ചൈനയിൽനിന്നെത്തിയ ഭീമൻപാണ്ടകളിലൊന്ന് അൽഖോറിലെ പാണ്ട ഹൗസ് പാർക്കിൽ
ദോഹ: പാണ്ട ഹൗസ് പാർക്കിനെ പ്രധാന അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ പദ്ധതിയൊരുക്കി മുനിസിപ്പാലിറ്റി മന്ത്രാലയം. 1.2 ലക്ഷം ചതുരശ്ര മീറ്റർ അത്യാധുനിക സൗകര്യങ്ങളുള്ള അൽ ഖോറിലെ പാണ്ട ഹൗസ് പാർക്ക് ലോകത്തിനു മുമ്പാകെ പരിചയപ്പെടുത്തുന്നതിന് ഖത്തർ ടൂറിസവും ഖത്തർ എയർവേസും ചേർന്ന് വിശാലമായ കാമ്പയിൻ തുടങ്ങുമെന്ന് പബ്ലിക് പാർക് ഡിപ്പാർട്മെന്റ് ഡയറക്ടർ എൻജിനീയർ മുഹമ്മദ് അലി അൽ ഖോറി പറഞ്ഞു. പാർക്കിൽ നിരവധി പുതിയ കാര്യങ്ങൾ കൂട്ടിച്ചേർക്കുമെന്നും വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഈയിടെ വ്യക്തമാക്കിയിരുന്നു.
അൽബെയ്ത്ത് സ്റ്റേഡിയത്തിന് എട്ടുകിലോമീറ്റർ അകലെ അൽഖോർ പാർക്കിൽ സജ്ജമാക്കിയ പാണ്ട ഹൗസ് പാർക്കിലാണ് ‘സുഹൈൽ’, ‘തുറായ’ എന്ന പേരുകളിൽ രണ്ടു ഭീമൻ പാണ്ടകളുള്ളത്. തങ്ങൾക്കിടയിലെ സൗഹൃദത്തിന്റെ വ്യാപ്തി വർധിപ്പിക്കാനും ഖത്തർ ആതിഥ്യംവഹിക്കുന്ന ലോകകപ്പ് ഫുട്ബാളിന് ചൈനയുടെ ആശംസകൾ കൈമാറാനുമായി ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന് കീഴിലാണ് നാലു വയസ്സുകാരനായ സുഹൈലും മൂന്നുവയസ്സുകാരിയായ തുറായയും ചൈനയിൽനിന്ന് വന്നത്. ചൈനയിൽനിന്ന് പ്രത്യേകം സജ്ജീകരിച്ച വിമാനത്തിലാണ് ഇവർ ദോഹയിലെത്തിയത്. സുഹൈലും തുറായയും എത്തിയതോടെ ഭീമൻ പാണ്ടകളുള്ള മധ്യ പൂർവേഷ്യൻ രാജ്യം എന്ന ബഹുമതി ഖത്തറിന് സ്വന്തമായിരുന്നു. ചൈനയിലെ വൊളോങ് ഷെൻഷൂപിങ് പാണ്ട ബേസിലാണ് ഇവരുടെ ജനനം. സി ഹായ് എന്ന ചൈനീസ് പേരുമാറ്റിയാണ് തുറായ എന്നായത്. സുഹൈലിന്റെ ചൈനീസ് പേര് ജിങ് പിങ് എന്നായിരുന്നു.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഓൺലൈൻ ആപ് വഴിയുള്ള ബുക്കിങ്ങിലൂടെ പാണ്ട ഹൗസ് പാർക്ക് പ്രതിദിനം 1700 സന്ദർശകരെ ആകർഷിക്കുന്നുണ്ടെന്നും അൽ ഖോറി പറഞ്ഞു. എല്ലാ സമയത്തും പാണ്ടകളുടെ പരിചരണം ഉറപ്പുവരുത്തുന്നതിനായി മെഡിക്കൽ സൗകര്യം പാണ്ട പാർക്കിനോട് അനുബന്ധമായി ചേർത്തിട്ടുണ്ട്. ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ മിൻഷാൻ പർവതനിരകളിലെ പർവതങ്ങൾക്ക് സമാനമായാണ് പാണ്ട പാർക്ക് രൂപകൽപന ചെയ്തിരിക്കുന്നത്. പാർക്കിന്റെ പുറംഭാഗങ്ങളിൽ മൂവായിരത്തോളം മുളച്ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
പാർക്കിനുള്ളിലെ താപനില ഏകദേശം 15 ഡിഗ്രി സെൽഷ്യസായി ക്രമീകരിച്ചിട്ടുണ്ട്. പാണ്ടകൾക്ക് നീരാടാൻ കുളവും കളിക്കാനായി ഉണങ്ങിയ മരവും മരപ്പാലവുമൊക്കെയായി പരിസ്ഥിതിസൗഹൃദമായ സ്വാഭാവിക ആവാസവ്യവസ്ഥക്ക് അനുയോജ്യമായ സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. അൽ ഖോറിലെ പാണ്ട പാർക്ക് ലോകത്തുതന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയതാണെന്നും അൽ ഖോറി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.