എർത്ന പ്രൈസ് അന്തിമ പട്ടികയിൽ ഇടംനേടിയ ഉർവി ഫൗണ്ടേഷൻ അണിയറ ശിൽപികൾ
ദോഹ: ഉരുൾപൊട്ടലും പ്രളയവും കാലാവസ്ഥാ വ്യതിയാനവും ഭീതിയിലാക്കിയ കേരളത്തിന് ബദൽ നിർമാണമാർഗങ്ങൾ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയരായ തിരുവനന്തപുരം ആസ്ഥാനമയ ഉർവി ഫൗണ്ടേഷനെ തേടി ഖത്തർ ഫൗണ്ടേഷൻ അംഗീകാരം. പരിസ്ഥിതി സൗഹൃദമായ സുസ്ഥിര ലോകം കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ട് ഖത്തർ ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന ‘എർത്ന സെന്റർ ഫോർ സസ്റ്റയ്നബ്ൾ ഫ്യൂച്ചറിന്റെ എർത്ന പ്രൈസ് 2025 ചുരുക്കപ്പട്ടികയിലാണ് ഉർവി ഫൗണ്ടേഷന്റെ സ്റ്റോൺ ഫ്രീ മൂവ്മെന്റും ഇടംനേടിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 100ലേറെ രാജ്യങ്ങളിൽനിന്ന് ലഭിച്ച 400ലേറെ പ്രോജക്ടുകളുമായി മത്സരിച്ചാണ് അവസാന 12ൽ കേരളത്തിൽനിന്നുള്ള മാതൃകാ പദ്ധതിയും ഇടംനേടിയത്.
പരമ്പരാഗത അറിവുകളും നൂതന ആശയങ്ങളും ഉൾക്കൊണ്ട് പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര സൗഹൃദ മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് എർത്ന പുരസ്കാരം സമ്മാനിക്കുന്നത്. ഏപ്രിൽ 22, 23 തീയതികളിലായി ദോഹയിൽ നടക്കുന്ന എർത്ന സമ്മിറ്റിൽ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കും. ഭൂമി സംരക്ഷണ വിഭാഗത്തിലാണ് ഉർവി ഫൗണ്ടേഷന്റെ നിർമാണ മാതൃക ഇടംനേടിയത്. ജലവിഭവ മാനേജ്മെന്റ്, ഭക്ഷ്യസുരക്ഷ, സുസ്ഥിര നഗരവത്കരണം എന്നീ വിഷയങ്ങളിൽ കേന്ദ്രീകരിച്ച പദ്ധതികളും ഫൈനൽ ലിസ്റ്റിലുണ്ട്.
നാല് വിഭാഗങ്ങളിലെ വിജയികളെ കാത്ത് 10 ലക്ഷം ഡോളർ (8.7 കോടി രൂപ) ആണ് സമ്മാനിക്കുന്നത്. ജയ്പൂർ ആസ്ഥാനമായ ജലസംരക്ഷണ പദ്ധതിയായ തരുൺ ഭാരത് സംഗ്, കുടിവെള്ള സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന വൺ ഡ്രോപ് ഫൗണ്ടേഷൻ എന്നിവയും ഇന്ത്യയിൽനിന്ന് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ദോഹയിൽ നടക്കുന്ന പുരസ്കാര പ്രഖ്യാപന ചടങ്ങിന് മുമ്പായി തങ്ങളുടെ പ്രോജക്ടുകളെ അവതരിപ്പിക്കാനുള്ള അവസരവും ഇവർക്ക് ഒരുക്കും.
2017ലായിരുന്നു തിരുവനന്തപുരം വാമനപുരത്ത് ഒരുകൂട്ടം ആർകിടെക്ടുമാരും എൻജിനീയർമാരും പരിസ്ഥിതി സ്നേഹികളും ചേർന്ന് ഉർവി ഫൗണ്ടേഷൻ ആരംഭിക്കുന്നത്. കൃത്യമായി പറഞ്ഞാൽ കേരളം ഏറ്റവും വലിയ പ്രളയക്കെടുതിയെ നേരിടുന്നതിനും ഒരുവർഷം മുമ്പ്. സ്റ്റോൺ ഫ്രീ മൂവ്മെന്റ് എന്ന പേരിൽ പരിസ്ഥിതി സൗഹൃദമായ നിർമാണരീതികൾ ജനകീയമാക്കി ബദൽ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. പശ്ചിമഘട്ടം നിറയെ ക്വാറികളാക്കിയും ആശാസ്ത്രീയ നിർമാണരീതികൾ പിന്തുടർന്നും കേരളത്തിന്റെ പരിസ്ഥിതിയിലും കാലാവസ്ഥയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾക്കെതിരായ ബൃഹത്തായ പ്രോജക്ട് എന്ന നിലയിൽ രംഗത്തുവന്ന യുവസംഘം കേരളത്തിലും ദേശീയതലത്തിലും ശ്രദ്ധേയമായ അംഗീകാരങ്ങൾ നേടി.
2018ൽ പ്രളയാനന്തരം വയനാട്ടിലെ പൊഴുതനയിൽ രണ്ടാഴ്ചകൊണ്ട് നിർമിച്ച റീഹാബ് ഷെൽട്ടറിനെ തേടി ഹഡ്കോയുടെ ദേശീയ പുരസ്കാരമെത്തി. തുടർന്നും കേരളത്തിന്റെ വിവിധ മേഖലകളിൽ സുസ്ഥിര നിർമാണ മാതൃകകളുമായും ഹസൻ നസീഫ്, ഫൈസൽ അബ്ദുൽ അസീസ്, മുഹമ്മദ് യാസിർ, ഹന്ന ഫാത്തിമ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമുണ്ട്. തിരുവനന്തപുരം ആസ്ഥാനമായ ഗവേഷണ കേന്ദ്രത്തിലൂടെ ആർക്കിടെക്റ്റുമാർക്കും എൻജിനീയർമാർക്കും പുതിയ നിർമാണ സാങ്കേതികവിദ്യകളിൽ പരിശീലനം നൽകുകയും ചെയ്യുന്നു. ഇതിനകം 2000ത്തിലേറെ പേർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. പരമ്പരാഗത അറിവും ആധുനിക സുസ്ഥിര വികസന ആശയങ്ങളും ഒരുമിപ്പിക്കുന്ന ശ്രമത്തിന് ആഗോളതലത്തിൽ ലഭിച്ച നേട്ടം, കേരളത്തിന്റെ സുസ്ഥിര വികസന ശ്രമങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന് ഉർവി ഫൗണ്ടേഷൻ സ്ഥാപകനും ചെയർമാനുമായ ആർക്കിടെക്ട് ഹസൻ നസീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.