ദോഹ: കേരളപ്പിറവി ദിനത്തിൽ നല്ല വായനയുടെ സന്ദേശവുമായി ഖത്തറിലെ ഗൾഫ് മാധ്യമം ‘നല്ല വായന’ പദ്ധതിക്ക് ഗംഭീര തുടക്കം. പദ്ധതിയുടെ കീഴിൽ ആദ്യമായി ഉംസലാൽ അലിയിലെ ക്യു ടെക് ലേബർ ക്യാമ്പിലാണ് പത്രം എത്തിയത്. കമ്പനി ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും മറ്റു പ്രമുഖരുടെയും സാന്നിധ്യത്തിൽ ഉദ്ഘാടന ചടങ്ങ് നടന്നു. വായനയിൽ താൽപര്യമുണ്ടായിട്ടും പല കാരണങ്ങളാൽ അതിന് കഴിയാത്ത താഴ്ന്ന വരുമാനക്കാർക്ക് പത്രം എത്തിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്.
വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് ക്യു ടെക് ലേബർ ക്യാമ്പിൽ നടന്ന ചടങ്ങിൽ ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി അധ്യക്ഷത വഹിച്ചു. മാധ്യമത്തിെൻറ തുടക്കം മുതൽതന്നെ സാഹൂഹിക പ്രതിബദ്ധത അതിെൻറ മുഖമുദ്രയാണെന്നും പല കാരണങ്ങളാൽ പത്രം വാങ്ങാൻ കഴിയാത്ത ആളുകളിലേക്കും പത്രം എത്തിക്കുകയും അതുവഴി നല്ല വായനശീലം നിലനിർത്തുകയും ചെയ്യുക എന്നതാണ് ഇത്തരം സംരംഭങ്ങളിലൂടെ ‘ഗൾഫ് മാധ്യമം’ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ സ്വദേശിയും സാമൂഹികപ്രവർത്തകനും തൃശൂർ ജില്ല വെൽഫെയർ ആൻഡ് സോഷ്യൽ സർവിസ് കോഓഡിനേറ്ററും കൾച്ചറൽ ഫോറം പ്രവർത്തകനുമായ ഷെറിനാണ് ക്യാമ്പിലേക്ക് പത്രം സ്പോൺസർ ചെയ്യുന്നത്. ഇൗ സദുദ്യമത്തിൽ പങ്കുചേരാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളപ്പിറവിദിനത്തിൽതന്നെ വായനയിലൂടെ അറിവ് നൽകാൻ ആരംഭിച്ച പദ്ധതിയുമായി ഇനിയും സഹകരിക്കുമെന്ന് ക്യു ടെക് ജനറൽ മാനേജർ മാത്യു വർഗീസ് പറഞ്ഞു. മാധ്യമലോകത്ത് പുത്തൻ വായനസംസ്കാരം കൊണ്ടുവന്ന മാധ്യമം എല്ലായ്പ്പോഴും അരികുവത്കരിക്കപ്പെട്ടവരുടെ കൂടെയാണെന്നത് തെളിയിക്കപ്പെട്ടതാണെന്ന് ക്യു ടെക് സപ്പോർട്ടിവ് ആൻഡ് വെൽഫെയർ അസി. മാനേജർ ഷഫീഖ് അറക്കൽ പറഞ്ഞു.
സർക്കുലേഷൻ ഇൻ ചാർജ് എം. ഷംസുദ്ദീൻ പദ്ധതി വിശദീകരിച്ചു. ക്യു ടെക് ക്യാേമ്പാസ് ബാബുരാജ്, മുഹമ്മദ് റാഫി പണിക്കരപ്പുറായ എന്നിവർ നേതൃത്വം നൽകി. ഗൾഫ് മാധ്യമം അഡ്മിൻ മാർക്കറ്റിങ് മാനേജർ ആർ.വി. റഫീക്ക് സ്വാഗതവും ന്യൂസ് ബ്യൂറോ ഇൻചാർജ് ഒ. മുസ്തഫ നന്ദിയും പറഞ്ഞു. പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് 77190070 എന്ന നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.