ദോഹ: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ മികച്ച പ്രകടനവുമായി ഖത്തർ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ലോക രാജ്യങ്ങളുടെ പട്ടികയിൽ 47ാം സഥാനത്താണ് ഖത്തർ. ഖത്തർ പാസ്പോർട്ട് ഉപയോഗിച്ച് 112 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം. കഴിഞ്ഞവർഷം ഇത് 107 രാജ്യങ്ങളിലായിരുന്നു. 2020ൽ 54, 2021ൽ 60, 2022ൽ 53, 2023ൽ 55, 2024ൽ 46 എന്നിങ്ങനെയായിരുന്നു അവസാന വർഷങ്ങളിലെ ഖത്തറിന്റെ സ്ഥാനം.ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) നൽകിയ രേഖകളിൽ നിന്നാണ് ഹെൻലി ഏറ്റവും ശക്തമായ പാസ്പോർട്ടുകൾ നിർണയിക്കുന്നത്. ജി.സി.സി രാജ്യങ്ങളിൽ യു.എ.ഇ ലോകരാജ്യങ്ങളുടെ പട്ടികയിൽ എട്ടാം സഥാനത്തുണ്ട്. 184 രാജ്യങ്ങളിലേക്ക് യു.എ.ഇ പൗരന്മാർക്ക് വിസരഹിതമായി സഞ്ചരിക്കാം.
പട്ടികയിൽ കുവൈത്ത് 50ം സ്ഥാനത്താണ്. കുവൈത്ത് പാസ്പോർട്ടുമായി 100 രാജ്യങ്ങളിലേക്ക് വിസരഹിതമായി പ്രവേശിക്കാം. സൗദി അറേബ്യ 54ാം സഥാനത്താണ്. 91 രാജ്യങ്ങളിലേക്കാണ് പ്രവേശനം. ബഹ്റൈൻ പട്ടികയിൽ 55ഉം ഒമാൻ 56ാം സഥാനത്തുമാണ്. യഥാക്രമം 90, 88 രാജ്യങ്ങളിലേക്ക് ഈ പാസ്പോർട്ടുള്ള പൗരന്മാർക്ക് വിസയില്ലാതെ പ്രവേശിക്കാം.സിംഗപ്പൂർ പാസ്പോർട്ടാണ് ഇൻഡക്സിൽ ഒന്നാമത്. സിംഗപ്പൂർ പാസ്പോർട്ടുള്ളവർക്ക് 193 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാനാവും. ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ പാസ്പോർട്ട് ഉപയോഗിച്ച് 190 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാനാകും. ഡെന്മാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, അയർലാൻഡ്, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് 189 രാജ്യങ്ങളിലേക്കും വിസയില്ലാതെ പ്രവേശിക്കാം.ആസ്ട്രിയ, ബെൽജിയം, ലക്സംബെർഗ്, നെതർലാൻഡ്, നോർവേ, പോർചുഗൽ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ നാലാമത്. ന്യൂസിലാൻഡ്, ഗ്രീസ്, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങൾ അഞ്ചാമതാണ്.ഇന്ത്യ 77ാം സ്ഥാനത്താണ്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം 59 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.