ദോഹ: ഇടുങ്ങിയ ഇടനാഴിയിലൂടെ ഒച്ചിഴയും വേഗത്തിൽ നീങ്ങി വണ്ടി പാർക്ക് ചെയ്യാൻ ഒരിടം കണ്ടെത്തുകയെന്ന ഹിമാലയൻ ദൗത്യം ഒഴിഞ്ഞു തുടങ്ങുകയായി. ഇനി മൊബൈൽ ഫോണിലെ ആപ്ലിക്കേഷനിൽതന്നെ അറിയാം എവിടെയാണ് വണ്ടി പാർക്ക് ചെയ്യാൻ ഒഴിവുള്ളതെന്ന്. അതിനനുസരിച്ച് നീങ്ങിയാൽ നിങ്ങളെയും കാത്ത് അവിടെയൊരു പാർക്കിങ് സ്പേസുണ്ടാവും. ഖത്തറിലെ വാഹന ഉടമകളുടെ വലിയൊരു തലവേദനയെ ഒഴിവാക്കി, പാർക്കിങ് ഡബ്ൾ സ്മാർട്ടാക്കി മാറ്റുന്ന സ്മാർട്ട് പാർക്കിങ് പദ്ധതി അതിവേഗത്തിൽ പുരോഗമിക്കുന്നു.
പാർക്കിങ് സുഗമവും അനായാസവുമാക്കുന്ന സ്മാർട്ട് പാർക്കിങ് പദ്ധതി രാജ്യത്തിന്റെ വിവിധ മേഖലകളിലായി പൂർത്തിയാക്കുന്നതായി അധികൃതർ അറിയിച്ചു. 85 ശതമാനത്തോളം സ്മാർട്ട് പാർക്കിങ് സെൻസറുകൾ സ്ഥാപിച്ചുകഴിഞ്ഞതായി മുനിസിപ്പാലിറ്റി മന്ത്രാലയം ടെക്നിക്കൽ ഓഫിസ് ഡയറക്ടർ എൻജി. താരിഖ് ജുമാ അൽ തമിമി പറഞ്ഞു. ഖത്തർ ടെലിവിഷനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3021 പാർക്കിങ് ഇടങ്ങളിൽ ഇത്തരത്തിലുള്ള സ്മാർട്ട് സെൻസറുകൾ സ്ഥാപിച്ചുകഴിഞ്ഞതായി അദ്ദേഹം വിശദീകരിച്ചു. വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സംയുക്ത പങ്കാളിത്തത്തോടെയാണ് ഇവ സ്ഥാപിക്കുന്നത്. ഖത്തറിലെ ആദ്യ ഡിജിറ്റൽ പാർക്കിങ് സേവന സംവിധാനം എന്ന പ്രത്യേകതകൂടി ഈ പദ്ധതിക്കുണ്ട്.
പൊതു ഇടങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ ഒരുങ്ങുന്ന ഡ്രൈവർക്ക് പാർക്കിങ് ഇടം എളുപ്പത്തിൽ കണ്ടെത്താനും സുഗമമായി വാഹനം ഒതുക്കാനും സൗകര്യം ഒരുക്കുന്നതിനൊപ്പം, പാർക്കിങ് ഫീസ് നിർണയിക്കാനുള്ള സാങ്കേതികവിദ്യയും വികസിപ്പിക്കും.
തിരക്കേറിയ മേഖലകളിലെ ക്യൂ ഒഴിവാക്കാനും പാർക്കിങ് ലളിതമാക്കാനും ഒപ്പം ഡിജിറ്റലൈസിലൂടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്ന് അൽ തമിമി വ്യക്തമാക്കി. അതേസമയം, പൊതുജനങ്ങളെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുകയെന്നതും പ്രഥമ ലക്ഷ്യമാണ്.
സ്മാർട്ട് പാർക്കിങ് സെൻസർ പ്രവർത്തനക്ഷമമായ മേഖലകളിൽ ഒഴിവുള്ള പാർക്കിങ് സ്ഥലം കണ്ടെത്തൽ വാഹന ഉടമകൾക്ക് എളുപ്പമാകും. മൊബൈൽ ഫോണിലെ ആപ്ലിക്കേഷൻ വഴി എവിടെയാണ് പാർക്കിങ് ഇടമുള്ളതെന്ന് ഡ്രൈവർക്ക് തിരിച്ചറിയാൻ കഴിയും. ഖത്തറിനെ ലോകോത്തര സ്മാർട്ട് സിറ്റിയാക്കി മാറ്റുക എന്ന പദ്ധതിയായ സ്മാർട്ട് ഖത്തർ പ്രോഗ്രാമിൽ (ടാസ്മു) ഉൾപ്പെടുത്തിയിരിക്കുന്ന അഞ്ച് സ്മാർട്ട് സെക്ടറുകളുടെ ഭാഗമാണ് സ്മാർട്ട് പാർക്കിങ് സേവനവും. സൂഖ് വാഖിഫ്, അൽ ബിദാ പാർക്ക്, കോർണിഷ്, ഗേറ്റ് മാൾ, ലുസൈൽ, മിഷൈരിബ് തുടങ്ങിയ സ്ഥലങ്ങളിലെ പാർക്കിങ് സ്ഥലങ്ങൾക്കു പുറമെ സുപ്രധാന റോഡുകളിലും കോർണിഷ്, വെസ്റ്റ് ബേ തുടങ്ങിയ പ്രദേശങ്ങളിലെ പാർക്കിങ് സ്ഥലങ്ങളും സ്മാർട്ട് പാർക്കിങ് സർവിസിൽ അടങ്ങിയിരിക്കുന്നു.
പാർക്കിങ് ഇടങ്ങളിൽനിന്നുള്ള ഡയറക്ട് ഡേറ്റ ലഭ്യമാകുന്നതു പ്രകാരം പാർക്കിങ് സ്ഥലം സംബന്ധിച്ച കൃത്യമായ വിവരം യാത്രക്കാരന് നൽകുന്നതാണ് ഈ പദ്ധതി. ഗതാഗത തടസ്സം, നീണ്ട ക്യൂ, കാലതാമസം എന്നിവ ഒഴിവാക്കാൻ ഇതുവഴി കഴിയും. ഒപ്പം, പരിസ്ഥിതി മലിനീകരണ തോത് കുറക്കാനും കാർ യാത്രാദൈർഘ്യം, വാഹനത്തിന്റെ അമിതമായ പ്രവർത്തനം എന്നിവ കുറക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.