ആലീസ് പ്രോഗ്രാമിങ് കോമ്പറ്റീഷനിൽ ജേതാക്കളായ പൊഡാർ പേൾ സ്കൂൾ വിദ്യാർഥികൾ
ദോഹ: ദോഹയിലെ കാർണഗി മെലോൺ യൂനിവേഴ്സിറ്റി സംഘടിപ്പിച്ച പ്രശസ്തമായ 'ആലീസ് പ്രോഗ്രാമിങ് കോമ്പറ്റീഷനിൽ പോഡാർ പേൾ സ്കൂളിലെ 'ടീം മാർഷ്യൻസ്' ജേതാക്കൾ. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളായ മഹിൻ മുഹമ്മദ്, ദിവ്യ മുകേഷ്, എട്ടാം ക്ലാസ് വിദ്യാർഥി മാഹിർ അബ്ദുൽ എന്നിവരടങ്ങുന്ന ടീമാണ് വിജയം സ്വന്തമാക്കിയത്. ഇവർ വികസിപ്പിച്ചെടുത്ത പ്രോജക്റ്റ് മോക്സി (Project MOXIE) എന്ന ഇന്ററാക്റ്റീവ് 3D സിമുലേഷൻ ഗെയിം ആണ് വിധികർത്താക്കളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയത്.
നാസയുടെ 'മോക്സി' സാങ്കേതികവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിദ്യാർഥികൾ ഈ പ്രോജക്റ്റ് തയാറാക്കിയത്. ചൊവ്വാ ഗ്രഹത്തിൽ മനുഷ്യ താമസം ഉറപ്പാക്കുന്നതും, അവിടെ നിലനിൽപ്പിന് ആവശ്യമായ ഓക്സിജൻ, ജലം, ഊർജം എന്നിവ കൃത്യമായി കൈകാര്യം ചെയ്യുന്നതുമാണ് ഗെയിമിന്റെ പ്രമേയം. കാർബൺ ഡയോക്സൈഡിനെ ഓക്സിജനാക്കി മാറ്റുന്ന പ്രക്രിയയും ഈ സിമുലേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾ അവതരിപ്പിച്ച പ്രോജക്റ്റ് ശാസ്ത്രീയമായ പ്രസക്തി, സർഗാത്മകത, സാങ്കേതിക മികവ് എന്നിവ ഒത്തുചേർന്നതാണെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. ആലീസ് പ്രോഗ്രാമിങ് പ്ലാറ്റ്ഫോം ഉപയോഗിച്ച് വികസിപ്പിച്ച പ്രോജക്റ്റ് വിദ്യാർഥികളുടെ സാങ്കേതിക മികവും വൈദഗ്ധ്യവും തെളിയിക്കുന്നതാണ്. വിദ്യാർഥികളുടെ കഠിനാധ്വാനത്തിന്റെയും ഒത്തൊരുമയുടെയും ഫലമാണ് വിജയമെന്ന് പോഡാർ പേൾ സ്കൂൾ അധികൃതർ അറിയിച്ചു.
സാങ്കേതികവിദ്യയിലും സ്റ്റെം വിദ്യാഭ്യാസത്തിലും മികവ് പുലർത്താൻ സ്കൂൾ മികച്ച പിന്തുണയാണ് നൽകുന്നത്. യുവ ഗവേഷകർക്ക് വലിയൊരു പ്രചോദനമാണ് ടീം മാർഷ്യൻസിന്റെ വിജയമെന്നും സ്കൂൾ മാനേജ്മെന്റ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.