യൂനികായ് ഫുഡ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ നീരജ് വോഹ്റ, ഫാമിലി ഫുഡ് സെന്റർ
എക്സിക്യൂട്ടീവ് ഡയറക്ടർ പി.പി. ഫൈസൽ എന്നിവർ ചേർന്ന് "യൂനികായ്' ഉൽപന്നങ്ങളുടെ
ദോഹയിലെ ലോഞ്ചിങ് നടത്തുന്നു
ദോഹ: ഖത്തറിലെ മുൻനിര എഫ്.എം.സി.ജി വിതരണ കമ്പനികളിലൊന്നായ പ്രോഗ്രസീവ് മാർക്കറ്റിങ്, പ്രമുഖ ബ്രാൻഡായ 'യൂനികായ്' (Unikai) ഐസ്ക്രീമുകൾ വിപണിയിലിറക്കി. ഖത്തറിലെ ഭക്ഷ്യ -പാനീയ വിതരണ രംഗത്ത് തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ ചുവടുവെപ്പ്. മേഖലയിലെ ഏറ്റവും വലിയ എഫ്.എം.സി.ജി നിർമാതാക്കളായ 'യൂനികായ് ഫുഡ്സ് പി.ജെ.എസ്.സി'യും ഖത്തറിലെ റീട്ടെയിൽ രംഗത്ത് 47 വർഷത്തിലേറെ പരിചയസമ്പത്തുള്ള ഫാമിലി ഫുഡ് സെന്റർ ഗ്രൂപ്പിന്റെ ഭാഗമായ 'പ്രോഗ്രസീവ് മാർക്കറ്റിങ്ങും' തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ ഫലമായാണ് സഹകരണത്തിന് തുടക്കം കുറിച്ചത്. 1977ൽ സ്ഥാപിതമായ യൂനികായ് ഡയറി ഉൽപന്നങ്ങൾ, ജ്യൂസുകൾ, ഐസ്ക്രീമുകൾ എന്നിവയിലൂടെ ജി.സി.സി, മെന മേഖലകളിൽ ഇതിനകം ഏറെ പ്രശസ്തമാണ്.
യൂനികായ് ഫുഡ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ നീരജ് വോഹ്റ, ഫാമിലി ഫുഡ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ പി.പി. ഫൈസൽ എന്നിവർ ചേർന്ന് ഉൽപന്നങ്ങളുടെ ലോഞ്ചിങ് നടത്തി. ഖത്തർ വിപണിയിൽ വളർച്ച കൈവരിക്കുന്നതിനും വിപണി വികസിപ്പിക്കുന്നതിനും ഇരുസ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിലൂടെ സാധിക്കുമെന്ന് ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു.
ഖത്തർ വിപണിയിൽ, പ്രത്യേകിച്ച് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഖത്തറിലെ ഹോട്ടലുകൾ, റെസ്റ്റാറന്റുകൾ, കഫേകൾ, കാറ്ററിങ് മേഖലയിലേക്ക് യൂനികായ് ഐസ്ക്രീം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് പ്രോഗ്രസീവ് മാർക്കറ്റിങ് ജനറൽ മാനേജർ മുഹമ്മദ് കബീർ വ്യക്തമാക്കി.
യൂനികായ് ഉൽപന്നങ്ങളുടെ ഗുണ നിലവാരവും പ്രോഗ്രസീവ് മാർക്കറ്റിങ്ങിന്റെ ശക്തമായ വിതരണ ശൃംഖലയും ഒത്തുചേരുമ്പോൾ ഉപഭോക്താക്കൾക്ക് മികച്ച മൂല്യം സമ്മാനിക്കാനാകുമെന്നാണ് വിശ്വാസം. നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രോഗ്രസീവ് മാർക്കറ്റിങ്, ഖത്തറിലുടനീളമുള്ള മോഡേൺ ട്രേഡ്, ഡൗൺ ട്രേഡ്, ഹോൾസെയിൽ മേഖലകളിൽ വിശ്വസ്ത വിതരണ പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂനികായിയെ സംബന്ധിച്ച് ഖത്തർ പ്രധാനപ്പെട്ട വിപണിയാണെന്ന് യൂനികായ് ഫുഡ്സ് സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ കൃഷ്ണ കുമാർ പറഞ്ഞു. പ്രോഗ്രസീവ് മാർക്കറ്റിങ്ങുമായി കൈകോർത്ത് മേഖലയിൽ സാന്നിധ്യം ശക്തമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. വിപണിയിലെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഉയർന്ന ഗുണനിലവാരമുള്ള ഐസ്ക്രീം ഉൽപന്നങ്ങൾ എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയിലെ തന്ത്രപ്രധാന പങ്കാളി കൂടിയാണ് പ്രോഗ്രസീവ് മാർക്കറ്റിങ്. രാജ്യത്തെ ഭക്ഷ്യവിതരണ സുസ്ഥിരത ഉറപ്പാക്കാനും കമ്പനി സജീവമായി രംഗത്തുണ്ട്. ഉയർന്ന ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുക വഴി ഖത്തറിലെ ഉപഭോക്താക്കൾക്കും ബിസിനസ്സുകൾക്കും ഒരുപോലെ പ്രയോജനം ഉറപ്പാക്കുകയാണ് ലക്ഷ്യം. യൂനികായ് ഐസ്ക്രീമിന്റെ വരവോടെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, കാറ്ററിങ് സ്ഥാപനങ്ങൾ എന്നിവക്ക് പ്രീമിയം ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ, ഏറെ വൈവിധ്യങ്ങളോടെ ആകർഷകമായ വിലയിൽ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.