ദോഹ: ദോഹ എക്സ്പ്രസ് ഹൈവേയുടെ ദക്ഷിണ ഭാഗവും ഹമദ് തുറമുഖ റോഡും പബ്ലിക് വർക്സ് അതോറിറ്റി അശ്ഗാൽ ഗതാഗത്തിനായി തുറന്നുകൊടുത്തു. ദോഹ എക്സ്പ്രസ് ഹൈവേയുടെ ബാക്കിഭാഗം കൂടി ഗതാഗതത്തിന് തുറന്ന് കൊടുത്തതിനാൽ അൽ വക്റ പ്രധാന റോഡിലെ ഗതാഗതക്കുരുക്കിന് ഏറെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുഭാഗത്തും അഞ്ച് പാതകൾ വീതം 11 കിലോമീറ്റർ നീളമുളള ഹൈവേ വക്റയുടെ വടക്ക്, തെക്ക് ഭാഗങ്ങളെയാണ് കൂട്ടിയോജിപ്പിക്കുന്നത്. ഗതാഗത വാർത്താ വിനിമയമന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി, മുനിസിപ്പാലിറ്റി–പരിസ്ഥിതി വകുപ്പ് മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ റുമൈഹി തുടങ്ങിയവരും അശ്ഗാലിെൻറ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തെ വിവിധ മേഖലകളിൽ നിർമ്മാണം നടക്കുന്ന എക്സ്പ്രസ് ഹൈവേകളുടെ ഭാഗമായാണ് പുതിയ ഹൈവേ ഗതാഗത്തിനായി തുറന്നുകൊടുത്തിരിക്കുന്നത്. വക്റ, വുകൈർ, അൽ മശാഫ് തുടങ്ങിയ രാജ്യത്തിെൻറ തെക്കൻ മേഖലകളിലാണ് പ്രധാനമായും ഹൈവേ പദ്ധതികൾ നിർമ്മാണത്തിലിരിക്കുന്നത്.അഞ്ച് ഇൻറർചെയ്ഞ്ചുകൾ ഉൾപ്പെടുന്ന പുതിയ പാത, രാജ്യത്തിെൻറ തെക്കൻ ഭാഗത്ത് നിന്നും ഗതാഗത തടസ്സമില്ലാതെ വടക്കൻ ഭാഗത്തേക്കും തിരിച്ചും പോകുന്നതിന് ഏറെ ഗുണകരമാകും. അതേസമയം തന്നെ, ഹമദ് തുറമുഖത്തെയും ജി–റിങ് റോഡിനെയും ബന്ധിപ്പിക്കുന്ന 14 കിലോമീറ്റർ നീളത്തിലുള്ള ഹമദ് തുറമുഖ റോഡ് അശ്ഗാൽ ഗതാഗതത്തിനായി തുറന്നു കൊടുത്തു. ഹമദ് തുറമുഖത്ത് നിന്നും ഇൻഡസ്ട്രിയൽ ഏരിയയിലേക്കുള്ള ചരക്കുനീക്കം എളുപ്പമാക്കുന്നതിന് പുതിയ പാത ഏറെ ഉപകാരപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.