സെമി ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തിയ പോർചുഗൽ താരങ്ങളുടെ ആഹ്ലാദംa
ദോഹ: ഒരു മാസത്തോളം നീണ്ടുനിന്ന കൗമാര ഫുട്ബാൾ ഉത്സവത്തിന് ഖത്തറിൽ അവസാന വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. പോർചുഗൽ -ഓസ്ട്രിയ ഫൈനൽ മത്സരത്തോടെ അണ്ടർ 17 ലോകകപ്പിന് നവംബർ 27ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ കൊടിയിറങ്ങും. 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പ് എന്ന പ്രത്യേകതയുമായി വന്ന ടൂർണമെന്റിന് വൻ സ്വീകാര്യതയായിരുന്നു ഖത്തറിൽ ലഭിച്ചത്. ആസ്പയർ സോണിലെ മൈതാനങ്ങളിൽ നടന്ന ഫുട്ബാൾ പോരാട്ടങ്ങൾക്ക് ഒരു കാർണിവലിന്റെ പ്രതീതിയായിരുന്നു.
പോർചുഗൽ -ബ്രസീൽ അണ്ടർ 17 സെമി ഫൈനൽ മത്സരത്തിൽനിന്ന്
ഗ്രൂപ് ഘട്ടവും നോക്കൗട്ടും സെമിയും കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോർ വമ്പന്മാരും അട്ടിമറിച്ചവരും എല്ലാം ലോകകപ്പിൽനിന്ന് പുറത്തായി. ആതിഥേയരായ ഖത്തർ, സൗദി, യു.എ.ഇ അടക്കമുള്ളവർ ഗ്രൂപ് ഘട്ടത്തിൽതന്നെ കളി അവസാനിപ്പിച്ചു. കരുത്തരായ അർജന്റീന ജർമനി, കൊളംബിയ, ക്രോയേഷ്യ എന്നിവരും ആദ്യ നോക്കൗട്ടിൽ പുറത്തായി. വമ്പന്മാരായ ജർമനിയെ ബുർക്കിനൊ ഫാസൊ അട്ടിമറിച്ചതാണ് എടുത്തുപറയേണ്ട വിജയങ്ങളിലൊന്ന്. ഈ ലോകകപ്പിലെ ഒരു മത്സരവും പ്രവചനാതീതമാണെന്ന വസ്തുതക്ക് അടിവരയിടുന്നതായിരുന്നു ആ വിജയം. എന്നാൽ, കരുത്തരായ ഇറ്റലിയോട് ക്വാർട്ടറിൽ ബുർക്കിനൊ ഫാസോ പരാജയം ഏറ്റുവാങ്ങി.
90 മിനിറ്റും കഴിഞ്ഞ് അധികസമയമില്ലാതെ കളിച്ച നോക്കൗട്ട് മത്സരങ്ങളിൽ 9 എണ്ണവും വിജയികളെ കണ്ടെത്തിയത് പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ്. ആദ്യ നോക്കൗട്ടിൽ 5 മത്സരങ്ങൾ പെനാൽറ്റിയിലേക്ക് നീണ്ടു. പ്രീ ക്വാർട്ടറിൽ മൂന്ന് മത്സരങ്ങൾ പെനാൽറ്റി കണ്ടപ്പോൾ, ക്വാർട്ടറിൽ വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നില്ല. എന്നാൽ, സെമിയിൽ ബ്രസീലിനെ തോൽപിച്ച് പോർചുഗൽ ഫൈനലിലേക്ക് മുന്നേറിയതും മറ്റൊരു പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ്. മറുവശത്ത് ഓസ്ട്രിയ എതിരില്ലാത്ത രണ്ട് ഗോളിന് ഇറ്റലിയെ മുട്ടുകുത്തിച്ച് കടന്നത് തങ്ങളുടെ കന്നി ലോകകപ്പ് ഫൈനലിലേക്ക്.
ഇന്നലെ നടന്ന രണ്ടാമത്തെ സെമിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിനെ തോൽപിച്ച് ആദ്യമായി ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ഫൈനലിൽ പോർചുഗൽ പ്രവേശിച്ചു. വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ ഓസ്ട്രിയയാണ് എതിരാളികൾ.
സെമി പോരാട്ടത്തിൽ ബ്രസീൽ -പോർചുഗൽ മത്സരമായിരുന്നു ഏറ്റവും കടുപ്പമേറിയത്. കളിക്കളത്തിലും ഗാലറിയിലും ആവേശം അണപൊട്ടി, കളിക്കാർ തമ്മിൽ ഉണ്ടായ വാക്കുതർക്കങ്ങൾപോലും ഗാലറിയിലേക്ക് പടർന്നു. കളിയുടെ തുടക്കത്തിൽതന്നെ ഇരു ടീമുകളും എതിർ പോസ്റ്റുകൾ ലക്ഷ്യമാക്കി നിരവധി കടന്നാക്രമണം ആരംഭിച്ചിരുന്നു. പോർചുഗലിനുവേണ്ടി അനിസിയോ കബ്രാൾ ആദ്യ മിനിറ്റുകളിൽ ഗോൾ ലക്ഷ്യമാക്കി ശ്രമം നടത്തിയപ്പോൾ മറുഭാഗത്ത് ബ്രസീലിനുവേണ്ടി ഡെല്ലും പോർചുഗൽ ഗോൾ പോസ്റ്റ് ഉന്നമിട്ടു.
മത്സരത്തിൽ 12 ഷോട്ടുകൾ പോർചുഗൽ ഗോൾ മുഖം ലക്ഷ്യമാക്കി പായിച്ചപ്പോൾ മൂന്നെണ്ണം മാത്രമാണ് ലക്ഷ്യം തെറ്റാതെ വന്നത്. എന്നാൽ ഗോൾ മാത്രം വീണില്ല. ബ്രസീൽ 14 ഷോട്ടുകൾ തൊടുത്തപ്പോൾ ഒരെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് എത്തിയത്. പക്ഷേ, പോർച്ചുഗലിന്റെ പ്രതിരോധനിരയുടെ കരുത്ത് ബ്രസീലിന്റെ ഗോൾ ലക്ഷ്യങ്ങളെ വിഫലമാക്കി.
ഒടുവിൽ മത്സരം പെനാൽറ്റിയിലേക്ക് നീണ്ടപ്പോൾ ആദ്യ അഞ്ച് ഷോട്ടിൽ നാലും ഇരുടീമുകളും വലയിലാക്കി. അഞ്ചാമത്തെ ഷോട്ട് ഇരുടീമുകൾക്കും പിഴച്ചു. സഡൻ ഡെത്തിലേക്ക് നീണ്ട പെനാൽറ്റിയിൽ പോർചുഗൽ രണ്ട് ഗോൾ നേടിയപ്പോൾ ബ്രസീലിന് അവസാനത്തെ ഷോട്ട് പിഴച്ചു. കാനറികൾക്ക് ലോകകപ്പിന്റെ പുറത്തേക്കുള്ള വാതിൽ തുറന്നപ്പോൾ പോർചുഗീസ് പട തങ്ങളുടെ കന്നി കൗമാര ഫൈനലിലേക്ക് മുന്നേറി.
പോർചുഗലിനുവേണ്ടി തോമസ് സോറസ്, മാർടിം ചെൽമിക്ക്, സാൻഡിയോഗോ വെർഡി, യോൻ പെരേരിയ, ജോ അറാഗോ, ജോസ് നെറ്റോ എന്നിവർ പെനാൽറ്റി ഷൂട്ടൗട്ട് വലയിലാക്കിയപ്പോൾ പോർച്ചുഗലിന്റെ റൊമാരിയെ ചുന എടുത്ത അഞ്ചാമത്തെ പെനാൽറ്റി ഷോട്ട് പിഴച്ചു. ബ്രസീലിനുവേണ്ടി ഡെൽ, തിയാഗോ, സീ ലൂകാസ്, ലൂയിസ് പച്ചോകോ, ഗബ്രിൽ മെക്ക് എന്നിവരുടെ ശ്രമങ്ങൾ ലക്ഷ്യം കണ്ടപ്പോൾ ബ്രസീലിന്റെ റുവാൻ പാബ്ലോയുടെയും എയ്ഞ്ചലോയുടേയും ഷൂട്ടൗട്ടുകൾ പിഴക്കുകയായിരുന്നു.
ഫൈനലിലേക്ക് കടന്ന ഓസ്ട്രിയ എത്തുന്നത് ലോകകപ്പിൽ ഇതുവരെ ഒരു മത്സരവും തോൽക്കാത്ത ടീം എന്ന പ്രത്യേകതയുമായാണ്.
സെമിയിൽ ഇറ്റലിക്കെതിരെ ആധികാരിക ജയവുമായായണ് ഫൈനലിൽ പോർച്ചുഗീസ് നിരയെ നേരിടാൻ അവർ എത്തുന്നത്. ഇറ്റലിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഓസ്ട്രിയ കീഴടക്കിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഓസ്ട്രിയയുടെ രണ്ട് ഗോളുകളും പിറന്നത്. ഇരു ഗോളുകളും നേടിയത് വിങ്ങറായ ജൊഹന്നസ് മോറസ്. ആദ്യ ഇലവനിൽ കളിച്ച എല്ലാ മത്സരങ്ങളിലും ഗോൾ നേട്ടവുമായാണ് മോറസ് ഫൈനലിലേക്കും പന്തുതട്ടുന്നത്. പോർചുഗൽ ഏറ്റവും കൂടുതൽ ഭയക്കേണ്ടതും ഓസ്ട്രിയയുടെ ഈ 17കാരനെയാണ്.
ഗ്രൂപ് ഘട്ടത്തിൽ പോർചുഗലിനെ തോൽപിച്ച ജപ്പാനെ ക്വാർട്ടർ ഫൈനലിൽ ഒരു ഗോളിന് കീഴടക്കിയാണ് ഓസ്ട്രിയ എത്തുന്നത്. മറുവശത്ത് ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ബ്രസീൽ ടീമിനെ മുട്ടുകുത്തിച്ച് വരുന്ന പോർച്ചുഗീസ് നിരയും ആത്മവിശ്വാത്തിലാണ്. ഫൈനലിൽ ഫലീഫ സ്റ്റേഡിയത്തിൽ യുറോപ്യൻ കരുത്തരുടെ വീറുറ്റ പോരാട്ടമായിരിക്കും കാണാൻ സാധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.