ദോഹ: ലുസൈൽ എക്സ്പ്രസ് വേയിലെ പ്രധാന മൂന്ന് ഇൻറർചെയ്ഞ്ചുകളിലൊന്നായ ഒനൈസ ഇൻറർചെയ്ഞ്ചിലെ തുരങ്കം ഗതാഗതത്തിനായി അശ്ഗാൽ തുറന്നു കൊടുത്തു. അശ്ഗാൽ പ്രസിഡൻറ് ഡോ. എഞ്ചിനീയർ സഅദ് ബിൻ അഹ്മദ് അൽ മുഹന്നദി, ഗതാഗത വാർത്താവിനിമയ മന്ത്രാലയം, അശ്ഗാൽ, ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗത വിഭാഗം തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുമുള്ള ഉന്നത പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. നിലവിലെ ഒനൈസ ഇൻറർചെയ്ഞ്ചി(ദോഹ എക്സിബിഷൻ സെൻറർ ട്രാഫിക് സിഗ്നൽ)നടുത്ത് നിന്നുമാരംഭിക്കുന്ന തുരങ്കം, കതാറ കൾച്ചറൽ വില്ലേജിന് മുന്നിലെ സിഗ്നൽ നിയന്ത്രിത ഇൻറർസെക്ഷൻ വരെ നീളും. ആക്സസ് റോഡുകളടക്കം ഒരു കിലോമീറ്ററോളം വരുന്ന പാതയിൽ തുരങ്കത്തിെൻറ നീളം 630 മീറ്റാണ്.
തുരങ്കത്തിലെ നാല് വരികളിൽ മൂന്നും ഗതാഗതത്തിനായി തുറന്നിട്ടുണ്ടെന്നും വെസ്റ്റ് ബേയിലേക്ക് പേളിൽ നിന്നും വരുന്നവർക്ക് പഴയ എക്സിബിഷൻ സെൻററിെൻറ മുന്നിലുള്ള ട്രാഫിക് ലൈറ്റിൽ നിർത്തേണ്ടതില്ലെന്നും അശ്ഗാൽ വ്യക്തമാക്കി. ഒനൈസ സ്ട്രീറ്റിെൻറ കിഴക്ക് ഭാഗത്തെ ബന്ധപ്പിക്കുന്ന പാലം ഉൾപ്പെടെയുള്ള ഇൻറർചെയ്ഞ്ചിെൻറ ബാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നാണ് അശ്ഗാൽ വ്യക്തമാക്കുന്നത്. മേഖലയിലെ ഗതാഗതം സുഗമമാക്കുന്നതിന് ഒനൈസ ഇൻറർചെയ്ഞ്ച് പ്രധാന പങ്ക് വഹിക്കുമെന്ന് എഞ്ചിനീയർ സഅദ് ബിൻ അഹ്മദ് അൽ മുഹന്നദി പറഞ്ഞു. 2018 ജനുവരിയിൽ ലുസൈൽ എക്സ്പ്രസ് വേ പൂർത്തിയാക്കുന്നതോടെ മേഖലയിലെ ഗതാഗത പ്രശ്നങ്ങൾ പൂർണമായും നീങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പദ്ധതിയുടെ ബാക്കി പ്രധാന ഭാഗങ്ങൾ വരും മാസങ്ങളിൽ തുറന്ന് കൊടുക്കുമെന്നും വെസ്റ്റ്ബേ ഇൻറർചെയഞ്ചിലെ പ്രധാന പാലം ജൂണിൽ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ പ്രധാന പദ്ധതികളിലൊന്നായ ലുസൈൽ എക്സ്പ്രസ് വേ കതാറ വഴി ദോഹയെയും ലൂസൈലിനെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.