പാക് -അഫ്ഗാൻ അതിർത്തിയിൽ വെടിനിർത്തൽ കരാറിനായി ദോഹയിൽ നടന്ന ചർച്ചക്കിടെ
ദോഹ: പാക് -അഫ്ഗാൻ അതിർത്തിയിലെ വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിനായി ഖത്തറും തുർക്കിയയും നടത്തിയ മധ്യസ്ഥ ശ്രമങ്ങളെയും നയതന്ത്രപരമായ ഇടപെടലുകളെയും സ്വാഗതം ചെയ്ത് നിരവധി അറബ് രാജ്യങ്ങൾ.
പാക് -അഫ്ഗാൻ അതിർത്തിയിലെ രൂക്ഷമായ സംഘർഷങ്ങളെ തുടർന്നാണ് ഖത്തറിന്റെയും തുർക്കിയയുടെയും മധ്യസ്ഥതയിൽ ദോഹയിൽ ചർച്ച നടന്നത്. തുടർന്ന് അടിയന്തര വെടിനിർത്തലിനും സമാധാനവും സ്ഥിരതയും ഏകീകരിക്കുന്നതിനുള്ള സംവിധാനങ്ങൾ രൂപപ്പെടുത്താനും ധാരണയായിരുന്നു.
പാക് -അഫ്ഗാൻ വെടിനിർത്തലിനെയും ശാശ്വത സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനുള്ള സംവിധാനങ്ങൾ നടപ്പാക്കുന്നതിനുമായി ഒപ്പുവെച്ച കരാറിനെയും സൗദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണയറിയിച്ച സൗദി, പാകിസ്താനിലെയും അഫ്ഗാനിലെയും ജനതയുടെ സ്ഥിരതയും സുരക്ഷയും ഉറപ്പാക്കണമെന്നും ആവർത്തിച്ചു. വിഷയത്തിൽ ഖത്തറും തുർക്കിയും വഹിച്ച നയതന്ത്രപരമായ ശ്രമങ്ങളെയും മന്ത്രാലയം പ്രശംസിച്ചു.
കരാർ യാഥാർഥ്യമാക്കുന്നതിനായി ഖത്തറും തുർക്കിയയും നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ അഭിനന്ദിച്ച ഒമാൻ, കരാറിലൂടെ പാക് -അഫ്ഗാൻ രാജ്യങ്ങൾക്കിടയിൽ ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കാനാകുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. ദോഹയിൽ ഒപ്പുവെച്ച പാക് -അഫ്ഗാൻ വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ ഖത്തറും തുർക്കിയയും നടത്തിയ നയതന്ത്രപരമായ ശ്രമങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി സ്വാഗതം ചെയ്തു.
ഇരു രാജ്യങ്ങൾക്കുമിടയിൽ വിശ്വാസവും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള നിർണായകമായ ചുവടുവെപ്പാണ് ഈ കരാറെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കരാറിനെ സ്വാഗതം ചെയ്ത കുവൈത്ത് വിദേശകാര്യ മന്ത്രാലയം തർക്കങ്ങൾ പരിഹരിക്കുന്നതിനും പ്രാദേശിക, അന്തർദേശീയ സുരക്ഷ വർധിപ്പിക്കുന്നതിനും സംഭാഷണത്തിന്റെയും നയതന്ത്ര ശ്രമങ്ങളുടെയും പ്രാധാന്യം വിശദീകരിച്ചു. സമാധാന കരാറിനായി ഖത്തറും തുർക്കിയയും നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ ജോർഡൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഫൗദ് മജാലി പ്രശംസിച്ചു.
ഇരു രാജ്യങ്ങൾക്കുമിടയിലുള്ള അതിർത്തി പ്രദേശങ്ങളിൽ സുരക്ഷയും സ്ഥിരതയും സ്ഥാപിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ജോർഡൻ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ തുടർച്ച ഉറപ്പാക്കാൻ വരും ദിവസങ്ങളിൽ തുടർയോഗങ്ങൾ ചേരുന്നുണ്ട്. അടുത്തഘട്ട ചർച്ചകൾ തുർക്കിയയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.