ദോഹ: ഖത്തർ അങ്ങിനെയാണ്. എന്നും അവർ വിസ്മയിപ്പിക്കും. 2022 ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങൾക്ക് ചുറ്റും പച്ചപ്പ് തീർക്കാനായി പുല്ലിെൻറയും മരങ്ങളുടെയും തോട്ടം തന്നെ ഒരുക്കുകയാണ് രാജ്യം. മേഖലയിലെ ഏറ്റവും വലിയ ചെടി നഴ്സറിയുമായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് വീണ്ടും അത്ഭുതം കാട്ടാനിറങ്ങുന്നത്. ഉംസലാലിൽ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ റുമൈഹിയുടെ സാന്നിദ്ധ്യത്തിൽ ചെടി നഴ്സറി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി, മന്ത്രാലയത്തിന് കീഴിലെ കാർഷിക വ കുപ്പ് തലവൻമാർ, പബ്ലിക് പാർക്ക് വകുപ്പ് ഉന്നത പ്രതിനിധികൾ, സുപ്രീം കമ്മിറ്റി, അശ്ഗാൽ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ലോകകപ്പ് ശേഷവും രാജ്യത്ത് സുസ്ഥിരമായ പരിസ്ഥിതി നയം തുടർന്നുപോകുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് സുപ്രീം കമ്മിറ്റി ഇത്തരമൊരു സംരംഭത്തിന് മുതിർന്നിരിക്കുന്നത്. ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്കുള്ള ചെടികളും വൃക്ഷത്തൈകളും മരങ്ങളും നട്ടുവളർത്താൻ ലക്ഷ്യമിട്ടാണ് നഴ്സറി സ്ഥാപിച്ചിരിക്കുന്നത്. വരും വർഷങ്ങളിൽ 60 ഇനത്തിൽ പെട്ട 16000 മരങ്ങൾ കൂടി നട്ടുപിടിപ്പിക്കാനുള്ള ശ്രമത്തിലാണ് സുപ്രീം കമ്മിറ്റി. ഇതിെൻറ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രാജ്യത്തിനായി പരിസ്ഥിതി നയം അവശേഷിപ്പിച്ചാണ് ഖത്തർ ലോകകപ്പ് പദ്ധതിയെന്നതിന് മറ്റൊരു ഉദാഹരണമാണിതെന്ന് ചടങ്ങിൽ സംസാരിക്കവേ ഹസൻ അൽ തവാദി പറഞ്ഞു. വിവിധ മേഖലകളിൽ സ്വയം പര്യാപ്തത ലക്ഷ്യമിടുന്നതിെൻറ ഭാഗം കൂടിയാണിതെന്നും ടൂർണമെൻറ് സ്റ്റേഡിയങ്ങളിലേക്കും സ്റ്റേഡിയത്തിന് ചുറ്റും പതിക്കാനാവശ്യമായ പുല്ല് ഉൽപാദനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും തവാദി സൂചിപ്പിച്ചു. പരിസ്ഥിതി മേഖലയിലെ സുസ്ഥിരതയും പദ്ധതിയുടെ ലക്ഷ്യങ്ങളിൽ പെടുന്നുവെന്നും ഖത്തറിലെ ഭൂ തലങ്ങളിലേക്ക് പുതിയ തരം മരങ്ങളെ ഇതിലൂടെ അവതരിപ്പിക്കുമെന്നും സുപ്രീം കമ്മിറ്റി തലവൻ വ്യക്തമാക്കി.
ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ സൗന്ദര്യവൽകരണത്തിൽ ഇത് മുഖ്യപങ്ക് വഹിക്കുമെന്ന് മന്ത്രി അൽ റുമൈഹി പറഞ്ഞു.
ആസ്പയർ സോണിനോളം വരുന്ന 880,000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് മരം നഴ്സറി സ്ഥാപിക്കുന്നത്. ദോഹക്ക് വടക്ക് ഭാഗം ഉംസലാൽ മുഹമ്മദിൽ ദോഹ നോർത്ത് സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറിന് സമീപത്തായാണ് നഴ്സറി. 16000 മരങ്ങളും 679,000 കുറ്റിച്ചെടികളുമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്.
ഖത്തറിന് പുറമേ, തായ് ലൻറ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഉൽപാദിപ്പിക്കുന്ന ചെടികളാണ് ഇവിടെ വളർത്തുന്നത്. സ്റ്റേഡിയങ്ങൾക്ക് ചുറ്റും 425,000 ചതുരശ്രമീറ്റർ ഭാഗത്താണ് ടർഫ് സ്ഥാപിക്കുന്നത്. വർഷത്തിൽ 1,200,000 ചതുരശ്രമീറ്ററിലേക്കുള്ള ടർഫിനുള്ള പുല്ലാണ് ഉംസലാലിൽ ഉൽപാദിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ടർഫ് ഫാമായി ഇത് ഭാവിയിൽ അറിയപ്പെടും. വർഷത്തിൽ രണ്ട് മൂന്ന് തവണയായി ഇതിെൻറ വിളവെടുപ്പ് നടക്കും.
ലോകകപ്പ് ടൂർണമെൻറിന് ശേഷം പുൽത്തകിടി രാജ്യത്തെ പബ്ലിക് പാർക്കിലേക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.