മുഹമ്മദ് റഫി അനുസ്മരണം കള്‍ചറല്‍ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് ഉദ്ഘാടനം ചെയ്യുന്നു

ഒഴുകിപ്പരന്ന് റഫിയുടെ മധുരിതഗാനങ്ങൾ; അനശ്വര ഗായകനെ അനുസ്മരിച്ച് സംഗീതാസ്വാദകർ

ദോഹ: ഓർമയായിട്ട് നാലുപതിറ്റാണ്ടിലേറെ കടന്നിട്ടും തലമുറകളിൽനിന്ന് തലമുറകളിലേക്ക് ഒഴുകിപ്പരക്കുന്ന മഹാഗായക‌ന്‍ മുഹമ്മദ് റഫിയുടെ ഓര്‍മകള്‍ പങ്കുവെച്ച് കള്‍ചറല്‍ ഫോറം സംഘടിപ്പിച്ച അനുസ്മരണ സായാഹ്നം. റഫി സാഹിബ് അനശ്വരമാക്കിയ മധുരിതഗാനങ്ങള്‍ കോര്‍ത്തിണക്കി, പാടിയ ഓരോ ഗാനത്തിലും തന്റെ മധുരശബ്ദത്താല്‍ ആത്മാവ് പകര്‍ന്നുനല്‍കിയ അതുല്യ പ്രതിഭക്ക് ദോഹയിലെ ഗായകര്‍ ഓര്‍മവിരുന്നൊരുക്കി. കള്‍ചറല്‍ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കാലത്തിന് ക്ഷതമേൽപിക്കാ‌ന്‍ കഴിയാത്ത സംഗീതപ്രതിഭയായിരുന്നു മുഹമ്മദ് റഫിയെന്നും പാടിപ്പെയ്ത് തോര്‍ന്ന ആ പെരുമഴ ഇപ്പോഴും ആസ്വാദക മനസ്സില്‍ അലൗകികമായ അനുരണനം സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സൈഫുദ്ദീന്‍ അബ്ദുല്‍ഖാദര്‍, ഷബീബ് അബ്ദുറസാഖ്, അബ്ദുല്‍ വാഹിദ്, നിസാര്‍ സഗീര്‍, കൃഷ്ണകുമാര്‍, ഷാഫി ചെമ്പോടന്‍, സിദ്ദീഖ് സിറാജുദ്ദീന്‍, ഹംന ആസാദ്, മെഹ്ദിയ മന്‍സൂര്‍, ഷഫാഹ് ബച്ചി, പി.എ.എം. ഷരീഫ്, ഫൈസല്‍ പുളിക്കണ്ടി, മുഹമ്മദലി വടകര, നിസാര്‍ സമീര്‍ തുടങ്ങിയവര്‍ റഫിയുടെ മധുരമുള്ള ഈണങ്ങള്‍ വേദിയിൽ അവതരിപ്പിച്ചു. കള്‍ചറല്‍ ഫോറം വൈസ് പ്രസിഡന്റുമാരായ ചന്ദ്രമോഹന്‍, മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി മജീദ് അലി, ട്രഷറര്‍ അബ്ദുല്‍ഗഫൂര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് റാഫി, റുബീന മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ ഗായകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു. കള്‍ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി അനീസ് റഹ്മാന്‍ മാള പരിപാടി നിയന്ത്രിച്ചു. അബ്ദുല്ലത്തീഫ്, അസീം, സിദ്ദീഖ് വേങ്ങര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - Music concert in memory of singer Muhammad Rafi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.