ദോഹ: ന്യൂസിലാൻറിലെ മുസ്ലിംപള്ളികളില് കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തെ ശൂറാ കൗണ്‍സില്‍ ശക്തമായി അപലപിച്ചു.
സ്പീക്കര്‍ അഹ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍മ ഹ്മൂദിെൻറ അധ്യക്ഷതയില്‍ ആണ് കൗണ്‍സിൽ യോഗം ചേര്‍ന്നത്. ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു പള്ളികളിലുണ്ടായ ആക്രമണങ്ങളില്‍ അമ്പത് പേരാണ് രക്തസാക്ഷികളായത്. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ മനസാക്ഷിയെത്തന്നെ പിടിച്ചുലച്ച അതിക്രൂരമായ കുറ്റകൃത്യമാണിത്. തീവ്രവാദത്തിന് മതമില്ലെന്നതിെൻറ പുതിയ തെളിവാണിത്. വെറുപ്പും വംശീയതയും അസഹിഷ്ണുതയും മനുഷ്യത്വത്തിന് കടുത്ത ഭീഷണിയാകുന്നു. ശക്തമായും യോജിച്ചും രാജ്യാന്തരനിലപാട് സ്വീകരിക്കേണ്ട സമയമാണിത്. ഉദ്ദേശലക്ഷ്യങ്ങളോ കാരണങ്ങളോ എന്തുതന്നെയായാലും തീവ്രവാദത്തെ പ്രതിരോധിക്കേണ്ടതുണ്ട്. അതിനായുള്ള അനുയോജ്യമായ സമയമാണിത്.
കരിമരുന്ന്, വെടിക്കെട്ട് കരട് നിയമം ചർച്ചയായി
കരിമരുന്ന്, വെടിക്കെട്ട് സംബന്ധമായ കരട് നിയമവും ശൂറാകൗണ്‍സില്‍ ചര്‍ച്ച ചെയ്തു. കരിമരുന്നു പ്രയോഗം സുരക്ഷിതമാക്കുന്നതിനുള്ള വ്യവസ്ഥകളാണ് കരട് നിയമത്തിലുള്ളത്. പടക്ക നിര്‍മാണം, കയറ്റുമതി, ഇറക്കുമതി, സംഭരണ ലൈസന്‍സ് നല്കാന് ആഭ്യന്തരമന്ത്രാലയത്തിനാണ് അധികാരം. നിയമവിധേയമല്ലാത്ത രീതിയില്‍ പൊതുജനങ്ങള്‍ പടക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതുമൂലമുള്ള അപകടങ്ങളും സുരക്ഷാപ്രശ്നങ്ങളും ഒഴിവാക്കുകയാണ് ലക്ഷ്യമിടുന്നത്. പടക്കങ്ങളുടെ നിര്‍മാണം, കയറ്റുമതി, ഇറക്കുമതി, വ്യാപാരം, സംഭരണം, കൈമാറ്റം, കൈവശം സൂക്ഷിക്കല്‍ തുടങ്ങി കരിമരുന്നു പ്രയോഗം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും സമഗ്രമായി നിയമത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. പടക്കങ്ങളെ അവയുടെ സ്ഫോടകശേഷിയുടെ അടിസ്ഥാനത്തില്‍ പല പട്ടികകളാക്കി നിയമത്തില്‍ തരം തിരിച്ചിട്ടുണ്ട്. ഇതില്‍ ഒന്നും രണ്ടും പട്ടികയില്‍ പെടുന്ന പടക്കങ്ങള്‍ ലൈസന്‍സ് ഇല്ലാത്തവര്‍ കൈകാര്യം ചെയ്യുന്നത് കരടുനിയമം നിരോധിക്കുന്നു. ലൈസന്‍സ് കാലാവധി, പുതുക്കല്‍, നിലവിലുള്ള ലൈസന്‍സ് റദ്ദാക്കല്‍, ഒരിക്കല്‍ റദ്ദാക്കിയ ലൈസന്‍സ് പുനസ്ഥാപിക്കാവുന്ന സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച വ്യവസ്ഥകളും കരടുനിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.