വ്യാജഫോൺവിളികൾ സംബന്ധിച്ച് ഇഹ്തിറാസ് ആപിലൂടെ ആരോഗ്യമന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്
ദോഹ: ഖത്തറിെൻറ കോവിഡ് പ്രതിരോധ ആപ്ലിക്കേഷനായ ഇഹ്തിറാസിെൻറ പേരിൽ എത്തുന്ന ഫോൺ വിളികളും സന്ദേശങ്ങളും വിശ്വസിക്കരുതെന്നും അവ വ്യാജമാണെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ഇഹ്തിറാസ് ആപ്ലിക്കേഷനുവേണ്ടി വ്യക്തിവിവരങ്ങൾ തേടിയാണ് പലർക്കും ഫോൺവിളികൾ എത്തുന്നത്. ഇത്തരത്തിൽ ഇഹ്തിറാസ് ആപിനു വേണ്ടി വ്യക്തിവിവരങ്ങൾ തേടാൻ ആരെയും ചുമതലപ്പെടുത്തിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആപിലൂടെ നോട്ടിഫിക്കേഷനായി ഉപഭോക്താക്കൾക്ക് പ്രത്യേകഅറിയിപ്പും ഞായറാഴ്ച ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇഹ്തിറാസിലെ വിവരങ്ങളെല്ലാം സുരക്ഷിതമാണ്. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നുമുണ്ട്. മറ്റു വിഭാഗങ്ങളുമായും വകുപ്പുകളുമായും മന്ത്രാലയം ഇക്കാര്യത്തിൽ സഹകരിച്ചുപ്രവർത്തിക്കുന്നുമുണ്ട്. എന്നാൽ, ഇഹ്തിറാസിെൻറ പേരിൽ വരുന്ന വ്യാജകാളുകൾക്കും സന്ദേശങ്ങൾക്കും ചെവികൊടുക്കരുത്. ആരോഗ്യമന്ത്രാലയത്തിൽനിന്നാണെന്നും ആശുപത്രികളിൽനിന്നാണെന്നും മറ്റും പറഞ്ഞാണ് ഇത്തരത്തിൽ കാളുകൾ വരുന്നത്. ഇതിനെതിരെ ജാഗരൂകരാകണം. ഇത്തരത്തിൽ ഒരുതരത്തിലുള്ള വ്യക്തിവിവരങ്ങളും കൈമാറുകയും ചെയ്യരുതെന്നും മന്ത്രാലയം അറിയിപ്പിൽ പറയുന്നു.
ഒരാൾക്ക് കോവിഡ് ഉണ്ടോ എന്ന് മറ്റുള്ളവർക്ക് അറിയാനുള്ള ആപാണ് ഇഹ്തിറാസ്. കോവിഡ്-19െൻറ സമൂഹ വ്യാപനം തടയുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഖത്തർ ഭരണകൂടം ആപ് തയാറാക്കിയത്. നിലവിൽ ഖത്തറിൽ പുറത്തിറങ്ങുന്ന എല്ലാവർക്കും ഫോണിൽ ഇഹ്തിറാസ് ആപ് നിർബന്ധമാണ്. ഇതിൽ പച്ച സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ എവിടെയും പ്രവേശിപ്പിക്കുന്നുള്ളൂ. ഖത്തറിലെ കോവിഡ്-19 പ്രതിരോധ രംഗത്തെ സുപ്രധാന ചുവടുവെപ്പുകളിലൊന്നാണ് ഇഹ്തിറാസ് ആപ്. ഇഹ്തിറാസ് എന്നാൽ 'കരുതൽ' എന്നാണ് അർഥം. ആപ് ഇൻസ്റ്റാൾ ചെയ്യുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും തുടക്കത്തിൽ ജനങ്ങൾക്കുണ്ടായിരുന്ന അവധാനത മാറി രാജ്യത്തുള്ള എല്ലാവരും ആപ് ഉപയോഗിക്കുന്നവരായി മാറി. ഇതോടെ കോവിഡിെൻറ സമൂഹവ്യാപനവും ഇല്ലാതായി. ഇൻസ്റ്റാൾ ചെയ്യുന്ന മുഴുവൻ ആളുകളെയും അവരുടെയും കോൺടാക്ട് ലിസ്റ്റിലുള്ളവരെയും ബന്ധിപ്പിച്ചുകൊണ്ടുള്ള േഡറ്റ ബേസ് വഴിയാണ് ഇഹ്തിറാസ് പ്രവർത്തിക്കുന്നത്. കോവിഡ്-19 കാലത്ത് സുരക്ഷിതത്വ ബോധവും നിർഭയത്വവും നൽകുന്ന സംവിധാനമായി ആപ് മാറുകയായിരുന്നു.
കോവിഡ് പോസിറ്റിവായ രോഗി ഏതെങ്കിലും ആശുപത്രിയിൽ ചികിത്സക്കായി എത്തുന്നതോടെയാണിത്. ആപ്പിെൻറ ബാർകോഡിൽ വിവിധ വർണങ്ങളാൽ ഉപയോക്താവിന് കോവിഡ് സംബന്ധിച്ച് അറിയിപ്പ് നൽകുകയാണ് ചെയ്യുക. പച്ച വർണം ഉള്ളയാൾ ആരോഗ്യവാനാണ്. പോസിറ്റിവ് ആയ ആളുടെ ആപിലെ ബാർകോഡിെൻറ നിറം ചുവപ്പാകും. ഗ്രേ ആണ് ഒരാൾക്ക് കിട്ടുന്നതെങ്കിൽ നമ്മുടെ അടുത്തുകൂടി പോയ ഏതോ ഒരാൾ കോവിഡ് പോസിറ്റിവ് ആണ് എന്നാണർഥം. ഇതോടെ നമുക്ക് ജാഗ്രത പാലിച്ച് പുറത്തിറങ്ങാതെ വീട്ടിൽതന്നെ കഴിയാം. മൊബൈലിലെ ജി.പി.എസ്, ബ്ലൂടൂത്ത് എന്നിവ ഉപയോഗിച്ചാണ് ആപ്പിെൻറ പ്രവർത്തനം. നമ്മുടെ ഒന്നര മീറ്റർ അടുത്തുകൂടി കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഒരു കോവിഡ് രോഗി കടന്നുപോയിട്ടുണ്ടെങ്കിൽ ഇത്ു സംബന്ധിച്ച ജാഗ്രതനിർദേശം ആപിലൂടെ ലഭിക്കും.
പുറത്തിറങ്ങുമ്പോൾ കോവിഡ്-19 രോഗിയോ രോഗികളുമായി ഇടപഴകിയവരോ അടുത്തെങ്ങാനും ഉണ്ടെങ്കിൽ ഉടൻ പരിസരത്തുള്ളവർക്ക് ഇഹ്തിറാസ് ആപ് വഴി സന്ദേശം ലഭിക്കുന്നു. ആളുകൾക്ക് സുരക്ഷിതമായി അവിടെനിന്ന് മടങ്ങാനും ഇതിലൂടെ സാധിക്കുന്നു. ഇഹ്തിറാസ് ആപ് ജനകീയമായതോടെ രോഗഭീതി പൂർണമായും മാറിയില്ലെങ്കിലും ഖത്തറിൽ സാധാരണനിലയിലേക്ക് എത്തിയിട്ടുണ്ട്. കോവിഡ്-19 സംബന്ധിച്ച ഏറ്റവും പുതിയ സ്ഥിതിഗതികളും കണക്കുകളും മറ്റും ആപ് വഴി ഉപയോക്താവിന് ലഭിക്കാനും സൗകര്യമുണ്ട്. പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുകയും വ്യാപനം തടയുകയും ചെയ്യുന്നതിൽ ഭരണകൂടത്തിെൻറ പ്രധാന ടൂളുകളിലൊന്നായി ഇഹ്തിറാസ് ആപ് ഇതിനകം മാറിക്കഴിഞ്ഞു.
തുടക്കത്തിൽ ആപ് ഖത്തർ ഐഡി ഉള്ളവർക്കു മാത്രമേ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ, പിന്നീട് വിസിറ്റ് വിസ, ഫാമിലി വിസിറ്റ് വിസ, ബിസിനസ് വിസ തുടങ്ങിയ എല്ലാ വിസക്കാർക്കും ഉപയോഗിക്കുന്ന പുതിയ വേർഷൻ ആഭ്യന്തരമന്ത്രാലയം പുറത്തിറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.