ഖത്തറിൽ ഹജ്ജ് തീർഥാടനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
ദോഹ: ഖത്തറിൽ ഹജ്ജ് തീർത്ഥാടനത്തിന് തയാറെടുക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഔദ്യോഗിക ഹജ്ജ് പോർട്ടലായ hajj.gov.qa വഴി ഒക്ടോബർ 20 വരെ അപേക്ഷകൾ സമർപ്പിക്കാമെന്ന് ഇസ് ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് ഹജ്ജ് -ഉംറ കാര്യ വകുപ്പ് അറിയിച്ചു. അടുത്ത ഹജ്ജ് സീസണിലേക്കുള്ള സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും അംഗീകൃത ഹജ്ജ് ഏജൻസികൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിനും വേണ്ടിയാണ് മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുന്നത്. വരാനിരിക്കുന്ന ഹജ്ജ് സീസണിലേക്ക് ഖത്തറിനായി 4,400 പേരുടെ ക്വോട്ടയാണ് അനുവദിച്ചിരിക്കുന്നത്.
ഖത്തരി പൗരന്മാരായ അപേക്ഷകർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. അപേക്ഷയിൽ പരമാവധി മൂന്ന് പേരെ ഉൾപ്പെടുത്താം. രാജ്യത്തെ താമസക്കാർക്കും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്കും ഹജ്ജ് രജിസ്ട്രേഷന് അപേക്ഷിക്കാം. കുറഞ്ഞത് 45 വയസ്സ് പ്രായമുള്ളവരും മുമ്പ് ഹജ്ജ് നിർവഹിച്ചിട്ടില്ലാത്തവരുമായിരിക്കണം. കൂടാതെ, 15 വർഷമായി തുടർച്ചയായി ഖത്തറിൽ താമസിക്കുന്നവരുമായിരിക്കണം. ഇവർക്ക് കൂടെ ഒരാളെ അനുഗാമിയായി ചേർക്കാം. കൂടെയുള്ളവരുടെ വിവരങ്ങൾ പ്രാഥമിക രജിസ്ട്രേഷൻ സമയത്ത് തന്നെ അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടതാണ്. രജിസ്ട്രേഷൻ കാലാവധി പൂർത്തിയാകുന്നതോടെ ഓൺലൈൻ പരിശോധനയിലൂടെ തിരഞ്ഞെടുപ്പ് ആരംഭിക്കും.
രജിസ്ട്രേഷൻ പ്രക്രിയകൾ എളുപ്പമാക്കുന്നതിനായി ഇലക്ട്രോണിക് സംവിധാനങ്ങളും പേയ്‌മെന്റ് രീതികളും പരിഷ്കരിച്ചിട്ടുണ്ട്. അപേക്ഷകളുടെ പരിശോധനക്ക് ശേഷം ഒക്ടോബർ അവസാനത്തോടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് എസ്.എം.എസ് വഴി അറിയിപ്പ് ലഭിക്കും.
സൗദി ഹജ്ജ് -ഉംറ മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്ക് അനുസൃതമായി അപേക്ഷകർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. ഖത്തറിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്. പരിശോധനാ ഫലങ്ങൾ ഓൺലൈൻ വഴി നേരിട്ട് രജിസ്ട്രേഷൻ സിസ്റ്റവുമായി ബന്ധിപ്പിക്കുന്നതാണ്. സംശയങ്ങൾക്കും മറ്റ് വിവരങ്ങൾക്കുമായി വകുപ്പിന്റെ 132 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.