ദോഹ: പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതും ചെറുപ്രാണികളുടെ വ്യാപനം തടയുന്നതും ലക്ഷ്യമിട്ട് മുനിസിപ്പാലിറ്റികളിൽ കാമ്പയിനുകൾ തുടരുന്നു. സുരക്ഷിതവും വൃത്തിയുള്ളതും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഈ വർഷം ആഗസ്റ്റ് 15-28നും ഇടയിൽ ചെറുപ്രാണികളെയും കീടങ്ങളെയും നിയന്ത്രിക്കുന്നതിനായി രാജ്യത്തുടനീളം 4022 സേവന അപേക്ഷകളാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് ലഭിച്ചത്. അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽനിന്നാണ് (1122) ഏറ്റവും കൂടുതൽ അഭ്യർഥനകൾ ലഭിച്ചത്. ദോഹ മുനിസിപ്പാലിറ്റി (869), അൽ ദായിൻ മുനിസിപ്പാലിറ്റി (735), അൽ വക്റ മുനിസിപ്പാലിറ്റി (404), ഉമ്മു സലാൽ മുനിസിപ്പാലിറ്റി (564), അൽ ഖോർ, അൽ ദഖീറ മുനിസിപ്പാലിറ്റി (166), അൽ ശമാൽ മുനിസിപ്പാലിറ്റി (85), അൽ ശീഹാനിയ മുനിസിപ്പാലിറ്റി (77) എന്നിങ്ങനെയാണ് മറ്റു മുനിസിപ്പാലിറ്റികളിലെ കണക്കുകൾ.
ചെറുപ്രാണികളെയും കീടങ്ങളെയും നിയന്ത്രിക്കുന്നതിനായി എല്ലാ മുനിസിപ്പാലിറ്റികളിലും മന്ത്രാലയം തുടർച്ചയായ സ്പ്രേ കാമ്പയിനുകൾ നടപ്പാക്കുന്നുണ്ടെന്ന് അറിയിച്ചു. കൂടാതെ, പൊതുജനങ്ങൾക്കായി ബോധവത്കരണങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ചെറുപ്രാണി, കൊതുകുകളെയും എലികളെയും നിയന്ത്രിക്കുന്നതിനുള്ള സേവനം ഊൻ ആപ്ലിക്കേഷൻ വഴി ലഭ്യമാണെന്ന് പൊതുജനങ്ങളെ അറിയിക്കുകയും, കൂടുതൽ ആളുകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യാനും ലക്ഷ്യമിടുന്നു. ജീവിതനിലവാരം ഉയർത്തുന്നതിനും ഖത്തർ നാഷനൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.