നിത ദിനത്തിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽനിന്ന്
ദോഹ: വനിത ശാക്തീകരണമെന്ന ലക്ഷ്യം മുൻനിർത്തിയും തൊഴിൽ വിപണിയിൽ വനിതകളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമായി 'വിമൻസ് വർക് ഗ്രൂപ്' എന്ന പേരിൽ പുതിയ സംരംഭവുമായി ഖത്തർ തൊഴിൽ മന്ത്രാലയം. പരിചയ സമ്പത്തും വിവരങ്ങളും ഗവേഷണങ്ങളും പരസ്പരം കൈമാറുന്നതിനായി രാജ്യത്തെ മന്ത്രാലയങ്ങളും സ്വകാര്യ മേഖലയും അക്കാദമിക് സ്ഥാപനങ്ങളും ഉൾപ്പെടുന്ന സംയുക്ത സഹകരണ സംവിധാനമാണ് 'വിമൻസ് വർക് ഗ്രൂപ്'.
അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കുടുംബ, സാമൂഹിക വികസന മന്ത്രാലയം, എൻ.എച്ച്.ആർ.സി, അന്താരാഷ്ട്ര തൊഴിൽ സംഘടന എന്നിവയുമായി സഹകരിച്ച് തൊഴിൽ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിലാണ് വർക് ഗ്രൂപ് പ്രഖ്യാപിച്ചത്.
സ്വകാര്യമേഖലയിലും പൊതുമേഖലയിലും നേതൃനിരയിലേക്ക് ലിംഗഭേദമില്ലാതെ പൗരന്മാരെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് ലേബർ അഫയേഴ്സ് അസി.അണ്ടർ സെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഒബൈദലി പറഞ്ഞു.
തങ്ങളാർജിച്ചെടുത്ത ഉന്നത വിദ്യാഭ്യാസത്തിലൂടെ സ്വകാര്യ മേഖലയിൽ കൂടി തൊഴിൽ തേടുന്നതിന് രാജ്യത്തെ വനിതകളെ പ്രാപ്തരാക്കുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ ഉന്നത പദവികളിൽ സ്ത്രീകൾ തങ്ങളുടെ സാന്നിധ്യം അറിയിച്ചത് ശ്രദ്ധേയമാണെന്നും മന്ത്രാലയങ്ങളിൽ പല ഉന്നത സ്ഥാനങ്ങളിലും വനിതകളുടെ പങ്കാളിത്തം വർധിച്ചിട്ടുണ്ടെന്നും അൽ ഒബൈദലി കൂട്ടിച്ചേർത്തു.
ശൂറാ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ ഡോ. ഹംദ അൽ സുലൈതി, ദേശീയ മനുഷ്യാവകാശ സമിതി അധ്യക്ഷ മർയം ബിൻത് അബ്ദുല്ല അൽ അതിയ്യ, ഖത്തർ ഫിനാൻഷ്യൽ സെൻറർ സി.ഇ.ഒ യൂസുഫ് മുഹമ്മദ് അൽ ജൈദ, അന്താരാഷ്ട്ര തൊഴിൽ സംഘടന പ്രോജക്ട് ഓഫിസ് തലവൻ മാക്സ് ട്യൂനോൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.