ഖത്തറിലെ പ്രധാന സന്ദർശക കേന്ദ്രമായ സൂഖ് വാഖിഫ്
ദോഹ: ലോകകപ്പ് ഫുട്ബാളിന് കൊടിയിറങ്ങിയതിനു പിന്നാലെ ഖത്തറിന്റെ ടൂറിസം മേഖല റോക്കറ്റ് വേഗത്തിൽ കുതിച്ചതായി ഖത്തർ ടൂറിസം റിപ്പോർട്ട്. ജനുവരി മുതൽ ആഗസ്റ്റ് അവസാനം വരെയുള്ള കണക്കുകൾ പ്രകാരം മുൻ വർഷത്തെ അപേക്ഷിച്ച് 157 ശതമാനമാണ് സന്ദർശക പ്രവാഹമെന്ന് ഖത്തർ ടൂറിസം അറിയിച്ചു. ലോകകപ്പ് ഫുട്ബാളിനു ശേഷം, വിവിധ മേഖലയിലായി രാജ്യം പിന്തുടരുന്ന പാരമ്പര്യത്തിന്റെ തുടർച്ചയായാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശക പ്രവാഹത്തെ വിശേഷിപ്പിക്കുന്നത്. എട്ടു മാസത്തിനുള്ളിലായി 25.6 ലക്ഷം പേർ സന്ദർശകരായി എത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ സർവകാല റെക്കോഡ് കൂടിയാണിത്.
ഫിഫ ലോകകപ്പിെൻറ വിജയകരമായ ആതിഥേയത്വത്തിലൂടെ അന്താരാഷ്ട്ര സമൂഹത്തെ ഏറെ സ്വാധീനിച്ച പ്രമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെആഗോള സ്ഥാനം ഉയരുന്നതായി ഏറ്റവും പുതിയ നേട്ടം സാക്ഷ്യപ്പെടുത്തുന്നുവെന്ന് ഖത്തർ ടൂറിസം വാർത്തക്കുറിപ്പിൽ അറിയിച്ചു. ലോകകപ്പിനു പിന്നാലെ ഹയാ കാർഡ് ഉടമകൾക്കും, വിദേശകാണികളായ ഹയാകാർഡുകാർട്ട് മൂന്നുപേരെ അധികമായും ഖത്തറിൽ എത്തിക്കാമെന്ന വാഗ്ദാനം സഞ്ചാരികളുടെ വരവിനെ തുണച്ചു. ഇതിനു പുറമെ, ഖത്തർടൂറിസം പ്രഖ്യാപിച്ച ഹയാ വിസിറ്റ് വിസ പദ്ധതിയും ഏറെ ആകർഷകമായിരുന്നു.
അയൽ രാജ്യമായ സൗദിയിൽ നിന്നാണ് ഈ വർഷം ഏറ്റവും കൂടുതൽ സന്ദർശകർ ഖത്തറിലെത്തിയത്. ഇന്ത്യക്കാരാണ് രണ്ടാം സ്ഥാനത്ത്. പ്രവാസികളായ ഇന്ത്യക്കാർ തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഹയാ വഴി ഖത്തറിൽ എത്തിച്ചത് സന്ദർശകരുടെ എണ്ണത്തെ കാര്യമായി സ്വാധീനിച്ചു. ലോകത്തെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമാക്കി ഖത്തറിനെ മാറ്റാനുള്ള ക്യൂ.ടിയുടെ പദ്ധതികളുടെ വിജയവും സ്വീകാര്യതയുമാണ് സന്ദർശകരുടെ വർധനവ് കാണിക്കുന്നതെന്ന് ക്യൂ.ടി ചെയർമാനും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒയുമായി അക്ബർ അൽ ബാകിർ പറഞ്ഞു.
സഞ്ചാരികളെ ആകർഷിക്കുന്നതിനായി കഴിഞ്ഞ ഏതാനും മാസങ്ങളായി വിപുലമായ പദ്ധതികളാണ് ഖത്തർടൂറിസം നടപ്പാക്കുന്നത്. ലോകകപ്പിനു പിന്നാലെ പ്രഖ്യാപിച്ച ‘ഫീൽ മോർ ഇൻ ഖത്തർ’ േഗ്ലാബൽ കാമ്പയിൻ ഏറെ ആഗോള പ്രശംസ പിടിച്ചു പറ്റി. കുടുംബ സന്ദർശകരെയും കേന്ദ്രീകരിച്ചുള്ള പ്രചാരണം മിഡിൽ ഈസ്റ്റിലെയും യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളിലെയും സന്ദർശകരെയും ആകർഷിച്ചു. ഫീൽ വിന്റർ ഇൻ ഖത്തർ, ഫീൽ ഈദ് ഇൻ ഖത്തർ എന്നീ കാമ്പയിനുകളും വിവിധ സീസണുകളിൽ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളായിരുന്നു.
കൂടാതെ, ദേശീയ എയർലൈൻ, അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ വിമാനത്താവളം, പുതിയ ഗതാഗത സംവിധാനം, പ്രാദേശിക- അന്തർദേശീയ ട്രാവൽ ഫെയറുകളിലെ കോൺഫറൻസ് വേദികളുടെ സ്യൂട്ട് എന്നിവ ഉൾപ്പെടുന്ന രാജ്യത്തിന്റെ പ്രധാന ആസ്തികൾ പ്രദർശിപ്പിച്ചുകൊണ്ട് ക്യൂ.ടി ബിസിനസ് ടൂറിസം മേഖലയിലേക്കും പ്രവേശിച്ചു. ലോകശ്രദ്ധയാകർഷിച്ച സമ്മേളനങ്ങളും, പ്രദർശനങ്ങളും ബി.ടു. ബി സംഗമങ്ങളുമെല്ലാം അതിൽ ശ്രദ്ധേയമായിരുന്നു. ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ, ഡെസ്റ്റിനേഷൻ പ്ലാനേഴ്സ് കോൺഗ്രസ് തുടങ്ങിയവയിലും നിരവധി വ്യാപാര പ്രമുഖരായ സന്ദർശകരെത്തി. കഴിഞ്ഞ ഏപ്രിലിൽ സമാപിച്ച ക്രൂസ് സീസണിലൂടെയും വിനോദ സഞ്ചാര മേഖല കൂടുതൽ സജീവമായി. കോസ്റ്റ് ടോസ്കാന, ഐയ്ഡ കോസ്മ, എമറാൾഡ് അസുറ എന്നീ കപ്പലുകൾ ആദ്യമായി കഴിഞ്ഞ സീസണിലാണ് ദോഹ തീരത്ത് എത്തിയത്. ഫ്രീസ്റ്റൈൽ കൈറ്റ് വേൾഡ് കപ്പ്, അന്താരാഷ്ട്ര ഭക്ഷ്യ മേള തുടങ്ങിയവയും നിർണായകമായി. ഒക്ടോബറിൽ ഫോർമുല വൺ ചാമ്പ്യൻഷിപ്പ്, ദോഹ എക്സ്പോ, മോട്ടോ ജി.പി, ജനീവ ഇൻറർനാഷനൽ മോർട്ടോർ ഷോ തുടങ്ങിയ മഹാ മേളകൾക്കും ഖത്തർ ആതിഥേയരാവാൻ ഒരുങ്ങുകയാണ്.
2022 ഡിസംബറിൽ ലോകകപ്പ് സമാപിച്ചതിനു പിന്നാലെ പുറത്തുവിട്ട കണക്കു പ്രകാരം 25.60 ലക്ഷമായിരുന്നു ഒരു വർഷത്തെ ആകെ സന്ദർശകരുെട എണ്ണം. കഴിഞ്ഞ വർഷം ആഗസ്റ്റു വരെ ഇത് 10.24 ലക്ഷം മാത്രമായിരുന്നു സന്ദർശകർ. എന്നാൽ, ഈ വർഷം എട്ടു മാസത്തിനുള്ളിൽ മുൻ വർഷത്തെ ആകെ സഞ്ചാരികളെയും കടത്തിവെട്ടി 25.63 ലക്ഷമായി ഉയർന്നു. നാലു മാസം ശേഷിക്കെയാണ് ഈ കണക്ക്.
ലോകകപ്പിന്റെ നവംബർ ഡിസംബർ മാസങ്ങളിലായി 14 ലക്ഷം പേർ എത്തിയതിനാലാണ് സന്ദർശക എണ്ണം 25 ലക്ഷത്തിലേക്ക് ഉയർന്നത്.
അയൽ രാജ്യമായ സൗദി അറേബ്യയാണ് സന്ദർശക പട്ടികയിൽ ഏറ്റവും മുന്നിലുള്ളത്. അബുസംറ അതിർത്തി കടന്ന് റോഡുമാർഗമുള്ള സൗദി യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയാണുള്ളത്.
1. സൗദി അറേബ്യ 2. ഇന്ത്യ, 3. ജർമനി, 4. അമേരിക്ക, 5. കുവൈത്ത്, 6. ഒമാൻ, 7. ബഹ്റൈൻ, 8. ബ്രിട്ടൻ, 9. യു.എ.ഇ, 10. പാകിസ്താൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.