പുനർനിർമ്മിച്ച അഹമ്മദ് അൽ ഫത്തേഹ് പള്ളി ഉദ്ഘാടനം ചെയ്ത് ഹമദ് രാജാവ്

മനാമ: പുനർനിർമിച്ച ഗുദൈബിയയിലെ ചരിത്രപ്രസിദ്ധമായ അഹമ്മദ് അൽ ഫത്തേഹ് പള്ളിയുടെ ഉദ്ഘാടനം നിർവഹിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ഹമദ് രാജാവിന്റെ നിർദേശപ്രകാരം സുപ്രീം കൗൺസിൽ ഫോർ ഇസ്‌ലാമിക് അഫയേഴ്‌സിന്റെ മേൽനോട്ടത്തിലാണ് പള്ളിയുടെ പുനർനിർമ്മാണം പൂർത്തിയാക്കിയത്.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയും മറ്റ് രാജകുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതനായിരുന്നു.

പള്ളിയിൽ പ്രവേശിച്ച ഹമദ് രാജാവ് നിസ്കാരം നിർവ്വഹിക്കുകയും പള്ളിയുടെ പ്രധാന പ്രാർത്ഥനാ ഹാൾ, മറ്റ് ഹാളുകൾ, അനുബന്ധ സൗകര്യങ്ങൾ, നടപ്പാതകൾ എന്നിവ ചുറ്റിക്കാണുകയും ചെയ്തു. തുടർന്ന്, ബഹ്‌റൈൻ രാജ ഭരണത്തിന് തുടക്കം കുറിച്ച ഭരണാധികാരികളിലൊരാളായ ഹിജ്റ 1209-ൽ (ക്രിസ്തുവർഷം 1795) അന്തരിച്ച ശൈഖ് അഹമ്മദ് അൽ ഫത്തേഹിന്റെ പള്ളിക്ക് സമീപമുള്ള ഖബറിടവും രാജാവ് സന്ദർശിച്ചു.

അദ്ദേഹത്തിന്‍റെ ഓർമക്കായാണ് ഈ പള്ളി സ്ഥാപിതമായത്. സൗന്ദര്യാത്മകവും ഇസ്‌ലാമിക വാസ്തുവിദ്യാ ശൈലിയിലുമുള്ള രണ്ട് നിലകളിലായാണ് പള്ളി പുനർനിർമ്മിച്ചിരിക്കുന്നത്. 1,304 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പള്ളിയിൽ ഒരേസമയം ആയിരത്തിലധികം തീർത്ഥാടകർക്ക് പ്രാർത്ഥന നടത്താനുള്ള സൗകര്യമുണ്ട്.

ശൈഖ് അഹമ്മദ് അൽ ഫത്തേഹിന്റെ പേരിൽ സ്ഥാപിതമായ ഈ പള്ളി, അറിവിന്റെയും സംസ്കാരത്തിന്റെയും പ്രകാശഗോപുരമാണെന്ന് ഉദ്ഘാടനത്തിന് ശേഷം ഹമദ് രാജാവ് പറഞ്ഞു. ബഹ്‌റൈന്റെ ചരിത്രപരമായ പാരമ്പര്യവും മൂല്യങ്ങളും സംരക്ഷിക്കുന്നതിൽ മുൻഗാമികൾ വഹിച്ച പങ്കിനെ അദ്ദേഹം പ്രശംസിച്ചു.

Tags:    
News Summary - King Hamad inaugurates rebuilt Ahmed Al Fateh Mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.