ഇന്ത്യൻ കൾചറൽ സെന്റർ പുതിയ ഭരണ സമിതി അംഗങ്ങൾ എംബസി കോൺസുലർ ഡോ. വൈഭവ് തണ്ഡലെക്കൊപ്പം
ദോഹ: ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കൾചറൽ സെന്റർ പുതിയ ഭരണ സമിതി സ്ഥാനമേറ്റു.
ഐ.സി.സി അശോക ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നൂറുകണക്കിന് ഇന്ത്യൻ പ്രവാസികളെ സാക്ഷിയാക്കിയാണ് എ.പി മണികണ്ഠൻ പ്രസിഡന്റായുള്ള 2025-26 കാലയളവിലെ പുതിയ ഭരണ സമിതി അധികാരമേറ്റത്. ഇന്ത്യൻ എംബസി കോൺസുലറും ഐ.സി.സി ചീഫ് കോഓഡിനേറ്ററുമായ ഡോ. വൈഭവ് തണ്ഡലെ മുഖ്യാതിഥിയായി പങ്കെടുത്തു. സ്ഥാനമൊഴിഞ്ഞ ഭരണസമിതിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം, പുതിയ ഭരണസമിതിക്കും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിയട്ടെയെന്ന് ആശംസിച്ചു.
തുടർന്ന് പുതിയ സമിതി അംഗങ്ങളെ അദ്ദേഹം സ്വീകരിച്ചു. കഴിഞ്ഞ രണ്ടു വർഷക്കാലയളവിലെ പിന്തുണക്ക് സ്ഥാനമൊഴിഞ്ഞ ജനറൽ സെക്രട്ടറി മോഹൻ കുമാർ പ്രവാസി കമ്യൂണിറ്റിക്കും എംബസിക്കും നന്ദി അറിയിച്ചു. തുടർന്ന് പുതിയ ഭരണസമിതി സ്ഥാനമേറ്റു.
കഴിഞ്ഞ പ്രസിഡന്റ് എ.പി മണികണ്ഠൻ തന്നെയാണ് പുതിയ സമിതിയുടെയും അധ്യക്ഷൻ. ജനുവരി 31ന് നടന്ന വോട്ടെടുപ്പിൽ മികച്ച ഭൂരിപക്ഷവുമായാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. പി.എൻ ബാബുരാജാണ് പുതിയ ഉപദേശക സമിതി അധ്യക്ഷൻ.
ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുൽറഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് നന്ദി പറഞ്ഞു. ശാന്താനു ദേശ്പാണ്ഡേ (വൈസ് പ്രസിഡന്റ്), എബ്രഹാം കെ. ജോസഫ് (ജനറൽ സെക്രട്ടറി), പ്രദീപ് പിള്ള, അഫ്സൽ അബ്ദുൽ മജീദ് (സെക്രട്ടറിമാർ), ബിശ്വജിത് ബാനർജി, നന്ദിനി അബ്ബഗൗനി, രാകേഷ് വാഗ്, രവിന്ദ്ര പ്രസാദ്, സന്ദീപ് ശ്രീറാം റെഡ്ഡി, അനു ശർമ, വെങ്കപ്പ ഭഗവതുല എന്നിവരാണ് വിവിധ സമിതി മേധാവികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.