ഖത്തർ പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് ജാസിം അൽ സുലൈത്തി തുർക്കി പൊലീസ് ഡയറക്ടർ
ജനറൽ മഹ്മൂത് ദെമിർതാസുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: സുരക്ഷ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നത് അടക്കം വിവിധ വിഷങ്ങൾ ചർച്ച നടത്തി ഖത്തർ പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് ജാസിം അൽ സുലൈത്തി, തുർക്കി പൊലീസ് ഡയറക്ടർ ജനറൽ മഹ്മൂത് ദെമിർതാസുമായി കൂടിക്കാഴ്ച നടത്തി. ജൂലൈ 22 മുതൽ 27 വരെ ഇസ്തംബൂളിൽ നടക്കുന്ന 17ാമത് ആഭ്യന്തര മന്ത്രാലയ പ്രതിനിധികളുടെ ഇന്റർനാഷനൽ ഡിഫൻസ് ഇൻഡസ്ട്രി ഫെയറിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷ സഹകരണം ശക്തിപ്പെടുത്തുന്നതും വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ചചെയ്തു. അതേസമയം, കഴിഞ്ഞദിവസം ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽ ഥാനി ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഗ്ജി ഫോൺ കാളിൽ വിവിധ വിഷയങ്ങൾ ചർച്ച നടത്തിയിരുന്നു. സംഭാഷണത്തിൽ ഇറാൻ ആണവ കരാറിലെ പുതിയ സംഭവവികാസങ്ങളും ഗസ്സയിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും സ്ഥിതിഗതികളും ഇരുവരും അവലോകനം ചെയ്തു.
ഇന്റർനാഷനൽ ഡിഫൻസ് ഇൻഡസ്ട്രി ഫെയറിനെത്തിയ പ്രതിനിധിസംഘം മേളയിൽ പങ്കെടുത്ത വിവിധ രാജ്യങ്ങളുടെയും അന്താരാഷ്ട്ര കമ്പനികളുടെയും പവലിയനുകൾ സന്ദർശിച്ചു. ഏറ്റവും പുതിയ പ്രതിരോധ സാങ്കേതികവിദ്യകളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചും സൈനിക, പ്രധാന കണ്ടുപിടിത്തങ്ങളെക്കുറിച്ചും പ്രതിനിധികൾക്കു വിശദീകരിച്ചു നൽകി. പ്രതിരോധ -വ്യവസായ മേഖലയിലെ പ്രധാനപ്പെട്ട ഇവന്റുകളിലൊന്നാണ് ഇന്റർനാഷനൽ ഡിഫൻസ് ഇൻഡസ്ട്രി ഫെയർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.