ലോകകപ്പ് വേളയിൽ ദോഹ മെട്രോ സ്റ്റേഷനിലെ തിരക്ക്
ദോഹ: ലോകകപ്പ് പെയ്തൊഴിഞ്ഞ ശേഷവും നിറഞ്ഞോടുകയാണ് മെട്രോ. വിശ്വ ഫുട്ബാൾ മാമാങ്കം ഖത്തറിന്റെ മണ്ണിൽ ആവേശമുയർത്തിയ നാളുകളിൽ 1.74 കോടി ആളുകളാണ് മെട്രോയിൽ സഞ്ചരിച്ചത്. ലോകകപ്പിനുശേഷം പ്രതിദിന യാത്രക്കാരുടെ എണ്ണം ലോകകപ്പിനു മുമ്പത്തേക്കാൾ വർധിച്ചിട്ടുണ്ടെന്ന് ശനിയാഴ്ച മെട്രോ ട്രെയിനുകളിലെ യാത്രക്കാരുടെ ബാഹുല്യം സാക്ഷ്യപ്പെടുത്തുന്നു. ലോകകപ്പ് സമയത്തെ യാത്രാനുഭവങ്ങൾ മെട്രോക്ക് ഏറെ സ്വീകാര്യത നേടിക്കൊടുത്തിട്ടുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്.
ഹയ്യ കാർഡുള്ളവർക്ക് നവംബർ പത്തുമുതൽ മെട്രോകളിൽ പൂർണമായും സൗജന്യയാത്ര അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇത് ഖത്തറിൽ ലോകകപ്പ് സമയത്ത് ഫുട്ബാൾ ആരാധകരുടെ സുഗമമായ സഞ്ചാരത്തിന് വഴിയൊരുക്കി. കാണികളിൽ ബഹുഭൂരിഭാഗവും സ്റ്റേഡിയങ്ങളിലേക്കും തിരിച്ചുമുള്ള അവരുടെ യാത്രക്ക് മെട്രോയെ ആശ്രയിച്ചതോടെ ഗതാഗത തടസ്സങ്ങളൊന്നുമില്ലാതെ ലോകകപ്പ് കാലം വിജയകരമായി കടന്നുപോയി.
മെട്രോ സജീവമായതിന്റെ ഫലമായി കാർയാത്ര തുലോം കുറഞ്ഞു. 1,19,000 ആയിരുന്നു ശരാശരി കാർ യാത്രക്കാർ. ഇതുവഴി 8500 ടൺ കാർബൺ ബഹിർഗമനം കുറക്കാനും കഴിഞ്ഞു. ഡിസംബർ 18ലെ ഫൈനലിനുശേഷവും അഞ്ചു ദിവസത്തേക്ക് ലോകകപ്പ് കാലത്ത് ഹയ്യ കാർഡ് വഴി പ്രഖ്യാപിച്ച സൗജന്യ യാത്ര അധികൃതർ ഉറപ്പുവരുത്തി. 23ന് സൗജന്യ യാത്ര അവസാനിച്ചശേഷം മെട്രോയിൽ സഞ്ചരിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവ് വന്നേക്കുമെന്ന കണക്കുകൂട്ടലുകൾ തെറ്റിച്ച് ശനിയാഴ്ച മിക്ക സർവിസുകൾക്കും ആളേറെയുണ്ടായിരുന്നു.
പുതിയ മെട്രോ കാർഡെടുക്കാനും പഴയ കാർഡ് റീചാർജ് ചെയ്യാനുമൊക്കെ ആളുകൾ തിരക്കുകൂട്ടി. ലോകകപ്പ് വേളയിലെ യാത്രയോടെ തിരക്കുകളിൽനിന്നകന്നും സുരക്ഷിതമായും വേഗത്തിലും യാത്ര ചെയ്യുന്നതിനുള്ള മികച്ച ഉപാധിയായി മെട്രോ യാത്രയെ കാണുന്നുവെന്നും അതുകൊണ്ടാണ് മെട്രോ കാർഡെടുത്ത് ഈ സംവിധാനത്തെ സ്ഥിരമായി ആശ്രയിക്കാൻ തീരുമാനിച്ചതെന്നും മെട്രോയിൽ യാത്ര തുടരാൻ നിശ്ചയിച്ച ചില മലയാളി യാത്രക്കാർ പറഞ്ഞു. ടാക്സികളേക്കാർ ഏറെ നിരക്കു കുറവാണെന്നതും മെട്രോയിലേക്ക് ആളുകളെ കൂടുതൽ അടുപ്പിക്കുന്നതിന് വഴിയൊരുക്കുന്നു.
മെട്രോയിലെ 37 സ്റ്റേഷനുകൾ ലോകകപ്പ് കാലത്ത് സ്റ്റേഡിയങ്ങൾ, ഫാൻ സോൺ, മറ്റ് ആഘോഷ വേദികൾ എന്നിവയെ ബന്ധിപ്പിച്ച് നിരന്തരം സർവിസ് നടത്തിയത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ കാണികൾക്ക് ഏറെ അനുഗ്രഹമായിരുന്നു. ലോകകപ്പ് വേളയിൽ 110 ട്രെയിനുകളാണ് സർവിസ് നടത്തിയത്. ലോകകപ്പ് വേളയിലെ ആകെ ട്രെയിൻ ട്രിപ്പുകളുടെ എണ്ണം 79,216 ആയിരുന്നു.
ആകെ ഓടിയത് 15 ലക്ഷം കിലോമീറ്റർ ദൂരം. വിവിധ ലൈനുകളിൽ തുടർച്ചയായി 21 മണിക്കൂറോളം യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാനായി ട്രെയിനുകൾ സർവിസ് നടത്തി. 2.75 മിനിറ്റ് ഇടവേളയിൽ സർവിസ് ഓരോ സ്റ്റേഷനിലും മെട്രോ എത്തി. രാവിലെ ആറു മണിമുതൽ പുലർച്ച മൂന്നുമണിവരെയായിരുന്നു ലോകകപ്പ് കാലത്ത് സർവിസ്. എന്നാൽ, ലുസൈലിൽ അർജൻറീന-നെതർലൻഡ്സ് ക്വാർട്ടർ ഫൈനൽ മത്സരം എക്സ്ട്രാ ടൈമും കഴിഞ്ഞ് ഷൂട്ടൗട്ടിലേക്ക് നീണ്ടതോടെ 24 മണിക്കൂറും സർവിസ് നടത്തിയ അനുഭവങ്ങളുമുണ്ടായി.
പ്രതിദിനം ശരാശരി ആറുലക്ഷം യാത്രക്കാരാണ് ലോകകപ്പ് സമയത്ത് മെട്രോയെ ആശ്രയിച്ചത്. ബ്രസീൽ -സെർബിയ, പോർചുഗൽ-ഘാന, ഉറുഗ്വായ് -ദ.കൊറിയ, സ്വിറ്റ്സർലൻഡ്-കാമറൂൺ മത്സരങ്ങൾ നടന്ന നവംബർ 24ന് 8.25 ലക്ഷം പേരാണ് മെട്രോ വഴി സഞ്ചരിച്ചത്. ഇത് യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോഡായി മാറി. നവംബർ 20 മുതൽ ഡിസംബർ രണ്ടുവരെ നടന്ന ഗ്രൂപ് റൗണ്ട് മത്സരങ്ങൾക്ക് മെട്രോ വഴി 88 ലക്ഷം പേരാണ് മൊത്തം യാത്ര ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.