ദോഹ: ഇന്ത്യയിലെ വർധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾക്ക് പരിഹാരമായി കൂടുതൽ എൽ.എൻ.ജി വിതരണം ചെയ്യാൻ ഖത്തർ എനർജി. പ്രതിവർഷം 10 ലക്ഷം ടൺ എൽ.എൻ.ജി വിതരണം ചെയ്യുന്നതിനായി ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപറേഷനുമായി (ജി.എസ്.പി.സി) 17 വർഷത്തെ കരാറിൽ ഖത്തർ എനർജി ഒപ്പുവെച്ചു. കരാർ പ്രകാരം 2026 മുതൽ ഇന്ത്യയിലേക്ക് വിതരണം ആരംഭിക്കും. ഈ ദീർഘകാല കരാറിലൂടെ ഇന്ത്യയുമായുള്ള പങ്കാളിത്തം വിപുലീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഖത്തർ എനർജി സി.ഇ.ഒയും ഊർജകാര്യ സഹമന്ത്രിയുമായ സഅദ് ശെരിദ അൽകാബി പറഞ്ഞു. ഇന്ത്യയിലെ വർധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഖത്തർ എനർജിയുടെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ സഹകരണം രണ്ട് കമ്പനികൾ തമ്മിലുള്ള ബന്ധങ്ങൾക്കുപരി, ഇന്ത്യയുടെ ഊർജ സുരക്ഷ വർധിപ്പിക്കുന്നതിനും ശുദ്ധമായ ഊർജ മിശ്രിതങ്ങളിലേക്ക് മാറുന്നതിനും ഗുണം ചെയ്യുന്നു. ഇന്ത്യക്കുവേണ്ടി സുരക്ഷിതവും വിശ്വസനീയവുമായ എൽ.എൻ.ജി വിതരണം നടത്തുന്നതിൽ ഖത്തർ എനർജി പ്രതിജ്ഞാബദ്ധരാണെന്നും അൽകാബി പറഞ്ഞു.
2019ലാണ് ജി.എസ്.പി.സിയും ഖത്തർ എനർജിയുമായി ആദ്യത്തെ ദീർഘകാല വിതരണ കരാറിൽ ഒപ്പുവെച്ചത്. ഇതിന്റെ തുടർച്ചയാണ് പുതിയ കരാർ നിലവിൽവന്നത്. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള തുടർച്ചയായ വിശ്വാസത്തെയും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനും അടിവരയിടുന്നതാണ് പുതിയ കരാർ. ആഗോള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ശുദ്ധമായ ഊർജ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമാണ് ഖത്തർ എനർജിയുടെ വിതരണ വിപുലീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.