിച്ച് വികസിപ്പിച്ച പദ്ധതി ഡിജിറ്റൽ അജണ്ട 2030 ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നവയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഈ പരിപാടി ഖത്തറിന്റെ കലാ-സാംസ്കാരിക പൈതൃകം കൂടുതൽ ആളുകളിലേക്കെത്തിക്കാൻ ലക്ഷ്യമിടുന്നു. ഖത്തിലെ മ്യൂസിയങ്ങൾ, പൊതുസ്ഥാപനങ്ങൾ, ചരിത്രസ്ഥലങ്ങൾ എന്നിവ എ.ഐ ആർട്ടിലൂടെ ജനങ്ങൾക്ക് ആസ്വദിക്കാം.
ഖത്തറിന്റെ മ്യൂസിയങ്ങൾ, പൊതുസ്ഥാപനങ്ങൾ, ചരിത്രസ്ഥലങ്ങൾ എന്നിവ എ.ഐ ആർട്ട് ടൂറിലൂടെ സന്ദർശകർക്ക് പുതിയ രീതിയിൽ ആസ്വദിക്കാം. സന്ദർശകർ ആദ്യം എ.ഐ ആർട്ട് സ്പെഷലിസ്റ്റുമായി തങ്ങളുടെ താൽപര്യങ്ങളും ആഗ്രഹങ്ങളും പങ്കുവെക്കുന്നു. പിന്നീട്, ഈ നിർദേശങ്ങളെ അടിസ്ഥനമാക്കി എ.ഐ ഒരു വ്യക്തിഗത മാർഗരേഖ ഒരുക്കും. ഇങ്ങനെ, ദോഹയിലുടനീളമുള്ള മ്യൂസിയങ്ങൾ, പൊതുസ്ഥാപനങ്ങൾ, ചരിത്രസ്ഥലങ്ങൾ എന്നിവ ഉൾപ്പെടുത്തി ഉപഭോക്താവിന്റെ താൽപര്യങ്ങൾക്ക് അനുയോജ്യമായ യാത്രാപാത എ.ഐ ഒരുക്കുന്നു. ഈ സംരംഭം പാരമ്പര്യവും നവീകരണത്തെയും ഒത്തുചേർക്കുന്ന, ഞങ്ങളുടെ ദീർഘകാല ദൗത്യത്തെ പ്രതിഫലിപ്പിക്കുന്നെന്ന് ഖത്തർ മ്യൂസിയംസ് സി.ഇ.ഒ മുഹമ്മദ് അൽ റുമൈഹി പറഞ്ഞു.
എ.ഐ ഉപയോഗിച്ച് ഖത്തറിലെ വൈവിധ്യമാർന്ന കലാ-പാരമ്പര്യം കൂടുതൽ പ്രേക്ഷകരിലേക്കെത്തിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. യാത്രയിലുടനീളം, എ.ഐ ആർട്ട് സ്പെഷലിസ്റ്റ് സന്ദർശകന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകും. ആവശ്യമായ വിശദീകരണങ്ങളും നിർദേശങ്ങളും നൽകുന്നതിലൂടെ യാത്ര സംവേദനാത്മക അനുഭവമായി സന്ദർശകന് അനുഭവപ്പെടുന്നു. ഖത്തറിലെ കലാ-സാംസ്കാരിക -ചരിത്ര പാരമ്പര്യം കണ്ടെത്താനും അനുഭവിക്കാനും തദ്ദേശീയ -അന്താരാഷ്ട്ര സന്ദർശകർക്ക് ഇതിലൂടെ അവസരമൊരുക്കുന്നു.
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ സർക്കാർ, അർധ സർക്കാർ മേഖലകളിൽ എ.ഐ അധിഷ്ഠിത സേവനങ്ങൾ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ ഡിജിറ്റൽ വ്യവസായ കാര്യ അസി. അണ്ടർ സെക്രട്ടറി റീം അൽ മൻസൂറി ചടങ്ങിൽ പറഞ്ഞു. ഖത്തർ മ്യൂസിയംസ് 20ാം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിലാണ് എ.ഐ ആർട്ട് ടൂർ നടപ്പാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഖത്തറിന്റെ സാംസ്കാരിക രംഗത്തെ ആഗോള തലത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ‘എവല്യൂഷൻ നേഷൻ’ എന്ന 18 മാസം നീളുന്ന ആഘോഷങ്ങളുടെ ഭാഗമായാണിത് നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.