ദോഹ: ഖത്തർ ഫ്രൈറ്റ് മാസ്റ്റർ പ്ലാൻ (ക്യു.എഫ്.എം.പി) പദ്ധതിയുടെ ഭാഗമായുള്ള ഫീൽഡ് സർവേയിൽ പങ്കെടുക്കുന്നതിന് നിർമാണ, ലോജിസ്റ്റിക് കമ്പനികൾ, ഹെവി-ലൈറ്റ് കാർഗോ കമ്പനികൾ, ചരക്ക് സേവന കമ്പനികൾ എന്നിവയുടെ ജീവനക്കാരെയും തൊഴിലുടമകളെയും ക്ഷണിച്ച് ഗതാഗത മന്ത്രാലയം. ഖത്തർ ഫ്രൈറ്റ് മാസ്റ്റർ പ്ലാൻ പദ്ധതിക്ക് കീഴിൽ ലാൻഡ് ഫ്രൈറ്റ് പ്രവർത്തനങ്ങൾ സംബന്ധിച്ച് പഠിക്കാൻ ഫീൽഡ് സർവേ സംഘടിപ്പിക്കുന്നതായി ഗതാഗത മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് ഈ വർഷം സെപ്റ്റംബർ വരെ സർവേ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
സർവേയുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങൾ സ്വകാര്യതയോടും രഹസ്യമായും കൈകാര്യം ചെയ്യുമെന്നും ശേഖരിച്ച വിവരങ്ങൾ പദ്ധതിയുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് മാത്രമേ ഉപയോഗിക്കൂവെന്നും വിവരങ്ങളൊന്നും മൂന്നാം കക്ഷിയുമായി ഒരു രീതിയിലും വെളിപ്പെടുത്തുകയോ പങ്കിടുകയോ ചെയ്യുകയില്ലെന്നും മന്ത്രാലയം വിശദീകരിച്ചു. ഖത്തർ ഫ്രൈറ്റ് മാസ്റ്റർ പ്ലാൻ പരിഗണനാ വിഷയമാണെന്നും ഈവർഷം അവസാനത്തോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.
മാസ്റ്റർ പ്ലാൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായി ഫീൽഡ് സർവേകളും ചോദ്യാവലികളും മന്ത്രാലയം സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചരക്കുനീക്കവുമായി ബന്ധപ്പെട്ട് വ്യാപകമായ വിവരശേഖരണം, ചരക്കുനീക്കങ്ങളുടെ റൂട്ടുകളും ലക്ഷ്യസ്ഥാനങ്ങളും പ്രധാന ജങ്ഷനുകളിലെ ട്രക്കുകളുടെ നിരക്ക്, ചരക്കുവിപണിയുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങൾ തുടങ്ങിയവയെല്ലാം സർവേയിലൂടെ ശേഖരിക്കും.
ഫീൽഡ് സർവേകളിലൂടെ ക്യു.എഫ്.എം.പി വികസിപ്പിക്കുന്നതിനുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇതിനായി കാമറകൾ ഉപയോഗിച്ച് റോഡുകളിലെയും ജങ്ഷനുകളിലെയും ട്രാഫിക് കണക്കുകൾ, നിലവിലുള്ള റോഡുകളിലെ യാത്രാ ദൈർഘ്യം നിർണയിക്കുക, എല്ലാതരം ട്രക്കുകളുമുൾപ്പെടെയുള്ള വാഹനങ്ങൾ തരംതിരിക്കുക, നിർമാണ, ലോജിസ്റ്റിക് കമ്പനികൾ, ഹെവി-ലൈറ്റ് കാർഗോ കമ്പനികൾ, ചരക്കുസേവന കമ്പനികൾ എന്നിവയുടെ ജീവനക്കാരെയും തൊഴിലുടമകളെയും ഉൾപ്പെടുത്തിയുള്ള ചോദ്യാവലികൾ എന്നീ വിവരശേഖരണ മാർഗങ്ങൾ ഉപയോഗപ്പെടുത്തും.
ഖത്തറിലെ ഫ്രൈറ്റ് മൂവ്മെൻറുമായി ബന്ധപ്പെട്ട് സമഗ്ര ഗതാഗത സംവിധാനം തയാറാക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം ഫ്രൈറ്റ് വിപണിക്കാവശ്യമായ ആധുനിക അടിസ്ഥാന സൗകര്യമൊരുക്കുകയാണ് ക്യു.എഫ്.എം.പിയുടെ ലക്ഷ്യം. നേരത്തേ ട്രാൻസ്പോർട്ടേഷൻ മാസ്റ്റർ പ്ലാൻ ഖത്തർ 2050ന് ഗതാഗത മന്ത്രലായം തുടക്കം കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.