ദോഹ: ഗതാഗത മന്ത്രാലയത്തിനു കീഴിലെ സമുദ്രഗതാഗതവുമായി ബന്ധപ്പെട്ട സേവനങ്ങളും വിവരങ്ങളുമായി ‘ദർബ്’ മൊബൈൽ ആപ് പുറത്തിറക്കി. മന്ത്രാലയത്തിനു കീഴിലെ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ നടപടികളുടെ തുടർച്ചയായാണ് പുതിയ ചുവടുവെപ്പ്.
സമുദ്ര ഗതാഗതകാര്യങ്ങളുമായി ബന്ധപ്പെട്ട, പ്രത്യേകിച്ചും ചെറുബോട്ടുകളുടെയും മറ്റും സേവനങ്ങളുടെ പാക്കേജാണ് നിലവിൽ ദർബ് നൽകുന്നത്. ഉപഭോക്താക്കൾക്ക് പുതിയ ജെറ്റ് സ്‌കീ അല്ലെങ്കിൽ ചെറുബോട്ട് തുടങ്ങിയവ ഇനി മുതൽ ദർബ് വഴി രജിസ്റ്റർ ചെയ്യാം.
ലൈസൻസ് പുതുക്കാനും, അതിൽ ഭേദഗതി ചെയ്യാനും നഷ്ടപ്പെട്ടതോ കേടുപാട് സംഭവിച്ചതോ ആയ ലൈസൻസിന് പകരം പുതിയതിന് അപേക്ഷ നൽകാനും ദർബിലൂടെ സാധിക്കും. കൂടാതെ ചെറിയ ക്രാഫ്റ്റുകളുടെ ഉടമവസ്ഥാവകാശം പുനർനിർണയിക്കുന്നതിനും ദർബിൽ സേവനം സജ്ജമാക്കിയിട്ടുണ്ട്.
ചെറിയ ക്രാഫ്റ്റുകളുടെ മോർട്ട്‌ഗേജ് സേവനത്തിനും, റിലീസ് സേവനത്തിനും ഉടമസ്ഥാവകാശം പരിഷ്‌കരിക്കുന്നതിനും സ്മാർട്ട് ആപ്പായ ദർബ് വഴി അപേക്ഷിക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് ആപ് വഴി അവരുടെ അപേക്ഷയിലെ അപ്‌ഡേറ്റുകൾ ലഭ്യമാക്കുന്നതിനുള്ള അറിയിപ്പ് സംവിധാനവും ദർബിലുണ്ട്. പുതിയ ആപ് നിലവിൽ വന്നതോടെ ഗുണഭോക്താക്കൾക്ക് അവരുടെ സൗകര്യാർഥം സേവനങ്ങൾക്കായി അപേക്ഷിക്കുന്നതിലൂടെ സമയവും അധ്വാനവും ലാഭിക്കുകയും ചെയ്യാം. ഉടൻ തന്നെ മറ്റു സേവനങ്ങൾ കൂടി ദർബിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.