വായ്പ തിരിച്ചടവിൽ ഇളവ് പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്

ദോഹ: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വായ്പാ തിരിച്ചടവുകൾക്ക് ഇളവു പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്. തിരിച്ചടവുകൾക്ക് മൂന്നു മാസം വരെ സാവകാശം നൽകാനാണ് ബാങ്കുകൾക്ക് ക്യു.സി.ബി അനുമതി നൽകിയിരിക്കുന്നത്. പണലഭ്യത ഉറപ്പാക്കി സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.

നിലവിലെ സാഹചര്യങ്ങൾ ബാധിച്ച കോർപറേറ്റ് ഇടപാടുകാർക്ക് വായ്പാ, പലിശ തിരിച്ചടവുകൾ മൂന്നു മാസത്തേക്ക് നീട്ടിവയ്ക്കാനുള്ള സാവകാശമാണ് ഖത്തർ സെൻട്രൽ ബാങ്ക് അനുവദിച്ചത്. ബാങ്കുകളുടെ നയങ്ങൾക്കും മാർനിർദേശങ്ങൾക്കും അനുസൃതമായാണ് ഇളവ് ലഭിക്കുക. കമ്പനികളുടെ പണലഭ്യത നിലനിർത്താനും ബിസിനസ് തടസ്സങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാനും തീരുമാനം സഹായകരമാകും.

രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ ശക്തമായ നിലയിൽ തന്നെ തുടരുന്നുവെന്ന് ഖത്തർ സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ബാങ്കുകളിൽ തദ്ദേശീയവും വിദേശീയവുമായ കറൻസികളിൽ മികച്ച പണലഭ്യതയുണ്ടെന്നും, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനും വിപണിയുടെ പ്രവർത്തനങ്ങളെയും ഹ്രസ്വകാല ഫണ്ടിങ് ആവശ്യങ്ങളെയും നിറവേറ്റാൻ ശേഷിയുണ്ടെന്നും ഖത്തർ സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടി. അതേസമയം, സംഘർഷ സാഹചര്യം തുടരുന്നതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി വിവിധ ക്രമീകരണങ്ങളും സെൻട്രൽ ബാങ്ക് സ്വീകരിച്ചിട്ടുണ്ട്.

ആഭ്യന്തര വിപണിയിൽ ഖത്തറി റിയാലിന്റെ ലഭ്യത ഉറപ്പാക്കാൻ ബാങ്കുകൾക്ക് പരിധികളില്ലാത്ത റിപ്പോ സൗകര്യം നൽകുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു. ബാങ്കുകളുടെ പക്കലുള്ള നിശ്ചിത സെക്യൂരിറ്റികൾക്ക് പകരമാകും ഈ സൗകര്യം. കേന്ദ്ര ബാങ്കിൽ സൂക്ഷിക്കേണ്ട ബാങ്കുകളുടെ കരുതൽ ധനാനുപാതം നാലര ശതമാനത്തിൽ നിന്ന് മൂന്നര ശതമാനമാക്കി കുറച്ചിട്ടുമുണ്ട്. ഇതുവഴി വിപണിയിൽ കൂടുതൽ പണമെത്തുമെന്നാണ് പ്രതീക്ഷ. വെല്ലുവിളികൾക്കിടയിലും രാജ്യത്തെ സാമ്പത്തിക മേഖല കരുത്തോടെ മുമ്പോട്ടു പോകുന്നതായി സെൻട്രൽ ബാങ്ക് വ്യക്തമാക്കി. പ്രാദേശിക, അന്താരാഷ്ട്ര സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ബാങ്ക് അറിയിച്ചു. 

Tags:    
News Summary - Qatar Central Bank announces loan repayment relief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.