ദോഹ: രാജ്യത്തിന് മേൽ അയൽ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം എല്ലാ നിലക്കും രാജ്യത്തെ ശക്തിപ്പെടുത്തിയതായി സ്പെയിനിലെ ഖത്തർ അംബാസഡർ മുഹമ്മദ് ജഹാം അൽകുവാരി. ഉപരോധ രാജ്യങ്ങൾ സ്വാതന്ത്ര്യമോ തുറസ്സായ സമീപനമോ ആഗ്രഹിക്കുന്നില്ല. എന്നും പൗര സ്വാതന്ത്ര്യത്തിന് മുന്തിയ പ്രാധാന്യമാണ് ഖത്തർ നൽകുന്നത്. ഇത് യഥാർത്ഥത്തിൽ ഈ രാജ്യങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്പെയിനിലെ സെവില്ലയിൽ നടക്കുന്ന അറബ്–സ്പെയിൻ പുസ്തകോത്സവം ഉദ്ഘാടനത്തോടനുബന്ധിച്ച് എ.ബി.സി പത്രം നടത്തിയ അഭിമുഖത്തിലാണ് മുഹമ്മദ് അൽകുവാരി ഇക്കാര്യം പറഞ്ഞത്.
ഉപരോധ രാജ്യങ്ങളാണ് യഥാർത്ഥത്തിൽ ഭീകരതയെ േപ്രാത്സാഹിപ്പിക്കുന്നതും സാമ്പത്തിക സഹായം നൽകുന്നതും. ഉപരോധത്തിന് മുമ്പുള്ള അവസ്ഥയിൽ നിന്ന് ഖത്തർ ഇന്ന് ഏറെ മുന്നോട്ടുപോയിരിക്കുന്നു. പല മേഖലകളിലും സ്വയം പര്യാപ്തത കൈവരിക്കാൻ ഉപരോധം സഹായിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഉപരോധ രാജ്യങ്ങൾ മാനുഷിക പരിഗണന പോലും നൽകാതെയാണ് തങ്ങളുടെ രാജ്യങ്ങളിൽ നിന്ന് ഖത്തരീ പൗരൻമാരെ പുറത്താക്കിയത്. ആശുപത്രികളിൽ നിന്ന് രോഗികളെ നിർബന്ധമായി ഇറക്കി വിടുക വരെ ചെയ്തു. ഉപരോധ രാജ്യങ്ങളുമായി ഖത്തറിന് കുടുംബ ബന്ധമുണ്ട്. വിവാഹ ബന്ധം അടക്കമുള്ളവക്ക് പരിഗണന നൽകാതെ പല തരത്തിൽ പ്രയാസപ്പെടുത്തി. രാജ്യത്തിെൻറ മേൽ അടിസ്ഥാന രഹിതങ്ങളായ ആരോപണങ്ങളാണ് പ്രചരിപ്പിക്കുന്നത്. അയൽ രാജ്യങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനാണ് ഖത്തർ എന്നും ആഗ്രഹിക്കുന്നത്. എന്നാൽ ഈ രാജ്യങ്ങൾ അത്തരത്തിലുള്ള സമീപനമല്ല തങ്ങളോട് കാണിക്കുന്നത്. ഖത്തർ ലോക രാജ്യങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് പോലും ഈ രാജ്യങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ല. ഖത്തറിൽ ലോകക്കപ്പ് നടക്കരുതെന്ന് ഈ രാജ്യങ്ങൾ ആഗ്രഹിക്കുന്നു. ഈ രാജ്യങ്ങൾ ഇന്ധനം കൊണ്ട് സമ്പന്നമാണ്.
എന്നാൽ അവിടെ പല പ്രദേശങ്ങളിലും വെള്ളവും വെളിച്ചവും വരെ ഇല്ലെന്നത് വസ്തുതയാണ്. പല തരത്തിലുള്ള പ്രതിസന്ധികളാണ് ഈ രാജ്യങ്ങളിലുള്ളതെന്ന് ഖത്തർ അംബാസഡർ വ്യക്തമാക്കി. എന്നാൽ ഖത്തറിലെ യുവാക്കൾ വിദ്യാഭ്യാസമുളളവരും സ്വതന്ത്രമായി സ്വപ്നം കാണാനും അവ നടപ്പിലാക്കാനും സ്വാതന്ത്ര്യമുള്ളവരുമാണ്. എല്ലാവരും മികച്ച തൊഴിൽ ഉള്ളവരാണ്. അത് കൊണ്ട് തന്നെ ഖത്തറിൽ നിന്ന് ഒരാളും ഭീകരവാദ പ്രവർത്തനങ്ങൾക്ക് പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അൽജസീറ ചാനൽ അടച്ചുപൂട്ടണമെന്ന് ഉപരോധ രാജ്യങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ അത് ഒരിക്കലും നടക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.