ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും കോംഗോ പ്രസിഡന്റ് ഫെലിക്സ് ഷിസകെദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചക്കിടെ
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും കോംഗോ (ഡി.ആർ.സി) പ്രസിഡന്റ് ഫെലിക്സ് ഷിസകെദിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിലെ പ്രസിഡൻഷ്യൽ ഓഫിസിലാണ് ഔദ്യോഗിക ചർച്ചകൾ നടന്നത്. ആദ്യമായി കോംഗോയിൽ എത്തിയ ഖത്തർ അമീറിനെയും പ്രതിനിധി സംഘത്തെയും പ്രസിഡന്റ് ഫെലിക്സ് ഷിസകെദി സ്വാഗതം ചെയ്തു. അമീറിനെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും സന്ദർശനം ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ സമാധാന ശ്രമങ്ങളെ പിന്തുണക്കുന്നതിൽ അമീറിനും ഖത്തറിനുമുള്ള ഇടപെടലുകളെയും ഡി.ആർ.സി സർക്കാരും കോംഗോ റിവർ അലയൻസും (എം 23 മൂവ്‌മെന്റ്) തമ്മിലുള്ള ദോഹ ഫ്രെയിംവർക്ക് എഗ്രിമെന്റ് ഫോർ പീസ് ഒപ്പുവെച്ചതിനെയും അദ്ദേഹം അഭിനന്ദിച്ചു. ഇരു കക്ഷികൾ തമ്മിലുള്ള സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിനും ആയിരക്കണക്കിന് പൗരന്മാരുടെ ദുരിതങ്ങൾ അവസാനിപ്പിക്കുന്നതിലും ഇത് മികച്ച നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം ശ്രദ്ധേയമായി പുരോഗമിക്കുകയാണെന്ന് ഖത്തർ അമീർ പറഞ്ഞു. പരസ്പര താൽപര്യങ്ങൾക്ക് അനുസൃതമായി എല്ലാ മേഖലകളിലും കൂടുതൽ സഹകരണം ശക്തിപ്പെടുത്താനും വികസിപ്പിക്കാനും ആഗ്രഹിക്കുന്നതായും അമീർ വ്യക്തമാക്കി. മേഖലയിലും ലോകമെമ്പാടും സമാധാന ശ്രമങ്ങൾ തുടരാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും അമീർ വിശദീകരിച്ചു.
കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, പ്രത്യേകിച്ച് സമ്പദ്‌വ്യവസ്ഥയിലും നിക്ഷേപത്തിലുമുള്ള സഹകരണം, കൂടാതെ പ്രധാനപ്പെട്ട പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ചർച്ചയായി. അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി, വാണിജ്യ വ്യവസായ സഹമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദ്, ഔദ്യോഗിക പ്രതിനിധി സംഘത്തിലെ മറ്റ് അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു. ഡി.ആർ.സിയുടെ ഭാഗത്തുനിന്ന് ഉപപ്രധാനമന്ത്രിയും ഗതാഗത, വാർത്ത വിനിമയ, പൊതുമരാമത്ത് മന്ത്രിയുമായ ജീൻ പിയറി ബെംബ, യുവജനകാര്യ മന്ത്രി ഗ്രേസ് എമി കുട്ടിനോ, പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആന്റണി കിൻസോ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.തുടർന്ന് അമീറിനും ഔദ്യോഗിക പ്രതിനിധി സംഘത്തിനും ആദരസൂചകമായി ഉച്ചഭക്ഷണ വിരുന്ന് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.