വിമാനത്താവളത്തിൽ ഇലക്ട്രിക് ടാക്സി പൈലറ്റ് പദ്ധതിക്ക് തുടക്കം

മനാമ : ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടാക്സി സേവനങ്ങൾക്കായി ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുന്ന പൈലറ്റ് പദ്ധതിക്കും, പുതിയ ‘ബഹ്‌റൈൻ പോസ്റ്റ്’ ശാഖയ്ക്കും തുടക്കമായി. ഗതാഗത-വാർത്താവിനിമയ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഫഖ്‌റൂ മോട്ടോഴ്‌സിന്റെ സഹകരണത്തോടെയാണ് ഇലക്ട്രിക് ടാക്സി പദ്ധതി നടപ്പിലാക്കുന്നത്.

ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ബഹ്‌റൈൻ എയർപോർട്ട് കമ്പനി, ബഹ്‌റൈൻ എയർപോർട്ട് സർവീസസ്, ഫഖ്‌റൂ മോട്ടോഴ്‌സ് എന്നിവയുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

വിമാനത്താവളത്തിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും യാത്രക്കാർക്ക് മികച്ച അനുഭവവും സുസ്ഥിര സേവനങ്ങളും ഉറപ്പാക്കുന്നതിനും പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. ടാക്സി സർവീസുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തനക്ഷമത വിലയിരുത്താനാണ് ഈ പൈലറ്റ് പദ്ധതി ലക്ഷ്യമിടുന്നത്. ഭാവിയിൽ ഇ-വാഹനങ്ങളുടെ ഉപയോഗം കൂടുതൽ വ്യാപിപ്പിക്കാൻ ഇത് സഹായകരമാകും.

ഈ പരീക്ഷണ പദ്ധതിയിലൂടെ എയർപോർട്ട് ടാക്സി ഡ്രൈവർമാർക്ക് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതിനുള്ള പരിചയം ലഭിക്കുമെന്ന് ലാൻഡ് ട്രാൻസ്‌പോർട്ട് ആന്റ് പോസ്റ്റ് അണ്ടർസെക്രട്ടറി ഫാത്തിമ അബ്ദുള്ള അൽ ധഈൻ പറഞ്ഞു. ഡ്രൈവർമാരിൽ നിന്നും യാത്രക്കാരിൽ നിന്നുമുള്ള പ്രതികരണങ്ങൾ അടിസ്ഥാനമാക്കി പദ്ധതി വിലയിരുത്തുമെന്നും അവർ കൂട്ടിച്ചേർത്തു. പദ്ധതിക്ക് ആവശ്യമായ ചാർജിങ് സൗകര്യങ്ങളും മറ്റ് പിന്തുണയും നൽകുമെന്ന് ഫഖ്‌റോ മോട്ടോഴ്‌സ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ആദിൽ ഫഖ്‌റൂ അറിയിച്ചു.

യാത്രക്കാരുടെ സൗകര്യാർത്ഥം സ്മാർട്ട് സേവനങ്ങളോടെയാണ് വിമാനത്താവളത്തിൽ പുതിയ ബഹ്‌റൈൻ പോസ്റ്റ് ശാഖ ആരംഭിച്ചിരിക്കുന്നത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക് പാഴ്‌സൽ ലോക്കറുകൾ വഴി ഉപഭോക്താക്കൾക്ക് പോസ്റ്റ് ഓഫീസ് സമയത്തിന് ശേഷവും 24 മണിക്കൂറും പാഴ്‌സലുകൾ കൈപ്പറ്റാൻ സാധിക്കും.

ലഗേജ് അധികമുള്ള യാത്രക്കാർക്ക് ആകർഷകമായ നിരക്കുകളിൽ നാട്ടിലേക്കും അന്താരാഷ്ട്ര തലത്തിലേക്കും അയക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. കൂടാതെ, ബഹ്‌റൈൻ പോസ്റ്റ് ടീം നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച സ്മാർട്ട് ലാംഗ്വേജ് അസിസ്റ്റൻസ് സിസ്റ്റവും നിലവിൽ വന്നു. ബഹുഭാഷാ തൽസമയ വിവർത്തനം സാധ്യമാക്കുന്ന ഈ സംവിധാനം വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുമായുള്ള ആശയവിനിമയം കൂടുതൽ എളുപ്പമാക്കും.

Tags:    
News Summary - Electric taxi pilot project launched at airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.