ഹമാസിന് സാമ്പത്തിക സഹായം നൽകിയിട്ടില്ല; ഇസ്രായേൽ മാധ്യമ റിപ്പോർട്ടുകൾ തള്ളി ഖത്തർ

ദോഹ: ഗസ്സയിലേക്ക് നൽകുന്ന മാനുഷിക സഹായങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ഇസ്രായേലി മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അസത്യവും വ്യാജവുമാണെന്ന് ഖത്തർ. ഇസ്രായേലിലെ ആഭ്യന്തര രാഷ്ട്രീയ തർക്കങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഖത്തറിനെ ബലിയാടാക്കാനും ലക്ഷ്യമിട്ട് ഇസ്രായേലിലെ തീവ്ര വലതുപക്ഷ കക്ഷികളും രാഷ്ട്രീയ നേതാക്കളുമാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഇന്റർനാഷണൽ മീഡിയ ഓഫിസ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.

ഇസ്രായേലിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആഭ്യന്തര പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ ഖത്തറിനെതിരെ വ്യാജ പ്രചാരണങ്ങൾ വ്യാപകമാണ്. ഇസ്രായേൽ മാധ്യമങ്ങൾ, ലോബിയിസ്റ്റുകൾ, തിങ്ക് ടാങ്കുകൾ തുടങ്ങിയവരെ ഉപയോഗിച്ചാണ് ഖത്തറിനെതിരെ തുടർച്ചയായ പ്രചാരണം നടക്കുന്നത്. സോഷ്യൽ മീഡിയ വഴിയും പ്രചാരണം നടക്കുന്നുണ്ട്. ഖത്തറിനെ ശത്രുരാജ്യമായി കാണുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും മുൻ പ്രധാനമന്ത്രി നെഫ്താലി ബെന്നറ്റും അഭിമുഖങ്ങളിൽ പറഞ്ഞതും ഇതിന്റെ തുടർച്ചയാണ്.

ഖത്തർ ഒരിക്കലും ഹമാസിന് സാമ്പത്തിക സഹായം നൽകിയിട്ടില്ലെന്നും ഇസ്രായേൽ അധികൃതരുടെ അറിവോടെ അന്താരാഷ്ട്ര പങ്കാളികളുമായി ഏകോപിപ്പിച്ചാണ് ഫലസ്തീനിലെ സാധാരണക്കാർക്ക് സഹായങ്ങൾ എത്തിച്ചിട്ടുള്ളതെന്നും പ്രസ്താവനയിൽ പറയുന്നു. ഫലസ്തീനിൽ ഖത്തർ നേരിട്ട് ഒരു സഹായവും വിതരണം ചെയ്തിട്ടില്ല. സാമ്പത്തിക സഹായങ്ങൾ, ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുൾപ്പെടെ ഫലസ്തീനിൽ മുൻകാലങ്ങളിൽ നൽകിയ എല്ലാ സഹായങ്ങളും യു.എൻ സംഘടനകൾ വഴി ഇസ്രായേലി സർക്കാറുകളുടെയും സുരക്ഷാ ഏജൻസികളുടെയും അനുമതിയോടെയാണ് വിതരണം ചെയ്തത്. ഈ സംവിധാനങ്ങൾക്ക് പുറത്ത് ഹമാസിന് എന്തെങ്കിലും സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെങ്കിൽ, അതിന് ഖത്തറുമായി യാതൊരു ബന്ധവുമില്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

ഇസ്രായേലിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെടാൻ താൽപര്യമില്ലെങ്കിലും വ്യാജ ആരോപണങ്ങളിൽ മൗനം പാലിക്കില്ലെന്നും ഖത്തർ വ്യക്തമാക്കി. ഇത്തരം വ്യാജപ്രചാരണങ്ങൾ അടിയന്തര മാനുഷിക സഹായം ആവശ്യമായ ഫലസ്തീനികൾക്കുള്ള ഖത്തറിന്റെ പിന്തുണയെ ദുർബലപ്പെടുത്തില്ല. മേഖലയിൽ ശാശ്വത സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ നയതന്ത്ര ചർച്ചകളിലൂടെയും മധ്യസ്ഥതയിലൂടെയും മുന്നോട്ടുപോകുമെന്നും ഖത്തർ ആവർത്തിച്ചു.

Tags:    
News Summary - Qatar Denies Financial Aid to Hamas, Dismisses Israeli Media Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.