യു.എൻ.ആർ.ഡബ്ല്യൂ.എ വളന്റിയർമാർ
ദോഹ: ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭ ദുരിതാശ്വാസ പ്രവർത്തന ഏജൻസി (യു.എൻ.ആർ.ഡബ്ല്യൂ.എ)യുടെ പ്രവർത്തനങ്ങൾക്കായി വൻതുക നീക്കിവെച്ച് ഖത്തർ. വിവിധ മാനുഷിക പ്രവർത്തനങ്ങൾക്കുള്ള പിന്തുണ എന്ന നിലയിൽ 6.57 കോടി റിയാലാണ് ഖത്തർ പ്രഖ്യാപിച്ചത്.
നിലവിലെ ദുഷ്കരമായ മാനുഷികസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സഹോദരരായ ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിനും യു.എൻ ഏജൻസിയുടെ സാമ്പത്തിക ഞെരുക്കം നികത്തുന്നതിനുമായി 2024ലും യു.എൻ ദുരിതാശ്വാസ ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
സഹോദരരായ ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവർക്ക് എല്ലാ പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യത്തിന്റെ സ്ഥിരതയാർന്ന നിലപാടിനനുസൃതമായി മുൻവർഷങ്ങളിലും യു.എൻ ഏജൻസിക്കുള്ള സംഭാവനകൾ വർധിപ്പിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
2018ൽ ദുരിതാശ്വാസ പ്രവർത്തന ഏജൻസിയുമായി അതിന്റെ പ്രധാന ചുമതലകളെ പിന്തുണക്കുന്നതിന് ഒന്നിലധികം വർഷത്തെ കരാറിൽ ഒപ്പുവെച്ച ആദ്യ അറബ് രാജ്യം കൂടിയാണ് ഖത്തർ. 2021ൽ 36.5 ദശലക്ഷം റിയാലും 2022ൽ 29.2 ദശലക്ഷം റിയാലുമുൾപ്പെടെ രണ്ട് വർഷത്തിനിടയിൽ ഏജൻസിയെ പിന്തുണക്കുന്നതിനായി ഖത്തർ ഡെവലപ്മെന്റ് 65.7 മില്യൺ റിയാൽ സംഭാവന നൽകിയതായും പ്രസ്താവനയിൽ വ്യക്തമാക്കി.
ധനസഹായം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലധിഷ്ഠിത പരിശീലനം എന്നിവയുൾപ്പെടെ സിറിയയിൽ ഏജൻസിയുടെ അടിയന്തര പദ്ധതിയിലേക്കായി 25.55 ദശലക്ഷം റിയാൽ ഖത്തർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.