ഊർജ സഹമന്ത്രി സഅദ് ശരിദ അൽ കഅ്ബിയുടെ സാന്നിധ്യത്തിൽ ഖത്തറും ചൈനയും
തമ്മിലെ ഹീലിയം വിതരണ കരാർ ഒപ്പുവെക്കുന്നു
ദോഹ: ദീർഘകാല ഹീലിയം വിതരണ കരാറിൽ ഒപ്പുവെച്ച് ഖത്തറും ചൈനയും. ഗ്വാങ്ചോ ഗ്വാങ്ഗാങ് ഗ്യാസ് ആൻഡ് എനർജി (ജി ഗ്യാസ്) കമ്പനിയും ഖത്തർ എനർജിയുമാണ് പ്രതിവർഷം 10 കോടി ക്യൂബിക് അടി ഹീലിയം വിതരണം സംബന്ധിച്ച 20 വർഷത്തെ കരാറിൽ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങൾക്കുമിടയിലെ ഏറ്റവും ദൈർഘ്യമേറിയ കരാർ കൂടിയാണിത്.
ലോകത്തെ ഏറ്റവും വലിയ ഹീലിയം ഉൽപാദന കേന്ദ്രം കൂടിയായ ഖത്തർ എനർജിയുടെ റാസ്ലഫാൻ നിലയത്തിൽ നിന്നാണ് ചൈനീസ് കമ്പനിക്ക് ആവശ്യമായ ഉൽപന്നങ്ങൾ ലഭ്യമാക്കുക. കരാർ ഒപ്പുവെക്കൽ ചടങ്ങിൽ ഖത്തർ എനർജി സി.ഇ.ഒയും പ്രസിഡന്റും, ഖത്തർ ഊർജകാര്യ സഹമന്ത്രിയുമായ സഅദ് ശരിദ അൽ കഅ്ബി, ജി ഗ്യാസ് മേധാവികൾ എന്നിവർ പങ്കെടുത്തു.
ചൈനയുടെയും ലോകത്തിന്റെയും വർധിച്ചുവരുന്ന ഹീലിയം ആവശ്യകത നിറവേറ്റാൻ സഹായിക്കുന്ന കരാറിൽ ഒപ്പുവെക്കാൻ കഴിഞ്ഞത് സന്തോഷകരമാണെന്ന് സഅദ് ശരിദ അൽ കഅ്ബി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഹീലിയം കയറ്റുമതിക്കാരാണ് ഖത്തർ. നോർത്ത് ഫീൽഡ് എൽ.എൻ.ജി പദ്ധതി പൂർത്തിയാകുന്നതിലൂടെ ഹീലിയം ശേഷി ഇരട്ടിയിലധികം വർധിക്കുകയും ചെയ്യും. എം.ആർ.ഐ സ്കാനിങ്, സെമികണ്ടക്ടർ, വെൽഡിങ്, സമുദ്രാന്തർ ഡൈവിങ്, വ്യവസായ കൂൾലാൻഡ്, വിനോദമേഖല തുടങ്ങി വിവിധോദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കുന്ന രാസമൂലകമാണ് ഹീലിയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.