ദോഹ: നെതർലൻഡ്സിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഹോളണ്ട്സ് ഗ്ലോറി ബ്രാൻഡ് ചീര, അരുഗുല (ജർജീർ) എന്നീ ഇലക്കറി ഉൽപന്നങ്ങളിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി പൊതുജനാരോഗ്യ മന്ത്രാലയം.
ഈ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് യൂറോപ്യൻ റാപ്പിഡ് അലർട്ട് സിസ്റ്റം ഫോർ ഫുഡ് ആൻഡ് ഫീഡ് (ആർ.എ.എസ്.എഫ്.എഫ്) നിരീക്ഷിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ആവശ്യമായ മുൻകരുതലെന്ന നിലയിൽ വിപണിയിൽനിന്നുള്ള അറിയിപ്പിനെ തുടർന്ന് പ്രസ്തുത ഉൽപന്നങ്ങൾ ഉടനടി പിൻവലിക്കാൻ വിതരണക്കാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട വിൽപന കേന്ദ്രങ്ങൾ ഉൽപന്നങ്ങളിൽനിന്ന് മുക്തമാണെന്ന് പരിശോധിക്കാനും ഉറപ്പുവരുത്താനും മന്ത്രാലയത്തിന് കീഴിലെ ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
മേൽ പ്രസ്താവിച്ച ഇലക്കറികൾ വാങ്ങിയ ഉപഭോക്താക്കൾ അവ ഭക്ഷിക്കരുതെന്നും ഉടൻ നശിപ്പിക്കുകയോ അല്ലെങ്കിൽ വാങ്ങിയ ഔട്ട്ലെറ്റുകളിൽതന്നെ തിരിച്ചുനൽകുകയോ ചെയ്യണമെന്നും മന്ത്രാലയം ഉപഭോക്താക്കളോടാവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.