ദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധോദ്ദേശ്യ മൊബൈൽ ആപ്ലിക്കേഷനായ മെട്രാഷ് രണ്ടിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പരിഷ്കാരം. തൊഴിലുടമ മാറ്റം, വിസ എക്സ്റ്റൻഷൻ ഉൾപ്പെടെ ആറു പുതിയ സേവനങ്ങളാണ് ആരംഭിച്ചത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ സേവനങ്ങൾ സാങ്കേതികവത്കരിക്കുന്നതിന്റെയും ലളിതവത്കരിക്കുന്നതിന്റെയും ഭാഗമായാണ് നീക്കം. മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുതിയ സേവനങ്ങൾ സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.
ബിസിനസ് വിസ, ഒഫിഷ്യൽ വിസ, ടൂറിസ്റ്റ് വിസ എന്നിവക്കുള്ള എക്സപ്ഷനൽ എക്സ്റ്റൻഷൻ മെട്രാഷ് വഴി പൂർത്തിയാക്കാൻ കഴിയും. മന്ത്രാലയം അനുവദിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് മൂന്ന് വിഭാഗങ്ങളിലെ വിസ കാലാവധി നീട്ടാൻ ഇതുവഴി കഴിയും. അപേക്ഷകൻ ആവശ്യമായ രേഖകൾ സഹിതം ആവശ്യം വിശദീകരിച്ചാണ് എക്സ്റ്റൻഷനായി അപേക്ഷിക്കേണ്ടത്. തുടർന്ന് അപേക്ഷ, ഇലക്ട്രോണിക് ആയി പരിശോധിച്ച് തുടർനടപടി സ്വീകരിക്കും.
വിസ ഉടമക്ക് തൊഴിലുടമയെ മാറ്റാനുള്ള സേവനം മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴി സാധിക്കുന്നു. രാജ്യത്തിനകത്തുള്ള പ്രവാസിക്ക് നിലവിലെ തൊഴിലുടമ എൻ.ഒ.സി നൽകുകയാണെങ്കിൽ തൊഴിൽ വിസയിൽനിന്ന് മറ്റൊരു തൊഴിലുടമക്ക് കീഴിലേക്ക് മാറുന്നതിന് അപേക്ഷ നൽകാവുന്നതാണ്.
മെട്രാഷ് ആപ്ലിക്കേഷനിലെ റെസിഡൻസി സർവിസ് വിൻഡോ വഴി ഫാമിലി സ്പോൺസർ മാറ്റം നടത്താം. കുടുംബ സ്പോൺസർഷിപ്പിലുള്ള പ്രവാസിക്ക് മറ്റൊരു ഫാമിലി സ്പോൺസർഷിപ്പിലേക്ക് ഇതുവഴി മാറാൻ കഴിയും. അതിന്, പുതിയ സ്പോൺസറുടെ അപേക്ഷയും അനുബന്ധ രേഖകളും നൽകണം. റിവ്യൂ കമ്മിറ്റി ഇലക്ട്രോണിക് നടപടികളിലൂടെ അപേക്ഷ പരിശോധിച്ച് തുടർനടപടി സ്വീകരിക്കും.
കുടുംബ സന്ദർശക വിസയിൽ ഖത്തറിലെത്തിയശേഷം കുഞ്ഞിന് ജന്മം നൽകുന്ന അമ്മമാർക്ക് ഈ സേവനം മെട്രാഷ് വഴി ഉപയോഗപ്പെടുത്താം.
അമ്മയുടെ അതേ ഫാമിലി വിസിറ്റ് വിസ കുഞ്ഞിന് ലഭിക്കുന്നതിനായി ഇതുവഴി അപേക്ഷിക്കാം. രാജ്യത്തെ വ്യവസ്ഥകൾ പാലിക്കുന്നതിന് അനുസരിച്ചായിരിക്കും ഇത്.
മെട്രാഷിലെ ഈ സേവനം വഴി രാജ്യത്തെ സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷന് (കമ്പ്യൂട്ടർ കാർഡ്) അപേക്ഷിക്കാം. മെട്രാഷിലെ ജനറൽ സർവിസ് വിൻഡോ വഴി വാണിജ്യ സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷന് പൂര്‍ത്തിയാക്കുന്നതിനുള്ള അനുവാദം നൽകുന്നു.
മെട്രാഷിലെ റെസിഡൻസി സർവിസ് വിൻഡോ വഴിയാണ് തൊഴിലുടമ മാറ്റത്തിനുള്ള അവസരം. വ്യക്തിഗത തൊഴിൽ ദാതാവിനും ഫാം, മത്സ്യബന്ധന ബോട്ടുകളുടെ ഉടമകൾക്കും തൊഴിലുടമയെ മാറ്റുന്നതിന് ഇതുവഴി കഴിയും.
ഈ സേവനം വ്യക്തിഗത തൊഴിലുടമകള്‍ക്കും ഫാമുകളുടെയും മത്സ്യബന്ധന ബോട്ടുകളുടെയും ഉടമകള്‍ പോലെയുള്ള അതേ പദവിയിലുള്ളവര്‍ക്കും വേണ്ടിയുള്ളതാണ്. പുതിയ തൊഴിൽ ഉടമ മാറ്റത്തിനുള്ള അപേക്ഷ സമർപ്പിക്കുകയും ആവശ്യമായ രേഖകകൾ സമർപ്പിക്കുകയും വേണം.
റിവ്യൂ കമ്മിറ്റി ഇലക്ട്രോണിക് പരിശോധന വഴി തീരുമാനമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.