ദോഹ: പാശ്ചാത്യ ലോകത്ത് ഏറ്റവും സ്വാധീനം നേടിയ രാജ്യമാണ് ഖത്തറെന്ന് അറബ് ലീഗ് മുൻ സെക്രട്ടറി ജനറലും ഈജിപ്ത് മുൻവിദേശകാര്യ മന്ത്രിയുമായ അംറ് മൂസ. പാശ്ചാത്യ രാജ്യ ഭരണാധികാരികളുമായി അഭിമുഖത്തിന് സമയം ആവശ്യപ്പെട്ടാൽ മറ്റേത് രാജ്യങ്ങളേക്കാൾ ആദ്യം അനുമതി ലഭിക്കുക ഖത്തറിനാണെന്നും അംറ് മൂസ് അഭിപ്രായപ്പെട്ടു. അത്രക്കധികം സ്വാധീനമാണ് ഈ രാജ്യങ്ങളിൽ ഖത്തറിനുള്ളത്. അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന നിക്ഷേപം നടത്തിയ രാജ്യമാണ് ഖത്തർ. തങ്ങളുടെ സമ്പത്തിനെ ഇത്രയധികം സൂക്ഷ്മവും തന്ത്രപരവുമായി ഉപയോഗിച്ച രാജ്യങ്ങൾ കുറവാണെന്നും ഈജിപ്ത് ടെലിവിഷൻ നൽകിയ അഭിമുഖത്തിൽ അംഹ് മൂസ പറഞ്ഞു. അമേരിക്കയിലും ഫ്രാൻസിലും ബ്രിട്ടനിലും ഖത്തർ എംബസി പ്രവർത്തിക്കുന്നത് ഏറ്റവും വിലകൂടിയ പ്രദേശങ്ങളിലാണ്.
ലണ്ടനിലും പാരീസിലും അമേരിക്കയിലുമെല്ലാം ഖത്തറിനുള്ള ആസ്തി ഭീമമാണെന്നും അംറ് മൂസ വ്യക്തമാക്കി. അത് കൊണ്ട് തന്നെ ഈ രാജ്യങ്ങളുമായെല്ലാം വളരെ അടുത്ത ബന്ധം സ്ഥാപിക്കാൻ ഖത്തറിന് സാധിച്ചതായും അംറ് മൂസ അഭിപ്രായപ്പെട്ടു. ഖത്തർ അമീറോ പ്രധാനമന്ത്രിയോ അഭിമുഖം ആവശ്യപ്പെട്ടാൽ കാലതാമസമില്ലാതെ തന്നെ സമയം അനുദിക്കുന്നത് പരസ്പരമുള്ള ബന്ധത്തിെൻറ ആഴം കൊണ്ടാണെന്നും അറബ് ലീഗ് മുൻ സെക്രട്ടറി ജനറൽ വ്യക്തമാക്കി. ഖത്തറിനെതിരിൽ എന്തെങ്കിലും പറയിപ്പാൻ ടെലിവിഷൻ അവതാരകൻ ഏറെ ശ്രമിച്ചെിങ്കിലും അംറ് മൂസ സ്വീകരിച്ച നിലപാട് ഖത്തറിന് അനുകൂലമായിരുന്നുവെന്നത് ശ്രദ്ധേയമാണ്. അന്താരാഷ്ട്ര തലത്തിൽ ഖത്തർ വലിയ തോതിൽ അംഗീകാരം നേടിക്കഴിഞ്ഞിരിക്കുന്നു.
ചെറിയൊരു രാഷ്ട്രമായിരുന്നിട്ട് കൂടി ഈജിപ്തിനേക്കാൾ സ്വീകാര്യത ഖത്തറിന് ലഭിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് രാജ്യത്തിെൻറ വിവേകത്തോടു കൂടിയുള്ള ഇടപെടലും നിക്ഷേപ താൽപര്യവും തന്നെയാണ് ഇതിന് പിന്നിലെന്ന് അംറ് മൂസ വ്യക്തമാക്കി. നിരവധി രാജ്യങ്ങളിൽ ഖത്തർ നടത്തിയ സാമ്പത്തിക നിക്ഷേപം ആ രാജ്യങ്ങളെ ഖത്തറുമായി നല്ല ബന്ധം സ്ഥാപിക്കാൻ സഹായിച്ചിട്ടുണ്ട്. പാശ്ചാത്യൻ സമൂഹങ്ങളിൽ വലിയ സ്വാധീനമാണ് ഖത്തറിനുള്ളതെന്ന കാര്യം വിസ്മരിച്ചിട്ട് കാര്യമില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. അൽജസീറ ചാനൽ ആഗോള തലത്തിൽ ചെലുത്തിയ സ്വാധീനവും അവഗണിക്കാൻ കഴിയുന്നതല്ല. തുണീഷ്യയിൽ തുടക്കമിട്ട അറബ് വസന്തത്തിെൻറ അലയൊലി ഈജിപ്തിലടക്കം ആഞ്ഞടിച്ചതിലും അൽജസീറയുടെ സ്വധീനമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.