ഖത്തർ മോംസ് ‘രംഗ് ദേ ബസന്തി’യുടെ മൂന്നാം വാർഷികത്തിനായി ഒത്തുകൂടിയപ്പോൾ
ദോഹ: ഖത്തർ മോംസ് (ക്യു.എ.എം.ഒ) അതിന്റെ ആദ്യ പരിപാടിയായ ‘രംഗ് ദേ ബസന്തി’യുടെ മൂന്നാം വാർഷികം ആഘോഷിച്ചു. 5,00,000ത്തിലധികം രജിസ്റ്റർ ചെയ്ത അമ്മമാരുടെ വലിയ കൂട്ടായ്മയായ യൂനിമോ (യൂനിവേഴ്സ് ഓഫ് മോംസ്) യുടെ ഖത്തർ ചാപ്റ്ററാണ് ഖത്തർ മോംസ്. ഖത്തറിലെ അതിവേഗം വളരുന്ന സ്ത്രീകളുടെ സാമൂഹിക ഗ്രൂപ്പുകളിലൊന്നായ ക്യു.എ.എം.ഒയിൽ നിലവിൽ 4200ലധികം പേരാണുള്ളത്.
നേഹ കരേ കാനബാർ സ്ഥാപിച്ച യൂനിമോക്ക് ലോകമെമ്പാടുമുള്ള 22 നഗരങ്ങളിൽ ചാപ്റ്ററുകൾ ഉണ്ട്. ഖത്തർ അതിൽ പ്രധാന ചാപ്റ്ററുകളിലൊന്നാണ്. ഖത്തർ ആസ്ഥാനമായുള്ള എല്ലാ അമ്മമാരെയും ഒരുമിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 2020 ജൂലൈ 24ന് ദീപ ജയ്സ്വാൾ ആണ് ഖത്തർ മോംസിന് തുടക്കമിട്ടത്. സ്നേഹവും പിന്തുണയും ആദരവും നിറഞ്ഞ ഒരു കമ്യൂണിറ്റി സൃഷ്ടിക്കുന്നതിനായാണ് ഗ്രൂപ്പിന് തുടക്കമിടുന്നതെന്നായിരുന്നു ദീപയുടെ പ്രഖ്യാപനം.
വക്റ പബ്ലിക് ബീച്ചിലാണ് ‘രംഗ് ദേ ബസന്തി’സംഘടിപ്പിച്ചത്. 125ലധികം സ്ത്രീകൾ പരിപാടിയിൽ ഒത്തുകൂടി. വിവിധ ആക്ടിവിറ്റികളും ഗെയിമുകളുമായി ഒരുദിവസം ആസ്വാദ്യകരമാക്കി. ഇന്ത്യൻ ദേശീയഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. ചർച്ചകളും കലാപരിപാടികളും കൂടിച്ചേരലിന് കൊഴുപ്പേകി.
‘രംഗ് ദേ ബസന്തിയിലെ പങ്കാളിത്തവും പ്രതികരണവും ആവേശഭരിതമായിരുന്നു. സ്ത്രീകൾക്ക് ഒത്തുചേരാനും ആഘോഷിക്കാനും ഒരു വേദി സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. ഭക്ഷണം, നൃത്തം, കളികൾ എന്നിവയടക്കമുള്ള ചടങ്ങിൽ എല്ലാവരും ഉല്ലസിക്കുന്നതും ഓർമകൾ പങ്കുവെക്കുന്നതും കാണുമ്പോൾ വളരെ സന്തോഷമുണ്ട്.
എല്ലാ വർഷവും ഈ പരിപാടി തുടരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരസ്പരം ബന്ധപ്പെടാനും കൂട്ടായ്മയെന്ന ആശയം സൃഷ്ടിക്കാനും അതുപകരിക്കുമെന്ന് കരുതുന്നു’-ഖത്തർ മോംസിന്റെ അഡ്മിന്മാരായ ദീപ വെങ്കിടേഷ് ജയ്സ്വാൾ, നേഹ ചൗധരി, ബീന എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.