പ്രസിഡന്‍റ്​ ഡോ. സമദ്, ജനറൽ സെക്രട്ടറി സലീം നാലകത്ത്​, ട്രഷറർ പി.എസ്.എം ഹുസൈന്‍

ദോഹ: ഖത്തറിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ കെ.എം.സി.സി സംസ്​ഥാന കമ്മിറ്റിക്ക്​ പുതുനേതൃത്വം. പ്രസിഡൻറായി ഡോ. അബ്ദു സമദിനെയും (കോഴിക്കോട്), ജനറല്‍സെക്രട്ടറിയായി സലീം നാലകത്തിനെയും (മലപ്പുറം), ട്രഷററായി പി.എസ്.എം ഹുസൈനെയും (തൃശൂര്‍) വോ​ട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം റിട്ടേണിംഗ് ഓഫീസറായി തെരഞ്ഞെടുപ്പ്​ നടപടികൾക്ക്​ മേൽനോട്ടം വഹിച്ചു.

ദീർഘകാലമായി ഖത്തർ കെ.എം.സി.സിയെ നയിക്കുന്ന എസ്​.എ​.എം ബഷീറിൻെറ ​േനതൃത്വത്തിലുള്ള പാനലിനെ പിന്തള്ളിയാണ്​ പുതു നേതൃത്വത്തെ തെരഞ്ഞെടുത്തത്​. മുതിർന്ന നേതാക്കളും പ്രവർത്തകരുമായി ചർച്ചചെയ്​ത്​ സമവായത്തിന്​ ശ്രമിക്കുമെന്ന്​ കഴിഞ്ഞ ദിവസം സംസ്​ഥാന ജനറൽ സെക്രട്ടറി പറഞ്ഞുവെങ്കിലും ​വെള്ളിയാഴ്​ച കൗൺസിൽ ചേർന്നപ്പോൾ വോ​ട്ടെടുപ്പിലേക്ക്​ നീങ്ങുകയായിരുന്നു.

വാശിയേറിയ തെരെഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥികളായി മത്സരിച്ച എസ്.എ.എം ബഷീര്‍ (കാസര്‍ക്കോട്), ബഷീര്‍ഖാന്‍ (കോഴിക്കോട്) അബ്ദുര്‍റഷീദ് (മലപ്പുറം) എന്നിവർ വലിയ മാർജിനിൽ പിന്തള്ളപ്പെട്ടു.

ഡോ.അബ്ദു സമദ് വോട്ട് 205 നേടിയാണ് മുതിർന്ന നേതാവ് എസ്.എ.എം ബഷീറിനെ തോൽപിച്ചത്. 107 വോട്ടേ ബഷീറിന് ലഭിച്ചുള്ളൂ. മൂന്ന്​ വോട്ട് അസാധു ആയി. ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സലീം നാലകത്ത് 210 വോട്ട് നേടി. എതിർ സ്​ഥാനാർഥി ബഷീര്‍ഖാന്​ 102 വോട്ട്. പി.എസ്.എം ഹുസൈന്‍ 195 വോട്ട് നേടിയപ്പോള്‍ അബ്ദുര്‍റഷീദിന്റെ വോട്ട് 115 ആയി.

കോഴിക്കോട്, കുറ്റ്യാടി വേളം സ്വദേശിയായ ഡോ.സമദ് വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. ഫാറൂഖ് കോളെജില്‍ യൂനിയന്‍ സെക്രട്ടറിയായും എം.എസ്.എഫ് ഫാറൂഖാദാബാദ് യൂണിറ്റ് പ്രസിഡൻറായും പ്രവര്‍ത്തിച്ചിരുന്നു. സൗദിയില്‍ 11 വര്‍ഷത്തോളം കെ.എം.സി.സി ഹജ്ജ് വളണ്ടിയറായി മെഡിക്കല്‍ സേവനം നടത്തി. നേരത്തെ ഖത്തര്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ടായിരുന്നു. പെരിന്തല്‍മണ്ണ, താഴെക്കോട് സ്വദേശിയായ സലീം നാലകത്ത് പ്രഭാഷകനും എഴുത്തുകാരനുമാണ്. തൃശൂര്‍, വാടാനപ്പള്ളി സ്വദേശിയാണ്​ പി.എസ്.എം ഹുസൈന്‍.

‘നവ നേതൃത്വം, പുതു യുഗം’ എന്ന സന്ദേശവുമായി പ്രകടന പത്രിക പുറത്തിറക്കിയാണ് ഡോ. അബ്ദു സമദും സംഘവും തെരെഞ്ഞെടുപ്പിനെ നേരിട്ടത്. ആധുനിക സംവിധാനത്തോടെ ആസ്ഥാന മന്ദിരം, ഇൻര്‍നാഷണല്‍ സ്‌കൂള്‍, അംഗങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന സ്‌നേഹ സുരക്ഷാ പദ്ധതി തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പാക്കുമെന്നാണ്​ വാഗ്​ദാനം.

‘പരിചയ സമ്പന്നതയും നേതൃത്വ ഗുണവും’ എന്നതായിരുന്നു ദീര്‍ഘകാലമായി സംഘടനയെ നയിക്കുന്ന നിലവിലെ പ്രസിഡൻറ്​ എസ്.എ.എം ബഷീറും സംഘവും സ്ഥാനത്തുടര്‍ച്ചക്കായി മുന്നോട്ട്​ വെച്ചത്​. ദോഹ ഗള്‍ഫ് പാരഡൈസ് ഹോട്ടലില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ 314 അംഗങ്ങള്‍ പങ്കെടുത്തു. എസ്.എ.എം ബഷീറിൻെറ അധ്യക്ഷതയിൽ അസീസ് നരിക്കുനി സ്വാഗതം പറഞ്ഞു. മുനീർ ഹുദവി പ്രാർത്ഥന നിർവ്വഹിച്ചു. റയീസ് വയനാട് റിപ്പോർട്ട്‌ അവതരിപ്പിച്ചു.

Tags:    
News Summary - New leadership for Qatar KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.