ഖത്തർ എൻജീനിയേഴ്സ് സമ്മിറ്റിന്റെ ലോഗോ പ്രകാശന ചടങ്ങിൽനിന്ന്
ദോഹ: തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജിന്റെ ഖത്തറിലെ പൂർവ വിദ്യാർഥി സംഘടനയായ ക്യു.ജി.ഇ.ടി സംഘടിപ്പിക്കുന്ന ഖത്തർ എൻജീനിയേഴ്സ് സമ്മിറ്റ് (ക്യു.ഇ.എസ്.ടി) ഒക്ടോബർ 12ന് വെസ്റ്റ് ബേയിലുള്ള ഹോട്ടൽ പുൾമാനിൽ നടക്കുമെന്ന് ക്യു.ജി.ഇ.ടി പ്രസിഡന്റ് ടോമി വർക്കി, ക്യു.ഇ.എസ്.ടി വക്താവ് ക്ഷേമ ആൻഡ്രൂസ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഖത്തറിലെ സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലുമായി ജോലിചെയ്യുന്ന 400ൽപരം തൃശൂർ ഗവൺമെന്റ് എൻജിനിയറിങ് കോളജിലെ പൂർവ വിദ്യാർഥികളുടെ ഖത്തറിലെ സംഘടനയായ ക്യു.ജി.ഇ.ടി. ഇതിന്റെ നേതൃത്വത്തിൽ 2012ൽ തുടക്കം കുറിച്ച ഒരു മുൻനിര സംരംഭമാണ് ഖത്തർ എൻജിനിയേഴ്സ് സമ്മിറ്റ്. ഈ വർഷത്തെ ക്വസ്റ്റ് സമ്മിറ്റ് ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഇൻ പ്രോജക്ട് മാനേജ്മെന്റ് ആൻഡ് എൻജിനിയറിങ്’ എന്ന വിഷയമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. വ്യത്യസ്ത മേഖലകളിലെയും മാനേജ്മെന്റ് രംഗത്തും എൻജിനീയറിങ് രംഗത്തുമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗവും സ്വാധീനവും ഇതിന്റെ ഭാഗമായി വിശദീകരിക്കും.
ഇന്ത്യൻ അംബാസഡർ വിപുൽ ക്വസ്റ്റ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. ഡോ. സൗരഭ് മിശ്ര, സുഷാന്ത് കുരുന്തിൽ, ഷിജാസ് അബ്ദുല്ല അബ്ദുൽ കരീം എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. തുടക്കം മുതൽ നടത്തിവരുന്ന സാങ്കേതിക സംവാദങ്ങളും സംഭാഷണങ്ങളും ഖത്തർ നാഷനൽ വിഷൻ 2030നെ പിന്തുണക്കാനും സാമൂഹിക സ്വാധീനം വർധിപ്പിക്കാനുമുള്ള ഒരു വേദിയായി തുടരുന്നു. ലോകമെമ്പാടുമുള്ള സാങ്കേതികരംഗത്തെ വിദഗ്ദ്ധരും ലീഡർമാരും പങ്കെടുക്കുന്ന ക്വസ്റ്റ് 2025, സർക്കാറിലെയും ഓയിൽ ആൻഡ് ഗ്യാസ്, പൊതുമേഖല, നിർമാണമേഖല, കൺസൾട്ടൻസി മേഖലകളിൽനിന്നുമുള്ള 250ൽപരം വിദഗ്ദ്ധരെ ഒരുമിപ്പിക്കുന്ന വേദിയായി മാറും. ക്വസ്റ്റ് 2025ന്റെ ഭാഗമായി കമ്പനികൾക്ക് അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും പരിപാടിയുടെ ഭാഗമായി ഒരു വർക്ക്ഷോപ്പ് സെഷൻ നയിക്കാനുമുള്ള അവസരങ്ങൾ ലഭ്യമാണ്. കൂടാതെ, സ്പോൺസർഷിപ്, പങ്കാളിത്ത അവസരങ്ങളും ഇപ്പോൾ ലഭ്യമാണ്. പരിപാടിയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.