വിമാന ഇന്ധനവില വർധന; അധികഭാരം യാത്രക്കാരിൽ അടിച്ചേൽപിക്കില്ലെന്ന് ഖത്തർ എയർവേസ്

ദോഹ: അന്താരാഷ്ട്ര വിപണിയിൽ വിമാന ഇന്ധന വിലയിൽ വൻ വർധനവുണ്ടായിട്ടുണ്ടെന്നും വർധിച്ച പ്രവർത്തനച്ചെലവ് തൽക്കാലം യാത്രക്കാരിലേക്ക് അടിച്ചേൽപ്പിക്കില്ലെന്നും ഖത്തർ എയർവേസ് ഗ്രൂപ്പ് സി.ഇ.ഒ ഹമദ് അലി അൽ ഖാതിർ. ന്യൂയോർക്കിൽ നടക്കുന്ന ഇക്കണോമിക് ഫോറത്തിനിടെ ബ്ലൂംബെർഗ് ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സംഘർഷത്തിനു പിന്നാലെ ഫെബ്രുവരി 28ന് ശേഷമുള്ള കണക്കുകൾ പ്രകാരം വിമാന ഇന്ധനവിലയിൽ ഏകദേശം 90 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ ബാരലിന് 182 ഡോളർ എന്ന നിരക്കിലാണ് വിമാന ഇന്ധന വ്യാപാരം നടക്കുന്നത്. ഇന്ധന ഉപഭോഗം കാര്യക്ഷമമാക്കുന്നതിനും ചെലവ് ചുരുക്കുന്നതിനുമായി പ്രത്യേക സംഘം കമ്പനിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും, അതിനാൽ ഈ ഘട്ടത്തിൽ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ച് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിലെ നിലവിലെ സാഹചര്യങ്ങളെയും പ്രതിസന്ധികളെയും നേരിടാൻ സർവിസുകളിൽ കൃത്യമായ ആസൂത്രണം നടത്തുന്നുണ്ട്. കൂടുതൽ ലാഭകരമായ റൂട്ടുകളിലെ സർവിസുകൾ ഇരട്ടിയാക്കാനും, ലാഭം കുറഞ്ഞ സർവിസുകൾ താൽക്കാലികമായി നിർത്തലാക്കാനുമാണ് തീരുമാനം. ഡിമാൻഡ് പുനഃസ്ഥാപിക്കപ്പെടുന്നതുവരെയാണ് ഇത്തരം സർവിസുകൾ നിർത്തിവെക്കുക. ഭൂരാഷ്ട്രീയ പിരിമുറുക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. സമീപ മാസങ്ങളിൽ 75 ശതമാനം യാത്രാ ടിക്കറ്റുകളും യാത്രക്ക് 60 ദിവസത്തിനുള്ളിലാണ് ബുക്ക് ചെയ്യപ്പെടുന്നത്.

വൈകിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതെങ്കിലും ഡിമാൻഡ് ശക്തമായി തുടരുന്നുണ്ട്. ഉടൻ തന്നെ സർവിസുകൾ 170-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2025 ഡിസംബറിൽ ഗ്രൂപ്പ് സി.ഇ.ഒ ആയി ചുമതലയേറ്റ ശേഷം എയർലൈൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിതെന്ന് ഹമദ് അലി അൽ ഖാതിർ പറഞ്ഞു. എങ്കിലും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും കമ്പനിയുടെ തിരിച്ചുവരവിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - Qatar Airways Will Not Pass Jet Fuel Price Burden Onto Passengers: Group CEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.