ദോഹ: ഖത്തറിലെ വിവധ മേഖലകളിൽ ആരാധനാലയങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി അൽ ദകീറയിൽ പുതിയ പള്ളി ഉദ്ഘാടനം ചെയ്തു. ഔഖാഫ് -ഇസ് ലാമിക മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള മോസ്ക് ഡിപ്പാർട്ട്‌മെന്റാണ് ഹമദ് ഈസ അൽ ഹസ്സൻ അൽ മുഹന്നദി മസ്ജിദ് വിശ്വാസികൾക്കായി തുറന്നുകൊടുത്തത്. 4,400 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ അത്യാധുനിക രീതിയിൽ ഉയർന്ന സാങ്കേതിക -വാസ്തുവിദ്യാ സവിശേഷതകളും ഉൾപ്പെടുത്തിയാണ് മസ്ജിദ് നിർമിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ജുമുഅ നമസ്കാരം ഉൾപ്പെടെ നിർവഹിക്കാൻ സൗകര്യമുള്ള പള്ളിയിൽ ഒരേസമയം 480 -ലധികം വിശ്വാസികൾക്ക് നമസ്കരിക്കാനാകും. പ്രധാന പ്രാർത്ഥനാ ഹാളിൽ 425 പുരുഷന്മാർക്കും, വനിതകൾക്ക് പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന പ്രാർത്ഥനാ മുറിയിൽ 56 സ്ത്രീകൾക്കും നമസ്കരിക്കാനുള്ള സൗകര്യമുണ്ട്.
പ്രമുഖ ജീവകാരുണ്യ പ്രവർത്തകയായ ആയിഷ ബിൻത് മുഹമ്മദ് ബിൻ ഇബ്രാഹിം അൽ മുഹന്നദിയുടെ വഖഫ് സംഭാവനയിലൂടെയാണ് മസ്ജിദ് നിർമിച്ചത്. ആരാധനാലയങ്ങളുടെ നിർമാണത്തിലും പരിപാലനത്തിലും വഖഫ് സംവിധാനം വഹിക്കുന്ന സുപ്രധാന പങ്കിന്റെ ഉദാഹരണമാണിതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. മന്ത്രാലയത്തിന്റെ 2025-2030 തന്ത്രപ്രധാന പദ്ധതിയുടെ ഭാഗമായാണ് പുതിയ മസ്ജിദ് ഉദ്ഘാടനം ചെയ്തത്.
രാജ്യത്തെ പള്ളികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യുക, മതപരമായ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയാണ് ഈ തന്ത്രത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രാർത്ഥനക്കും മതപരമായ മാർഗനിർദേശങ്ങൾക്കും ഖുർആൻ പാരായണത്തിനും പുറമെ സമൂഹത്തിന് പ്രയോജനകരമായ കേന്ദ്രമായി മസ്ജിദുകളെ മാറ്റാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.