നാണയ ശേഖരവുമായി മുഖ്താർ
ദോഹ: വിവിധ രാജ്യങ്ങളിലെ നാണയങ്ങളുടെ അമൂല്യ ശേഖരണവുമായി പ്രവാസി മലയാളി. 140 രാജ്യങ്ങളിലെ വ്യത്യസ്തങ്ങളായ 1341 നാണയങ്ങളുടെ ശേഖരണവുമായാണ് തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് സ്വദേശി മുഖ്താർ തന്റെ ഇഷ്ട വിനോദം തുടരുന്നത്. നാണയ ശേഖരണം മുഖ്താറിന് കുട്ടിക്കാല ശീലമായിരുന്നു. പിതാവിന്റെ പലചരക്ക് കടയിൽ മേശ വലിപ്പിൽ ഓരോ ചെറിയ നാണയത്തിനും ഓരോ പാത്രങ്ങൾ ഉണ്ടായതായിരുന്നതായി ഓർത്തെടുക്കുന്ന മുഖ്താർ, പഠിക്കുന്ന കാലത്തുതന്നെ കിട്ടുന്ന നാണയങ്ങൾ സൂക്ഷിക്കുക എന്നത് വലിയ സന്തോഷമുള്ള അനുഭവമായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, പഴയ തറവാട് വീട് പുതുക്കിപ്പണിയുന്നതിനിടെ പഴയ നാണയ ശേഖരങ്ങൾ നഷ്ടപ്പെട്ടു. അതിനു ശേഷം 10 വർഷം മുമ്പാണ് നാണയ ശേഖരം ഗൗരവമായി എടുത്തതും സൂക്ഷിക്കാൻ തുടങ്ങിയതും.
വ്യത്യസ്ത വലുപ്പങ്ങളിലും രൂപങ്ങളിലും നിറങ്ങളിലും ലോഹങ്ങളിലുമുള്ള നാണയങ്ങൾ പഴയതും പുതിയതുമായ ലോകത്തിന്റെ വ്യത്യസ്ത സംസ്കാരങ്ങളെയും പൈതൃകത്തെയും ഓർത്തെടുക്കാൻ കഴിയുന്ന അമൂല്യ ശേഖരണങ്ങളാണ്. നാണയങ്ങൾ വെറും പണമല്ല, ഓരോ നാണയവും ഒരു രാജ്യത്തിന്റെ ചരിത്രം, സംസ്കാരം, കാലം എന്നിവയൊക്കെ സൂചിപ്പിക്കുന്നതാണെന്ന് മുക്താർ പറഞ്ഞു. ശേഖരത്തിലെ ഏറ്റവും പഴയ നാണയം ഏകദേശം 224 വർഷം പഴക്കമുള്ള, ഹിജ്റ വർഷം 1223ലെ ഓട്ടോമൻ സാമ്രാജ്യത്തിലെ ഒരു ചക്രവർത്തിയുടെ കാലഘട്ടത്തിൽപ്പെടുന്നതാണ്. ശേഖരത്തിലെ വിവിധ നാണയങ്ങൾ കുറെയധികം ചരിത്രസംഭവങ്ങൾക്കും, രാഷ്ട്രീയ മാറ്റങ്ങൾക്കും സാക്ഷികളായി നിൽക്കുന്നവയുണ്ട്. കോപ്പർ, ബ്രോൺസ്, സിൽവർ, അലൂമിനിയം, സ്റ്റീൽ എന്നീ വ്യത്യസ്ത ലോഹങ്ങളിലാണ് വിവിധ രാജ്യങ്ങളുടെ നാണയങ്ങൾ.
മൊത്തം പത്തര കിലോഗ്രാം തൂക്കമുള്ള ശേഖരം ശാസ്ത്രീയമായി വ്യത്യസ്ത കാറ്റഗറികളിയായി സൂക്ഷിക്കണം എന്നാണാഗ്രഹം. അതിന് കൂടുതൽ സമയം ആവശ്യമാണ്, പല നാണയങ്ങളും ഉപയോഗിച്ചിരുന്ന രാജ്യങ്ങൾ മനസ്സിലാക്കാൻതന്നെ പ്രയാസമാണ്, എ.ഐ ടൂളുകളുടെ സഹായത്താലാണ് പല രാജ്യങ്ങളെയും തിരിച്ചറിയുന്നത്. ശേഖരണത്തിൽ പല ലിമിറ്റഡ് എഡിഷൻ നാണയങ്ങളുമുണ്ട്. ഖത്തറിലെ അഞ്ച്, പത്ത് ദിർഹമും ശേഖരണത്തിലുണ്ട്. ലോകത്തിലെ മുഴുവൻ രാജ്യങ്ങളിലെയും നാണയങ്ങൾ ശേഖരിക്കണം -മുക്താർ ആഗ്രഹം വ്യക്തമാക്കി.
കഴിഞ്ഞ 28 വർഷമായി ഖത്തറിൽ താമസിക്കുന്ന മുഖ്താർ ഖത്തർ എയർവേസ് ഉദ്യോഗസ്ഥനാണ്. ഖത്തർ എനർജി ഉദ്യോഗസ്ഥയും പെയിന്റിങ് കലാകാരി കൂടിയായ ഷൈനി മുക്താർ ആണ് ഭാര്യ. കാൻവാസിൽ അക്രലിക് പെയിന്റിങ് കൊണ്ട് വരച്ച നിരവധി മനോഹരമായ പെയിന്റിങ്ങുകൾ കൊണ്ടും, ഇസ്ലാമിക് കാലിഗ്രഫികൊണ്ടും സമ്പന്നമാണ് സ്വീകരണമുറി. ഫവാസ്, ഫിദ, ഫായിസ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.