ദോഹ: കൈയാങ്കളിയും ബഹിഷ്കരണവുംകൊണ്ട് വിവാദമായി ഖത്തർ-ന്യൂസിലൻഡ് ഫുട്ബാൾ സന്നാഹ മത്സരം. കോൺകകാഫ് ഗോൾഡ് കപ്പിന് മുന്നോടിയായി ഓസ്ട്രിയയിലെ വിയന്നയിൽ നടന്ന മത്സരമാണ് ഇരു ടീമുകളിലെയും കളിക്കാരുടെ കൈയാങ്കളിയിൽ കലാശിച്ചത്.
മത്സരത്തിൽ 1-0ത്തിന് ന്യൂസിലൻഡ് ലീഡുറപ്പിച്ചു നിൽക്കെയായിരുന്നു ഖത്തർ താരം വംശീയാധിക്ഷേപം നടത്തിയെന്നാരോപിച്ച് എതിരാളികൾ മത്സരം ബഹിഷ്കരിച്ചത്. രണ്ടാം പകുതിയിൽ ഖത്തർ ടീം കളത്തിലെത്തിയെങ്കിലും ന്യൂസിലൻഡുകാർ കളിക്കാൻ തയാറായില്ല. കളിയുടെ 40ാം മിനിറ്റിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ഖത്തറിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് എടുക്കുന്നതിനുള്ള ഒരുക്കങ്ങൾക്കിടെ, നിലത്തുവീണ മുന്നേറ്റ താരം യൂസുഫ് അബ്ദുൽറസാഖും ന്യൂസിലൻഡിന്റെ ബോക്സലും തമ്മിൽ കൊമ്പുകോർത്തു.
പിന്നാലെ, കളിക്കാർ തമ്മിലെ വാക്കുതർക്കമായി ഇത് മാറി. ഉന്തും തള്ളും സീനിയർ താരങ്ങളും റഫറിയും ചേർന്ന് ഇടപെട്ട് പരിഹരിച്ച് കളി തുടർന്നെങ്കിലും ന്യൂസിലൻഡ് ക്യാപ്റ്റൻ ജോ ബെൽ പരാതിയുമായി റഫറിയെ സമീപിക്കുകയായിരുന്നു. അബ്ദുറസാഖിനെതിരെ നടപടി സ്വീകരിച്ചില്ലെന്നായിരുന്നു പരാതി. ഇടവേളക്ക് പിരിഞ്ഞ് കളിക്കാർ ഡ്രസ്സിങ് റൂമിലെത്തിയതിനു പിന്നാലെ, രണ്ടാം പകുതി ബഹിഷ്കരിക്കാനായി ന്യൂസിലൻഡ് താരങ്ങളുടെ തീരുമാനം. കളിയുടെ 17ാം മിനിറ്റിൽ മാർകോ സ്റ്റാമെനികിന്റെ ഗോളിലൂടെയായിരുന്നു ന്യൂസിലൻഡ് ലീഡ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.