ദോഹ: നെസ്ലെ ബ്രാൻഡിന് കീഴിലുള്ള പ്രത്യേക ബാച്ചുകളിൽപ്പെട്ട ഇൻഫന്റ് മിൽക്ക് ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി പൊതുജനാരോഗ്യ മന്ത്രാലയം. ബസിലസ് കേറിയസ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് പ്രാദേശിക വിപണിയിൽ നിന്ന് ഉൽപന്നങ്ങൾ തിരിച്ചുവിളിച്ചത്. കഴിഞ്ഞദിവസമാണ് മന്ത്രാലയം ഇതുസംബന്ധിച്ച ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായാണ് ഈ മുൻകരുതൽ നടപടി.
പൊതുജനാരോഗ്യ മന്ത്രാലയം തിരിച്ചുവിളിച്ച ഉൽപന്നങ്ങൾ
ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന ചില വിഷാംശങ്ങൾ കണ്ടെത്തിയത്തിനെ തുടർന്ന് ചില ഉൽപന്നങ്ങൾ നെസ്ലെ തിരിച്ചുവിളിച്ചിരുന്നു. ഈ ഉൽന്നപങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമല്ലെങ്കിലും ഇവ മുമ്പേ വാങ്ങിയ ഉപഭോക്താക്കൾക്ക് വേണ്ടിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പിൻവലിച്ച ഉൽപന്നങ്ങളുടെ പേരും ബാച്ച് നമ്പറുകളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഉൽപന്നം ഉപയോഗിക്കുന്നതിന് മുമ്പ് ഇവ കൃത്യമായി പരിശോധിക്കുക.
മന്ത്രാലയം പട്ടികപ്പെടുത്തിയ ബാച്ചുകളിൽപെട്ട ഉൽപന്നങ്ങൾ കൈവശമുള്ളവർ വാങ്ങിയ വിൽപന കേന്ദ്രങ്ങളിൽ തിരികെ നൽകുകയോ സുരക്ഷിതമായി നശിപ്പിക്കുകയോ ചെയ്യണമെന്നും മന്ത്രാലയം ഓർമപ്പെടുത്തി. ഉപയോഗിക്കുന്നതിന് മുമ്പ് ഉൽപന്നത്തിന്റെ പേരും ബാച്ച് വിവരങ്ങളും ശ്രദ്ധാപൂർവം പരിശോധിക്കാൻ ഉപഭോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു. സംശയിക്കുന്ന ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് എത്രയുംവേഗം നീക്കം ചെയ്യുന്നതിനായി വിൽപന കേന്ദ്രങ്ങളുമായി ചേർന്ന് മന്ത്രാലയത്തിലെ ഫുഡ് സേഫ്റ്റി വിഭാഗം നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ലാബ് പരിശോധനകൾ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഈ ഉൽപന്നങ്ങൾ ഉപയോഗിച്ചത് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് രക്ഷിതാക്കൾ അതിജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലൂടെ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.