എൻജിനീയേഴ്‌സ് ഡേ ആഘോഷ പരിപാടിയിൽ എൻജിനീയേഴ്‌സ് ഫോറം ഖത്തറിന്റെ വിവിധ സംരംഭങ്ങൾ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി തുടക്കം കുറിക്കുന്നു

എൻജിനീയേഴ്‌സ് ഡേ -2026 ആഘോഷം സംഘടിപ്പിച്ച് എൻജിനീയേഴ്‌സ് ഫോറം ഖത്തർ

ദോഹ: എൻജിനീയേഴ്‌സ് ഫോറം ഖത്തറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എൻജിനീയേഴ്‌സ് ഡേ 2026 ആഘോഷം ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൻജിനീയേഴ്‌സ് ഫോറം ഖത്തറിന്റെ മൂന്ന് സുപ്രധാന സംരംഭങ്ങൾക്കും അദ്ദേഹം തുടക്കം കുറിച്ചു. ഫോറത്തിലെ ബിസിനസ് ഉടമകളെയും വിവിധ മേഖലകളിലെ പ്രൊഫഷണലുകളെയും പരസ്പരം ബന്ധിപ്പിക്കുകയും അവരുടെ ബിസിനസ്- പ്രൊഫഷണൽ വളർച്ചക്ക് പിന്തുണ നൽകുകയും ചെയ്യുന്ന ഇ.എഫ് ബിസിനസ് നെറ്റ് വർക്കിന് തുടക്കമിട്ടു.

എൻജിനീയേഴ്‌സ് ഫോറം ഖത്തറിന്റെ 25ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ‘ഇ.എഫ് ഇലവേറ്റ്’ എന്ന സംരംഭത്തിലൂടെ പ്രൊഫഷണൽ, സാംസ്കാരിക, സാങ്കേതിക, സാമൂഹിക മേഖലകളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. കൂടാതെ, അംഗങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സംഘടനയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും ഡിജിറ്റൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുമായി രൂപകൽപ്പന ചെയ്ത ഇ.എഫ് ഡിജിറ്റൈസേഷൻ പ്ലാറ്റ്ഫോമിനും ചടങ്ങിൽ തുടക്കം കുറിച്ചു.

എൻജിനിയേഴ്‌സ് ഫോറം ഖത്തർ ജനറൽ സെക്രട്ടറി നിധിൻ ഒതേനി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എൻജിനീയർ അഷിഖ് അഹമ്മദ് അധ്യക്ഷ പ്രസംഗത്തിൽ ഫോറത്തിന്റെ 25 വർഷത്തെ പ്രവർത്തനയാത്രയും എൻജിനീയറിങ് സമൂഹത്തോടുള്ള സംഘടനയുടെ പ്രതിബദ്ധതയും ഭാവി പ്രവർത്തനങ്ങളുടെ കാഴ്ചപ്പാടും വിശദീകരിച്ചു. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ പ്രസിഡന്റ് താഹ മുഹമ്മദ് ചടങ്ങിൽ സംസാരിച്ചു.എൻജിനിയേഴ്‌സ് ഫോറം ഖത്തർ മുതിർന്ന അംഗം സതീഷ് പിള്ള സന്നിഹിതനായിരുന്നു.

എന്ഡജിനീയേഴ്‌സ് ഡേയുടെ ഭാഗമായി നഗരവികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രത്യേക സാങ്കേതിക സെഷനുകളും സംഘടിപ്പിച്ചു. അർബൻ ടെക്നോളജി സിസ്റ്റംസ് എന്ന വിഷയത്തിൽ എൻജിനീയർ മുക്താർ മൻസൂർ, അർബൻ മൊബിലിറ്റി എന്ന വിഷയത്തിൽ അറബ് എൻജിനീയറിങ് ബ്യൂറോ എക്സിക്യൂട്ടീവ് ഡയറക്ടർ മൊയിൻ അസ്മി, ആർക്കിടെക്ചർ ആൻഡ് ഡിസൈൻ എന്ന വിഷയത്തിൽ ഖത്തർ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിലെ ആർക്കിടെക്ചർ ആൻഡ് അർബൻ പ്ലാനിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മാധവി ഇന്ദ്രഗന്തി, സസ്റ്റൈനബിലിറ്റി ജി.എസ്.എഎസ് ട്രസ്റ്റ് ആർക്കിടെക്ചറൽ ഗ്രൂപ്പ് മേധാവി മുഹമ്മദ് നജ്ജാർ എന്നിവർ പ്രഭാഷണം നടത്തി.

സാങ്കേതികവിദ്യ, നഗര ഗതാഗതം, വാസ്തുവിദ്യ, രൂപകൽപ്പന, സുസ്ഥിരത തുടങ്ങിയ മേഖലകളിലെ പുതിയ ആശയങ്ങളും സാധ്യതകളും പ്രഭാഷകർ പങ്കുവെച്ചു. കൂടുതൽ സ്മാർട്ടും സുസ്ഥിരവും മനുഷ്യകേന്ദ്രിതവുമായ നഗരജീവിതം രൂപപ്പെടുത്തുന്നതിൽ എൻജിനീയറിങ് മേഖലയ്ക്കുള്ള പങ്കും ചർച്ചയായി. എൻജിനിയേഴ്‌സ് ഫോറം ഖത്തർ ടെക്നിക്കൽ സെക്രട്ടറി എൻജിനീയർ പ്രശാന്ത് മാത്യു നന്ദി പറഞ്ഞു.

Tags:    
News Summary - Engineers Forum Qatar Celebrates Engineers Day 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.